ബോളിവുഡിലെ ആക്ഷന്‍ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ടൈഗര്‍ ഷ്‌റോഫ്. പഴയകാല നടന്‍ ജാക്കി ഷ്‌റോഫിന്‍റെ മകനായ ടൈഗര്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ഹിന്ദി സിനിമ ലോകത്ത് പ്രേക്ഷകരുടെ പ്രിയങ്കരനായത്. ഹീറോപന്തി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരപുത്രന്‍ ഇതിനോടകം പത്തിലധികം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു.
ബാഗി സീരീസ്, ഹൃത്വിക്ക് റോഷനൊപ്പം മത്സരിച്ചഭിനയിച്ച വാര്‍ എന്നീ ചിത്രങ്ങള്‍ ടൈഗര്‍ ഷ്‌റോഫിന്‍റെ കരിയറില്‍ വന്‍ വിജയം നേടിയിരുന്നു. നിലവില്‍ ഗണപത്; പാര്‍ട്ട് 1 എന്ന ചിത്രമാണ് നടന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
ടൈഗര്‍ ഷ്‌റോഫിന്‍റെതായി ഇന്‍സ്റ്റഗ്രാമില്‍ വന്ന പുതിയൊരു ബുമറാങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രീകരണത്തിനിടെ തനിക്ക് ഏറ്റ മുറിപ്പാടുകളും മറ്റ് പരിക്കുകളുമാണ് വീഡിയോയിലൂടെ ടൈഗര്‍ കാണിക്കുന്നത്. ടൈഗറിന്‍റെ ശരീരത്തിലുണ്ടായ മുറിവുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. വീഡിയോ കണ്ട് എന്താണ് നടന് സംഭവിച്ചതെന്ന് ആരാധകര്‍ തിരക്കുന്നുണ്ട്. ഗണപത്; പാര്‍ട്ട് വണ്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത വീഡിയോ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖത്ത് ചില ഭാഗങ്ങളിലും, കൈയിലും പരിക്കേറ്റതായി വീഡിയോയില്‍ കാണിക്കുന്നുണ്ട്.
സംഘടന രംഗങ്ങള്‍ ഏറെയുളള ചിത്രമാണ് ഗണപത്; പാര്‍ട്ട് വണ്‍. അതേസമയം ഇത് ശരിക്കുമുളള പരിക്കുകളല്ലെന്നും സിനിമയ്‌ക്ക് വേണ്ടി നടന്‍ പ്രോസ്‌തെറ്റിക്ക് മേക്കപ്പ് ചെയ്‌തതാണ് എന്നും അറിയുന്നു. നടന്‍റെ ശരീരത്തില്‍ കുറച്ച് മുറിപ്പാടുകള്‍ സിനിമ ആവശ്യപ്പെടുന്നുണ്ട്. ഇതിനായി ടൈഗര്‍ പ്രോസ്‌തറ്റിക്ക് മേക്കപ്പിന്‍റെ സഹായം തേടുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടൈഗര്‍ ഷ്‌റോഫിന്‍റെ വീഡിയോയ്‌ക്ക് പിന്നാലെ നിരവധി പേരാണ് ഹേര്‍ട്ട്, ഫയര്‍ ഇമോജികളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. സൂപ്പര്‍താരത്തിന്‍റെ പുതിയ ആക്ഷന്‍ ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മിക്കവരും.
സാജിദ് നാദിയാദ്‌വാല സംവിധാനം ചെയ്‌ത ഹീറോപന്തി 2 ആണ് ടൈഗര്‍ ഷ്‌റോഫിന്‍റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കാതിരുന്ന സിനിമ ബോക്സോഫീസില്‍ പരാജയപ്പെടുകയായിരുന്നു. ഗണപത്; പാര്‍ട്ട് വണ്‍ ആണ് ഇനി എല്ലാവരും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ടൈഗര്‍ ചിത്രം. ഈ വര്‍ഷം ക്രിസ്‌മസ് റീലിസായി ഗണപത് ആദ്യ ഭാഗം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗണപത് പാര്‍ട്ട് വണിന് പിന്നാലെ അക്ഷയ് കുമാറിനൊപ്പമുളള 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' എന്ന സിനിമയും ടൈഗറിന്‍റെതായി 2023 ക്രിസ്‌മസ് റിലീസായി ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ എത്തും.