അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപും തമന്നയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ബാന്ദ്ര'. സമ്മിശ്ര പ്രതികരണങ്ങൾ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
തിയേറ്ററുകളിൽ പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന നിമിഷങ്ങൾ സമ്മാനിച്ച 'ബാന്ദ്ര'യിലെ 'മുജെ പാലേ' എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കാത്തിരുന്ന ഗാനം എത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകർ. സാം സി എസാണ് ഗാനത്തിന് ഈണമിട്ടത്. സായ് ആനന്ദ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് പവിത്ര ചാരി, സർഥക് കല്യാണി എന്നിവരാണ്.
അതേസമയം ഇമോഷനും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കിയ 'ബാന്ദ്ര' തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മാസിനൊപ്പം പ്രണയ കഥയും കുടുംബ ബന്ധങ്ങളും സൗഹൃദവും ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. 'അലൻ അലക്‌സാണ്ടർ ഡൊമിനിക്ക്' എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്നത്. 'താര ജാനകി' എന്നാണ് തമന്ന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തമന്ന ഭാട്ടിയയുടെ ആദ്യ മലയാള സിനിമയ കൂടിയാണിത്.
അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് ആണ് ഈ ചിത്രത്തിന്‍റെ നിർമാണം. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും സിനിമയില്‍ മുഖ്യ വേഷങ്ങളിലുണ്ട്. ഒപ്പം സിദ്ധിഖ്, മംമ്ത മോഹൻദാസ്, സിദ്ധിഖ്, ഗണേഷ് കുമാർ എന്നിങ്ങനെ വൻ താരനിരയും ബാന്ദ്രയിൽ അണിനിരക്കുന്നുണ്ട്. ഉദയകൃഷ്‌ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്.