മുംബൈ:ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഓം റൗട്ടിന്‍റെ സംവിധാനത്തില്‍ പ്രഭാസ് നായകനായി എത്തുന്ന 'ആദിപുരുഷ്'. ചിത്രത്തിന്‍റെ ഓരോ അപ്ഡേഷനുകളും വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാറുമുണ്ട്. എന്നാല്‍ ജൂൺ 16ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെ വിവാദങ്ങളില്‍ നിറയുകയാണ് 'ആദിപുരുഷ്'.
അടുത്തിടെ തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ, ചിത്രത്തില്‍ സീതയായി വേഷമിടുന്ന ബോളിവുഡ് താരം കൃതി സനോണും സംവിധായകന്‍ ഓം റൗട്ടും ഉൾപ്പടെയുള്ളവർ സന്ദർശനം നടത്തിയിരുന്നു. സന്ദർശന വേളയില്‍ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വച്ച് സംവിധായകന്‍ ഓം റൗട്ട് കൃതി സനോണിനെ ചുംബിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളാണ് 'ചിലരെ' ചൊടിപ്പിച്ചത്. ചടങ്ങിന് ശേഷം യാത്ര പറയുമ്പോഴാണ് ഓം റൗട്ട് കൃതിയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്‌തത്.
നിരവധിപേരാണ് സംവിധായകന്‍റെ പ്രവർത്തിയെ വിമർശിച്ച് രംഗത്തെത്തിയത്. സംവിധായകന്‍റെ പ്രവർത്തി അപലപനീയമാണെന്നാണ് ക്ഷേത്രത്തിലെ പ്രധാന പൂജാരിയുടെ പ്രതികരണം. ഭാര്യയും ഭർത്താവും പോലും ഒരുമിച്ച് ക്ഷേത്രത്തിൽ പോകാറില്ലെന്നും സംവിധായകനും നടിക്കും 'ഹോട്ടൽ മുറിയിൽ പോയി അത് ചെയ്യാമെന്നും' പൂജാരി പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. പൂജാരിയുടെ അതിരുകടന്ന പരാമർശനത്തിനെതിരെയും വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.
ആന്ധ്രാപ്രദേശ് ബിജെപി സംസ്ഥാന സെക്രട്ടറി രമേശ് നായിഡു നഗോത്തുവും ഓം റൗട്ടിനെതിരെ രംഗത്തുവന്നിരുന്നു. 'നിങ്ങളുടെ ഇത്തരം ചേഷ്‌ടകൾ ഒരു പുണ്യസ്ഥലത്തേക്ക് കൊണ്ടുവരേണ്ടതുണ്ടോ?. തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നിൽ ചുംബിക്കുക, കെട്ടിപ്പിടിക്കുക എന്നിങ്ങനെയുള്ള സ്‌നേഹ പ്രകടനങ്ങളിൽ ഏർപ്പെടുന്നത് അനാദരവും അസ്വീകാര്യവുമാണ്' - എന്നായിരുന്നു ബിജെപി നേതാവിന്‍റെ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്‌തു.
അതേസമയം 'സിനിമ കാണാൻ ഹനുമാൻ എത്തുമെ'ന്ന വിശ്വാസത്തിന്‍റെ പേരില്‍ 'ആദിപുരുഷ്' പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാന്‍ അണിയറ പ്രവർത്തകർ തീരുമാനിച്ചതായുള്ള വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്‍റെ സാന്നിധ്യമുണ്ടാകുമെന്ന വിചിത്ര വാദമാണ് അണിയറ പ്രവര്‍ത്തകർ ഉയർത്തിയത്.
ഇതിനിടെ തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റി സ്റ്റേഡിയം താരകരാമ പവലിയനില്‍ നടന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് ചടങ്ങിനിടെയുള്ള ചിത്രം കൃതി സനോൺ തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവച്ചിരുന്നു. പ്രീ - റിലീസ് ഇവന്‍റിൽ ആദിപുരുഷിനോടും ജാനകിയോടും ചൊരിഞ്ഞ അമിതമായ സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവച്ചത്.
അതേസമയം രാമായണ കഥ പ്രമേയമാക്കി ഒരുക്കിയ ആദിപുരുഷില്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാനാണ്. കൂടാതെ സണ്ണി സിങും ഈ ത്രീഡി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നേരത്തെ വിഎഫ്എക്‌സില്‍ വിമർശനം നേരിട്ട ചിത്രത്തിന്‍റെ പിന്നീട് വന്ന ട്രെയിലറും ഗാനങ്ങളും കയ്യടി നേടിയിരുന്നു. ടി - സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്‌ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.