മുംബൈ: നിരൂപക പ്രശംസ നേടിയ പാകിസ്ഥാൻ ചിത്രം 'ജോയ്‌ലാൻഡ്' മാർച്ച് 10 ന് ഇന്ത്യൻ തിയറ്ററുകളിൽ റിലീസ് ചെയ്യും. സയിം സാദിഖ് സംവിധാനം ചെയ്‌ത ചിത്രം 2023 ലെ മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഓസ്‌കറിനുള്ള പാകിസ്ഥാന്‍റെ ഔദ്യോഗിക എൻട്രിയായിരുന്നു. പുരുഷാധിപത്യത്തിലുള്ള ഒരു കുടുംബം അവരുടെ അനന്തരാവകാശിയായി ഒരു ആൺകുട്ടിയെ ആഗ്രഹിക്കുന്നു.
എന്നാൽ കുടുംബത്തിലെ ഇളയമകൻ ഒരു ഇറോട്ടിക് ഡാൻസ് തിയേറ്ററിൽ ചേരുകയും ഒരു ട്രാൻസ് വുമണുമായി പ്രണയത്തിലാവുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സിനിമയുടെ ലോകമെമ്പാടുമുള്ള റിലീസ് തീയതികൾ ജോയ്‌ലാൻഡ് സിനിമയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ടിട്ടുണ്ട്. സ്‌പെയിൻ, യുകെ, സ്വിറ്റ്‌സർലൻഡ്, ഇന്ത്യ, ബെനെലക്‌സ്, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ തീയറ്ററുകളിലാണ് ചിത്രം റീലീസിനെത്തുന്നത്.
പിവിആർ പിക്‌ച്ചേഴ്‌സാണ് ജോയ്‌ലാൻഡ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. 2022 ഓഗസ്‌റ്റ് 17 ന് പാകിസ്ഥാനിൽ പ്രദർശനാനുമതി ലഭിച്ച ചിത്രത്തിന്‍റെ ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ തുടർന്ന് പാകിസ്ഥാൻ വിവര വിക്ഷേപണ മന്ത്രാലയം പിന്നീട് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. ആക്ഷേപകരമായ ഉള്ളടക്കമാണ് ചിത്രത്തിന്‍റെതെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ നിരോധനം ഏർപ്പെടുത്തിയത്.
അഭിനേതാക്കളായ സാനിയ സയീദ്, അലി ജുനെജോ, അലീന ഖാൻ, റസ്‌തി ഫാറൂഖ്, സൽമാൻ പിർസാദ, സൊഹൈൽ സമീർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അപൂർവ ഗുരു ചരൺ, സർമദ് സുൽത്താൻ ഖൂസത്ത്, ലോറൻ മാൻ എന്നിവർ ചേർന്നാണ് ജോയ്‌ലാൻഡ് നിർമിക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാകിസ്ഥാനിൽ നിന്നുള്ള ആദ്യ ചിത്രമായിരുന്നു ജോയ്‌ലാൻഡ്.
priyanka chopra about joyland: 'ജോയ്‌ലാൻഡ് നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്. ഈ കഥയ്‌ക്ക് ജീവൻ നൽകിയതിന് മുഴുവൻ ടീമിനും അഭിനന്ദനം', പ്രിയങ്ക ചൊപ്ര ജനുവരിയിൽ ജോയ്‌ലാൻഡിന്‍റെ ട്രെയിലർ വീഡിയോ പങ്കിട്ടുകൊണ്ട് തന്‍റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചിരുന്നു.