'ഷെഫീക്കിന്‍റെ സന്തോഷം' എന്ന സിനിമയുടെ നിര്‍മാതാക്കള്‍ പ്രതിഫലം നല്‍കാതെ വഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തില്‍ മറുപടി നല്‍കി സിനിമയുടെ സംവിധായകന്‍ അനൂപ് പന്തളം. ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ താനുള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിഫലം കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കി.
'ബാല ഒരു ഓണ്‍ലൈന്‍ ചാനലിന് നടത്തിയ സംഭാഷണത്തില്‍ എന്‍റെ പേര് ഉള്‍പ്പെട്ടത് കൊണ്ടാണ് ഈ വിശദീകരണം. 'ഷെഫീക്കിന്‍റെ സന്തോഷം' എന്ന എന്‍റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്‌ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റ് ടെക്‌നീഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തതായാണ് എന്‍റെ അറിവില്‍.
അദ്ദേഹത്തെ ഈ സിനിമയില്‍ റെക്കമൻഡ് ചെയ്‌തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയില്‍ നല്ലൊരു കഥാപാത്രമാണ് ബാലയ്‌ക്ക്. അദ്ദേഹമത് നന്നായി ചെയ്യുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്‌തതില്‍ സന്തോഷം. സിനിമ നന്നായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കുകയും ഇപ്പോള്‍ വിജയം നേടിയ സന്തോഷത്തിലുമാണ് ഞങ്ങള്‍. ഈ സമയത്ത് ഇത്തരം വിഷയങ്ങളിള്‍ എന്‍റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട്.' -അനൂപ് പന്തളം പറഞ്ഞു.
സിനിമയുടെ നിര്‍മാതാവ് കൂടിയായ ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്നാണ് ബാലയുടെ പ്രതികരണം. അമ്മയുടെ പ്രതിനിധിയായ ഇടവേള ബാബുവിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പരാതിപ്പെടാനാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ എവിടെയും പരാതിപ്പെടാന്‍ താന്‍ തയ്യാറല്ലെന്നും ഇത് സ്വയം മനുഷ്യന്‍ തിരിച്ചറിയേണ്ട വസ്‌തുതയാണെന്നും ബാല പറയുന്നു.
'ഷെഫീക്കിന്‍റെ സന്തോഷം' സിനിമയുടെ സംവിധായകനും ക്യാമറമാനും മറ്റ് ടെക്‌നീഷ്യന്‍മാര്‍ക്കും ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയിട്ടില്ല. എനിക്കും പ്രതിഫലം നല്‍കിയിട്ടില്ല. എങ്കിലും ഞാന്‍ അത് കാര്യമാക്കുന്നില്ല. എന്നാല്‍ പാവപ്പെട്ട ടെക്നീഷ്യന്‍മാര്‍ക്ക് പ്രതിഫലം നല്‍കാത്തത് വളരെ മോശം രീതിയാണ്.
പടം വലിയ വിജയമായി നല്ല രീതിയില്‍ വിറ്റഴിച്ചു. നല്ല കച്ചവടം നടന്നിട്ട് ബാക്കി എല്ലാവരെയും മണ്ടന്‍മാരാക്കുകയായിരുന്നു. സിനിമ വിജയിച്ചപ്പോള്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പണം ചെലവാക്കി കാര്‍ വാങ്ങുകയാണ് ഉണ്ണി ചെയ്‌തത്. സ്‌ത്രീകള്‍ക്ക് എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയിട്ടുണ്ട്.'-ഇപ്രകാരമാണ് ബാല പ്രതികരിച്ചത്.
Also Read:ഷെഫീക്കിന് സന്തോഷങ്ങള്‍ മാത്രമല്ല സ്വപ്നങ്ങളും ഉണ്ട്; ഉണ്ണി മുകുന്ദനൊപ്പം അച്ഛനും