28-ാമത് രാജ്യാന്തര ചലച്ചിത്ര മേള വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക്. തിരിതെളിയും മുമ്പേ ഈ വര്‍ഷത്തെ ചലച്ചിത്ര മേള വിവാദ കോളങ്ങളില്‍ ഇടംപിടിച്ചു. 2023 ഡിസംബറില്‍ നടക്കുന്ന ഐഎഫ്‌എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സിനിമ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചാണ് മേള വിവാദത്തിലായത് (IFFK Film Selection Controversy).
ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട സംവിധായകന്‍ ഷിജു ബാലഗോപാലന്‍റെ സിനിമ 'എറാന്‍' ജൂറി അംഗങ്ങള്‍ കാണാതെ തിരസ്‌കരിച്ചുവെന്നാണ് ചലച്ചിത്ര അക്കാദമിക്കെതിരെയുള്ള ആരോപണം. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ഷിജുവിന് പിന്തുണ അറിയിച്ച് സംവിധായകന്‍ ഡോ ബിജുവും രംഗത്തെത്തിയിരുന്നു (Dr Biju again reacts). ഇതിന് പിന്നാലെ വീണ്ടും അക്കാദമിക്കെതിരെ ഫേസ്‌ബുക്ക് പോസ്‌റ്റുമായി എത്തിയിരിക്കുകയാണ് ഡോ ബിജു (Dr Biju Facebook Post).
'നിലവിൽ ചലച്ചിത്ര അക്കാദമിയുടെ ഐഎഫ്‌എഫ്‌കെ സെലക്ഷൻ സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ളത് ഗൗരവപരമായ ആരോപണങ്ങൾ ആണ്. ഇത് അക്കാദമിയെ തകർക്കാനാണ് എന്നൊക്കെ തരത്തിൽ ചിലര്‍ കുറിപ്പെഴുതിയാൽ ഒന്നും ഇല്ലാതാകുന്ന ആരോപണങ്ങൾ അല്ല നിലവില്‍ ഉള്ളത്. ചലച്ചിത്ര അക്കാദമി ശുദ്ധീകരിക്കപ്പെടണം എന്നത് എത്രയോ നാളുകളായി ഉയരുന്ന ആവശ്യമാണ്.
അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വഷളാകുന്നു എന്നതാണ് ഇപ്പോൾ വെളിവാകുന്നത്. അക്കാദമി സുതാര്യമായും അക്കാദമിക് ആയും പ്രവർത്തിക്കേണ്ട ഒന്നാണ്. കഴിഞ്ഞ 15 വർഷമായി അക്കാദമിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള വിമർശനങ്ങളും നിർദേശങ്ങളും വിശദമാക്കി നിരവധി ലേഖനങ്ങൾ അനേകം മാധ്യമങ്ങളിൽ എഴുതിയിട്ടുമുണ്ട്. മാതൃഭൂമി, മാധ്യമം, ചന്ദ്രിക, തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക വാരികകളിലും അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിൽ എത്ര തവണ ഈ വിഷയങ്ങൾ എഴുതിയിട്ടുണ്ട് എന്നതിന് കണക്കില്ല.
ഏതായാലും ഇപ്പോഴത്തെ ആരോപണങ്ങൾ കൂടുതൽ ഗുരുതരമായ വീഴ്‌ചകൾ അക്കാദമിയുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. അക്കാദമി മഹത്തായ ഒരു ലക്ഷ്യത്തോടെ തുടങ്ങിയ ഒന്നാണ്. സിനിമയുടെയും കാഴ്‌ചയുടെയും ഒരു ബദൽ സംസ്‌കാരം രൂപപ്പെടുത്താൻ അക്കാദമി നിലനിൽക്കേണ്ടതുണ്ട്.
അതുകൊണ്ട് ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ നിലവിലെ പ്രശ്‌നങ്ങളും പരിഹാര നിർദേശങ്ങളും താഴെ കൊടുക്കുന്നു. എത്രയോ തവണ പറഞ്ഞു മടുത്തതാണ്. എങ്കിലും ഒരു അവസാന ശ്രമം എന്ന നിലയിൽ എഴുതട്ടെ, നിലവിലുള്ള പ്രശ്‌നങ്ങൾ ഇവയാണ്.
1. സെലക്ഷനായി സമർപ്പിച്ച സിനിമകളുടെ വിമിയോ ലിങ്ക് അക്കാദമി ഡൗണ്‍ലോഡ് ചെയ്‌തു കണ്ടു - ഇത് നിയമപരമായി വളരെ വലിയ കുറ്റമാണ്. നിർമാതാക്കളുടെ അനുമതി ഇല്ലാതെ ഒരു സിനിമയും അക്കാദമിക്ക് ഡൗണ്‍ലോഡ് ചെയ്യാൻ നിയമപരമായി സാധിക്കില്ല. അനധികൃതമായി ഡൗണ്‍ലോഡ് ചെയ്‌ത സിനിമകൾ പൈറസി ആയി പുറത്തു പോയാൽ അതിന്‍റെ ഉത്തരവാദിത്വം ആരാണ് വഹിക്കുന്നത്. പല സിനിമകളും റിലീസ് ചെയ്‌തിട്ടില്ലാത്തവ ആണ്. വലിയ വിലയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കച്ചവടം ഉറപ്പിച്ചവയുമാണ്. ഈ സിനിമകളുടെ കോപ്പി ലീക്ക് ആയാൽ അക്കാദമി ഉത്തരവാദിത്വം പറയേണ്ടി വരും.
2. സിനിമകൾ വിമിയോയിൽ സ്ട്രീം ചെയ്യുമ്പോൾ ബഫറിങ് ഇഷ്യൂ ഉണ്ടാകുന്നത് കൊണ്ടാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടി വന്നത് എന്നാണ് അക്കാദമിയുടെ വിശദീകരണം - (ചലച്ചിത്ര അക്കാദമി നിൽക്കുന്ന സ്ഥലത്തു നിന്നും ഏതാനും കിലോമീറ്ററെ ഉള്ളൂ ടെക്‌നോ പാർക്കിലേക്ക്). ഏതെങ്കിലും നല്ല ഒരു ഇന്‍റര്‍നെറ്റ് പ്രൊവൈഡറിൽ നിന്നും അല്‍പം പൈസ കൊടുത്തു നല്ല ഒരു ഇന്‍റര്‍നെറ്റ് പാക്കേജ് വാങ്ങിയാൽ തീരുന്ന പ്രശ്‌നമാണ് ഇത് എന്ന് ആരെങ്കിലും അക്കാദമിയോട് ഒന്ന് പറഞ്ഞു കൊടുത്താൽ നന്ന്. ഇത്തരം ബാലിശമായ വിശദീകരണങ്ങൾ നൽകി അപഹാസ്യരാകാതെ ഇരിക്കുവാൻ അക്കാദമി ഭാവിയിൽ ശ്രദ്ധിക്കും എന്ന് കരുതുന്നു.
3. സിനിമകൾ പലതും സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ കണ്ടിട്ടില്ല, അല്ലെങ്കിൽ ഭാഗികമായി മാത്രമേ കണ്ടിട്ടുള്ളൂ - ഒരു സെലക്ഷൻ കമ്മിറ്റി അംഗം തന്നെ പറഞ്ഞത് തങ്ങൾ ഒക്ടോബർ ഒന്ന് മുതൽ 15 വരെ എല്ലാ സിനിമകളും കണ്ടു എന്നാണ്. ഒക്ടോബർ 15ന് വൈകിട്ട് റിസൾട്ട് പുറത്തു വന്നു എന്നാണ് അറിവ്. അങ്ങനെയെങ്കിൽ ജൂറി പതിനാലര ദിവസം ആണ് സിനിമ കണ്ടത്. മലയാളം സിനിമാ വിഭാഗത്തിൽ 149 സിനിമകൾ ആണ് സമർപ്പിച്ചിരുന്നത് എന്നാണ് അറിവ് (തെറ്റാണെങ്കിൽ തിരുത്താം). 149 ആണ് സിനിമകളുടെ എണ്ണം എങ്കിൽ പതിനാലര ദിവസം കൊണ്ട് 149 സിനിമകൾ കണ്ടു തീർത്ത ജൂറി അമാനുഷികർ തന്നെ എന്ന് സമ്മതിക്കേണ്ടി വരും. അല്ലെങ്കിൽ പല സിനിമകളും കണ്ടിട്ടില്ല, ചില സിനിമകൾ ഏതാനും മിനിറ്റ് മാത്രമേ കണ്ടിട്ടുള്ളൂ എന്ന വസ്‌തുത അംഗീകരിക്കേണ്ടി വരും.
ഈ വിഷയങ്ങൾ കഴിഞ്ഞ കുറേ കാലമായി നില നിൽക്കുന്നതാണ്. ഇതിന് പരിഹാരം കാണുവാൻ രണ്ട് നിർദേശങ്ങൾ ആണുള്ളത്. 2018ൽ ഐഎഫ്‌എഫ്‌കെയുടെ നിയമാവലി പരിഷ്‌കരണത്തിനായി ഞാൻ കൂടി അംഗമായ ഒരു അഞ്ചംഗ കമ്മിറ്റി ഉണ്ടായിരുന്നു. ആ കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ചാണ് ഇന്ന് കാണുന്ന പല കാര്യങ്ങളും നടപ്പാക്കിയത്.
മലയാള സിനിമകളുടെ എണ്ണം 14 ആക്കി ഉയർത്തിയതും അതില്‍ ആറു സിനിമകള്‍ നവാഗത സിനിമാ സംവിധായകരുടേത് ആകണമെന്നും നിര്‍ദേശിച്ചത്, ഫെസ്‌റ്റിവൽ കലൈഡോസ്‌കോപ് എന്ന പുതിയ വിഭാഗം ആരംഭിച്ചതും, ഇന്ത്യന്‍ സിനിമകള്‍ക്ക് കേരളാ പ്രീമിയര്‍ വേണം എന്നതും ആ കമ്മിറ്റി ആണ് ഏർപ്പെടുത്തിയത്. പക്ഷേ അന്ന് ആ കമ്മിറ്റി നിർദേശിച്ച രണ്ട് സുപ്രധാന നിർദേശങ്ങൾ ചലച്ചിത്ര അക്കാദമി അട്ടിമറിച്ചു. ആ രണ്ട് നിർദേശങ്ങൾ നടപ്പിലാക്കുക എന്നതാണ് അന്നും ഇന്നും ഈ വിഷയങ്ങൾ പരിഹരിക്കാനുള്ള ഏക വഴി.
ആദ്യത്തെ നിർദേശം - ന്യൂ മലയാളം സിനിമയിൽ തിരഞ്ഞെടുക്കുന്ന സിനിമകൾ കേരളത്തിലെ ആദ്യ പ്രദർശനം ആയിരിക്കണം. റിലീസ് ചെയ്‌തതും യൂട്യൂബിൽ വരെ കാണാവുന്നതും ആയ സിനിമകൾ ഫെസ്‌റ്റിവലിലേയ്‌ക്ക് തിരഞ്ഞെടുക്കുന്ന ലോകത്തെ ഒരേ ഒരു മേളയാണ് കേരള ചലച്ചിത്ര മേള. പ്രാദേശികമായ പ്രീമിയർ ലഭ്യമാകുന്ന സിനിമകൾ മാത്രമാണ് ലോകത്തെ പ്രധാന മേളകളില്‍ പരിഗണിക്കൂ. FIAPF അംഗീകാരമുള്ള ബി കാറ്റഗറി മേളകളുടെ കൂട്ടത്തിൽ ആണ് ഐഎഫ്‌എഫ്‌കെ.
ഇന്ത്യയിൽ നിന്നും കൊൽക്കത്ത, മുംബൈ (മാമി) ഫെസ്‌റ്റിവലുകൾ മാത്രമാണ് കേരളത്തെ കൂടാതെ ഈ കാറ്റഗറിയിൽ ഉള്ളത്. ഇതിൽ കൊൽക്കത്തയിൽ ഇന്ത്യൻ സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കണമെങ്കിൽ ഇന്ത്യയിലെ ആദ്യ പ്രദർശനം ആയിരിക്കണം. മാമിയിൽ ആകട്ടെ സൗത്ത് ഏഷ്യയിലെ ആദ്യ പ്രദർശനം ആയിരിക്കണം. ഇവിടെ കേരളത്തിൽ മാത്രം ആണ് റിലീസ് ചെയ്‌താലും ഒടിടിയില്‍ വന്നാലും യൂട്യൂബിൽ വന്നാലും കുഴപ്പമില്ല. മേളയിൽ എടുക്കും എന്ന രീതിയുള്ളത്.