മുംബൈ : കിങ് ഖാൻ ഷാരൂഖും ബോളിവുഡ് ക്വീൻ ദീപിക പദുകോണും വേഷമിട്ട് ബോക്‌സ് ഓഫിസിൽ വൻ വിജയമായ ചിത്രമാണ് പഠാൻ. എന്നാൽ തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുൻപ് വളരെ മോശം അവസ്ഥയിലൂടെയാണ് ചിത്രം കടന്നുപോയത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനത്തിൻ്റെ റിലീസിനെ തുടർന്നാണ് വിവാദങ്ങൾ ഉണ്ടായത്.
രാജ്യത്തിന്‍റെ തെരുവുകള്‍ മുതല്‍ പാർലമെൻ്റ് വരെ 'പഠാൻ ബഹിഷ്‌കരിക്കുക' എന്ന ആഹ്വാനം അലയടിച്ചു. പഠാനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ സിനിമയുടെ റിലീസിന് മുൻപ് വരെ ഉത്‌കണ്‌ഠ വർധിപ്പിച്ചിരുന്നുവെന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ് നേരത്തെ സമ്മതിച്ചിരുന്നു.
വിമർശനങ്ങളും, ബഹിഷ്‌കരണ ആഹ്വാനങ്ങളും ദീപികയ്ക്ക് പുതിയതല്ല. 2018ൽ പുറത്തിറങ്ങിയ ദീപികയുടെ 'പദ്‌മാവത്' ഒരു സിനിമയ്‌ക്ക് നേരിട്ടേക്കാവുന്ന ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോയത്. 2020-ൽ ആൾക്കൂട്ട ആക്രമണത്തിനിരയായ ജെഎൻയു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദീപിക ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) സന്ദർശിച്ച ശേഷം താരത്തിന്‍റെ പ്രൊഡക്‌ഷനിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രം ഛപാക്കും ബഹിഷ്‌കരണ ആഹ്വാനങ്ങൾ നേരിട്ടിരുന്നു.