മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രം ഭീഷ്‌മപര്‍വത്തിലെ ഡയലോഗുകളും ബിജിഎമ്മുമെല്ലാം അടുത്തിടെ വലിയ തരംഗമായിരുന്നു. വാട്‌സാപ്പ് സ്‌റ്റാറ്റസുകളും ഇന്‍സ്‌റ്റഗ്രാം റീല്‍സുകളുമെല്ലാം മമ്മൂട്ടി ചിത്രത്തിലെ സംഭാഷണങ്ങളും പശ്ചാത്തല സംഗീതവും കൊണ്ട് നിറഞ്ഞു.
ഭീഷ്‌മപര്‍വത്തില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന 'ചാമ്പിക്കോ' എന്ന ഡയലോഗ് മലയാളികള്‍ ഏറ്റെടുത്തു. സ്‌കൂളുകളിലും, കോളജുകളിലും, ഓഫീസുകളിലും എല്ലാം ഈ ഡയലോഗ് പറഞ്ഞ് ഫോട്ടോ എടുക്കുന്ന വീഡിയോകള്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ഭീഷ്‌മപര്‍വത്തിലെ തരംഗമായ ബിജിഎം ഇപ്പോഴും മൊബൈല്‍ റിംഗ് ടോണാക്കിവയ്ക്കുന്നവര്‍ ഏറെയാണ്. ചിത്രത്തില്‍ മമ്മൂക്ക അവതരിപ്പിച്ച മൈക്കിള്‍ എന്ന കഥാപാത്രം തന്‍റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫറോട് പറയുന്ന കാര്യമാണ് വലിയ രീതിയില്‍ തരംഗമായത്.
ക്ലിക്ക് ചെയ്‌തോ എന്നതിന് പകരമായാണ് 'ചാമ്പിക്കോ' എന്ന് മെഗാസ്റ്റാര്‍ പറയുന്നത്. ഭീഷ്‌മപര്‍വം ഇറങ്ങി ഏറെ നാളുകളായെങ്കിലും 'ചാമ്പിക്കോ' തരംഗം ഇപ്പോഴും തുടരുകയാണ്. അത്തരത്തില്‍ ഒരു പൊതുവേദിയില്‍ വച്ച് മമ്മൂക്കയോട് തന്നെ ഈ ഡയലോഗ് പറയാന്‍ ആരാധകര്‍ ആവശ്യപ്പെടുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മെഗാസ്‌റ്റാറിനൊപ്പം നടി മഞ്‌ജു വാര്യര്‍, പി വിജയന്‍ ഐപിഎസ് എന്നിവരുമുള്ള സമയത്താണ് വേദിയിലും സദസിലുമുളള ആളുകള്‍ താരത്തോട് 'ചാമ്പിക്കോ' വീണ്ടും പറയാമോ എന്നാവശ്യപ്പെട്ടത്. മമ്മൂക്കയ്‌ക്കൊപ്പം നിന്ന് എല്ലാവരും ഫോട്ടോ എടുക്കുന്നതിനിടെ ചിലര്‍ ഈ ആവശ്യം മെഗാസ്‌റ്റാറിനെ അറിയിക്കുകയായിരുന്നു.
എന്നാല്‍ ചിരിച്ചുകൊണ്ട് നടന്‍ അത് നിഷേധിച്ചു. തുടര്‍ന്ന് അടുത്ത് നിന്നിരുന്ന പി വിജയന്‍ ഐപിഎസിന് നടന്‍ കൈയിലുണ്ടായിരുന്ന മൈക്ക് കൈമാറി. പിന്നാലെ മമ്മൂക്കയ്‌ക്ക് പകരം അദ്ദേഹമാണ് 'ചാമ്പിക്കോ' ഡയലോഗ് എല്ലാവര്‍ക്കും മുന്നില്‍ വച്ച് പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
മാര്‍ച്ച് മൂന്നിനാണ് ഭീഷ്‌മപര്‍വം തിയേറ്ററുകളിലെത്തിയത്. ബിഗ് ബി റിലീസ് ചെയ്‌ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂക്കയും സംവിധായകന്‍ അമല്‍ നീരദും ഒരു ചിത്രത്തിനായി വീണ്ടും ഒന്നിച്ചത്. മാസ് ചിത്രമായ ഭീഷ്‌മപര്‍വം ടോട്ടല്‍ ബിസിനസില്‍ നിന്നും 100 കോടിയിലധികം രൂപ നേടി.
കേരളത്തിലെ തിയേറ്ററുകളില്‍ നൂറ് ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ച സമയത്താണ് മമ്മൂട്ടി ചിത്രം ഇറങ്ങിയത്. ഇത് സിനിമയുടെ വിജയത്തിലും കളക്ഷനിലും നിര്‍ണായകമായി. റിലീസിന് മുന്‍പുളള ഹൈപ്പും മൗത്ത് പബ്ലിസിറ്റിയും കാരണം മമ്മൂട്ടി ചിത്രം വന്‍ വിജയമായി.
അമല്‍ നീരദ് തന്നെ നിര്‍മിച്ച ചിത്രത്തിന് സുഷിന്‍ ശ്യാമാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്. ദേവദത്ത് ഷാജിയും അമല്‍ നീരദും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്‍റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനും എഡിറ്റിങ് വിവേക് ഹര്‍ഷനും നിര്‍വഹിച്ചു.