തന്റെആദ്യ സിനിമയായ 'ഫ്‌ളഷ്' റിലീസ് ചെയ്യാന്‍ നിര്‍മാതാവ് തടസം നില്‍ക്കുന്നുവെന്ന ആരോപണവുമായി സംവിധായിക ഐഷ സുല്‍ത്താന. നിര്‍മാതാവ് ബീന കാസിമിനെതിരെ ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഐഷ സുല്‍ത്താനയുടെ ആരോപണം. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിച്ച സിനിമ താനൊരിക്കലും റിലീസ് ചെയ്യില്ലെന്ന് ബീന കാസിം പറഞ്ഞതായാണ് ഐഷ ആരോപിച്ചത്.
അവർ കേന്ദ്ര സർക്കാരിന്‍റെ അടിമ പണി എടുക്കുന്ന കാര്യം താൻ അറിഞ്ഞില്ലെന്നും അവരുടെ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി തന്നെയും തന്‍റെ നാടിനെയും കുറിച്ച് തുറന്ന് പറഞ്ഞ സിനിമയെ ഒറ്റി കൊടുക്കുകയായിരുന്നു എന്നും ഐഷ കുറിച്ചു. സെൻസർ കിട്ടിയിട്ട് ഒന്നരവർഷമായിട്ടും, ഒരു പാട്ടും ട്രെയിലറും റിലീസ് ചെയ്‌തിട്ടും സിനിമ പെട്ടിയിലാണെന്ന് പറഞ്ഞ ഐഷ, സിനിമ സ്വന്തം നിലയില്‍ യൂട്യൂബില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ കേസ് കൊടുക്കുമെന്ന് ബീന കാസിം ഭീഷണി മുഴക്കിയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
''കേന്ദ്ര സർക്കാരിന് എതിരെ സംസാരിച്ച സിനിമ ഞാനൊരിക്കലും റിലീസ് ചെയ്യില്ല" എന്ന് എന്‍റെ മുഖത്തു നോക്കി പറഞ്ഞത് മാറ്റാരുമല്ല Flush എന്ന സിനിമയുടെ പ്രൊഡ്യൂസർ ബീനാ കാസിമാണ്...
അവർ കേന്ദ്ര സർക്കാരിന്‍റെ അടിമ പണി എടുക്കുന്ന കാര്യം ഞാൻ അറിഞ്ഞില്ല. അതെന്‍റെ തെറ്റ്, അവരുടെ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി എന്നെയും എന്‍റെ നാടിനെയും കുറിച്ച് തുറന്ന് പറഞ്ഞ സിനിമയെയും ഒറ്റി കൊടുക്കുവായിരുന്നു.. സെൻസർ കിട്ടിയിട്ട് ഒന്നരവർഷമായിട്ടും, ഒരു പാട്ടും ട്രെയിലറും റിലീസ് ചെയ്‌തിട്ടും സിനിമ പെട്ടിയിൽ വെച്ചേക്കുവാണ് ഈ പ്രൊഡ്യൂസർ.
ഞാൻ എന്നും അവരെ വിളിച്ച് റിലീസിന്‍റെ കാര്യം സംസാരിക്കുമ്പോൾ റിലീസ് ചെയ്യാൻ ക്യാഷ് ഇല്ലാന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി കൊണ്ടിരുന്നു. ഈ ഒന്നര വർഷവും എന്‍റെ ഒന്നര കോടി പോയി എന്നും പറഞ്ഞ് അവർ എന്നെ ടോർച്ചർ ചെയ്യുവായിരുന്നു. റിലീസിങ്ങിന് വേണ്ടി ഞാൻ സ്വന്തം നിലയിൽ ഒരു ടീമിനെ ശരിയാക്കി കൊടുത്തപ്പോഴും അവർ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറി കൊണ്ടിരുന്നു.
ഒടുവിൽ ഒരു പുതിയ ott ടീം വന്നപ്പോൾ അവർക്ക് സിനിമ കാണിച്ച് കൊടുക്കാൻ പോലും അവർ വിസ്സമ്മതിച്ചു.. എന്താണ് കാരണം എന്ന് ചോദിക്കാനായി ഞാനൊരു മീഡിയെറ്ററേ കൊണ്ടൊരു മീറ്റിങ് അറേഞ്ച് ചെയ്യിച്ചു. അപ്പോഴാണ് അവരുടെ വായിൽ നിന്നും ആ വാക്ക് വീണത്.
അത് കേട്ടപ്പോൾ എനിക്കുണ്ടായ ഷോക്കിൽ നിന്നും ഇപ്പോഴും ഞാൻ റിക്കവറായിട്ടില്ല. നിങ്ങളുടെ ഈ മുഖം ലോകം മുഴുവനും അറിയട്ടെ...ലക്ഷദ്വീപിൽ നിന്നും ഇവാക്കുവേഷൻ ചെയ്യുന്ന രോഗികളെ പറ്റി ഞാൻ സിനിമയിൽ കാണിച്ച കാര്യം എടുത്ത് പറഞ്ഞു കൊണ്ട് ഈ പ്രൊഡ്യൂസർ പറയാ അങ്ങനെയൊക്കെ ലക്ഷദ്വീപിൽ നടക്കുന്നില്ലത്ര, കോഴിക്കോടിൽ സുഖമായി ജീവിക്കുന്ന പ്രൊഡ്യൂസർക്ക് ലക്ഷദ്വീപിൽ സംഭവിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഇത്തിരി കൂടുതൽ വിശ്വാസകുറവ് ഉണ്ടാവും.