ചെന്നൈ: പൊന്നിയിന്‍ സെല്‍വന്‍ പ്രദര്‍ശനത്തിന് എത്തിയതിന് പിന്നാലെ തമിഴകത്ത് രാജരാജ ചോളനെ കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും ചൂടുപിടിക്കുന്നു. രാജരാജ ചോളന്‍ ഒരു ഹിന്ദു രാജാവല്ലെന്ന തരത്തില്‍ സംവിധായകന്‍ വെട്രിമാരന്‍ നടത്തിയ പ്രസ്‌താവനയാണ് വിവാദത്തിന് കാരണമായത്. തമിഴിലെ തിരുവള്ളുവരെയും രാജരാജ ചോളനെയും കാവി വത്ക്കരിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വെട്രിമാരൻ ഒരു പരിപാടിയിൽ പറഞ്ഞു.
നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍, കോണ്‍ഗ്രസ് പാര്‍ലമെന്‍റ് അംഗം എസ് ജോതിമണി തുടങ്ങിയവര്‍ വെട്രിമാരന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ വെട്രിമാരനെതിരെ ആഞ്ഞടിച്ചു കൊണ്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള തെലങ്കാന, പുതുച്ചേരി ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും ബിജെപി മുന്‍ ദേശീയ സെക്രട്ടറി എച്ച് രാജയും രംഗത്തു വന്നു.
രാജാവിനെ അഹിന്ദുവായി ചിത്രീകരിക്കാനുള്ള ശ്രമം കണ്ട് ഞെട്ടിപ്പോയി. തമിഴ്‌നാട്ടിൽ ഹൈന്ദവ സാംസ്‌കാരിക സ്വത്വം മറച്ചുവയ്‌ക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അതിനെ ചെറുക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും തമിഴിസൈ സൗന്ദരരാജന്‍ അഭിപ്രായപ്പെട്ടു.
രാജരാജ ചോളൻ ശിവന്‍റെ കടുത്ത ഭക്തനാണെന്നും സ്വയം 'ശിവപാദ ശേഖരൻ' എന്ന് വിളിക്കാറുണ്ടെന്നും എച്ച് രാജ അവകാശപ്പെട്ടു. 'ബൃഹദീശ്വരർ ക്ഷേത്രം പണിതത് അദ്ദേഹമാണ്. ഹിന്ദുവല്ലെന്ന് പറയാൻ രാജരാജ ചോളൻ പള്ളികളോ മസ്‌ജിദുകളോ പണിതിട്ടുണ്ടോ?', എച്ച് രാജ ചോദിച്ചു.