ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാളി പ്രേക്ഷകരെ കൂട്ടത്തോടെ തിയേറ്ററുകളിൽ എത്തിച്ച ചിത്രമാണ് ജൂഡ് ആൻ്റണി സംവിധാനം ചെയ്‌ത ‘2018’. പ്രളയത്തിലകപ്പെട്ട കേരളത്തിന്‍റെ അതിജീവന കഥ പറഞ്ഞ ‘2018’ അതിവേഗം നൂറുകോടി ക്ലബിലെത്തിയ ആദ്യ ചിത്രം കൂടിയാണ്. വെറും 10 ദിവസം കൊണ്ടാണ് ചിത്രം ബോക്‌സോഫിസിൽ 100 കോടി കടന്നത്.
ഇപ്പോഴിതാ 2018ൻ്റെ കുത്തൊഴുക്കിൽ മറ്റ് സിനിമകൾ മുങ്ങിപ്പോകുന്നതിൻ്റെ നിരാശ പങ്കുവയ്‌ക്കുകയാണ് ‘ജാനകി ജാനേ’ സംവിധായകന്‍ അനീഷ് ഉപാസന. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ '2018' ടീം ആന്‍റോ ജോസഫ്, ജൂഡ് ആൻ്റണി, വേണു കുന്നപ്പിള്ളി എന്നിവർക്കും തിയേറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത് എഴുതിയിരിക്കുകയാണ് സംവിധായകന്‍. '2018' തിയേറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ ചെറിയ ചിത്രങ്ങള്‍ക്കും പ്രദര്‍ശിപ്പിക്കാന്‍ ഒരിടം നല്‍കണം എന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.
തൻ്റെ സിനിമയ്‌ക്ക് പുറമേ സുധി മാഡിസൻ സംവിധാനം ചെയ്‌ത 'നെയ്‌മർ' എന്ന ചിത്രത്തിൻ്റെയും ഷഹദ് സംവിധാനം ചെയ്‌ത ചിത്രം 'അനുരാഗ'ത്തിൻ്റെയും റിലീസ് സംബന്ധിച്ചും അനീഷ് പോസ്റ്റിൽ പ്രതിപാദിക്കുന്നുണ്ട്. ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും ‘2018’ കാണാൻ മലയാളികൾ ഇടിച്ച് കയറിവരും. എന്നിട്ടും ജാനകി ജാനേയുടെ ഷോ ടൈം പലയിടങ്ങളിൽ നിന്ന് മാറ്റുകയാണ്. പകരം പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോകളാണ് തിയേറ്ററുകാർ തരുന്നതെന്നും ഈ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
അനീഷ് ഉപാസനയുടെ ഫേസ്‌ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:ആന്‍റോ ജോസഫിനും ജൂഡ് ആന്തണിക്കും വേണു കുന്നപ്പിള്ളിക്കും തിയേറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത്. ഞാൻ സംവിധാനം ചെയ്‌ത ജാനകി ജാനേയും കൂടെ സുധി മാഡിസൻ സംവിധാനം ചെയ്‌ത നെയ്‌മർ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്‌ത അനുരാഗവും തിയേറ്ററുകളിൽ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ.
‘2018’ ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികൾ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങൾക്കുമറിയാം. ജാനകി ജാനേയുടെ ഷോ ടൈം പലയിടങ്ങളിൽ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്‌ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോസ് തരുകയും (പ്രവർത്തി ദിവസങ്ങളിൽ) ചെയ്യുന്ന തിയേറ്ററുകാരുടെ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതാണ്..
എല്ലാവർക്കും 2018 എടുക്കാൻ പറ്റില്ല..തിയേറ്ററുകൾ ഉണർന്നത് ‘2018’ വന്നത് കൊണ്ട് തന്നെയാണ്. സംശയമില്ല. അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി മാറ്റുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ഉച്ചയ്‌ക്ക് ഒന്നരയ്ക്കായാലും പുലർച്ചെ 5.30ക്ക് ആയാലും നട്ടപാതിര 12 മണിക്കായാലും ‘2018’ ഓടും..പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങൾ തിയേറ്ററിൽ നിറയണമെങ്കിൽ ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും വേണം..ദയവ് ചെയ്‌ത് സഹകരിക്കണം..