Devadath Shaji about Mammootty: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുമായുള്ള ഓര്‍മകള്‍ പങ്കുവച്ച് 'ഭീഷ്‌മ പര്‍വ്വം' തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ദേവദത്ത് ഷാജി. മമ്മൂട്ടി തന്‍റെ ജീവിതത്തെ മാറ്റിമറിച്ച കഥ പറഞ്ഞാണ് തിരക്കഥാകൃത്ത് രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ എത്തും മുമ്പ് താന്‍ ചെയ്‌ത ഹ്രസ്വചിത്രം കണ്ട ശേഷം മമ്മൂട്ടി പറഞ്ഞ മറുപടി തന്‍റെ ജീവിത്തില്‍ തന്ന ഊര്‍ജം ചെറുതല്ലെന്ന് ദേവദത്ത് ഷാജി പറയുന്നു. ഈ സംഭവം ഇപ്പോഴും മമ്മൂട്ടിയോട് പറഞ്ഞിട്ടില്ലെന്നും തിരക്കഥാകൃത്ത് പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് ദേവദത്ത് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
'2018 ജനുവരി.. ഏറ്റവും ഒടുവിൽ ചെയ്‌ത 'എന്‍റെ സ്വന്തം കാര്യം' ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസായിരിക്കുന്ന സമയം. ആലുവയിലെ റൂമിൽ രാത്രി സുഹൃത്തുക്കളുമായി ഇരിക്കുന്നു. കാഴ്‌ചക്കാര്‍ നല്ല അഭിപ്രായം പറയുന്നുണ്ടെങ്കിലും വ്യൂസ് കേറുന്നില്ല എന്നുള്ള പരിഭവത്തിലാണ് എല്ലാവരും. കോണ്ടാക്‌ടില്‍ ഉള്ളവർക്കെല്ലാം ഷോർട്ട് ഫിലിം ലിങ്ക് ഫോർവേഡ് ചെയ്‌തു കൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ക്യാമറാമാൻ, പ്രിയ സഹോദരൻ ഹരികൃഷ്‌ണന്‍ ലോഹിതദാസ് തന്‍റെ മൊബൈല്‍ സ്ക്രീൻ എന്‍റെ മുന്നിലേക്ക് നീട്ടുന്നത്. ഷോർട്ട് ഫിലിമിന് ആരോ "നന്നായി" എന്ന് റിപ്ലൈ ചെയ്‌തിരിക്കുന്നു. ചാറ്റ് ബോക്‌സിന്‍റെ മുകളിൽ മെസേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി. "മമ്മൂക്ക".