ചെന്നൈ :കാർത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിൽ രാഘവ ലോറൻസും എസ് ജെ സൂര്യയും തകർത്തഭിനയിച്ച സിനിമയാണ് 'ജിഗർതണ്ട ഡബിൾ എക്‌സ്'. കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തി, പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം നേടിയ ഈ ചിത്രം അടുത്തിടെയാണ് ഒടിടിയിൽ പ്രദർശനം ആരംഭിച്ചത്. ഇപ്പോഴിതാ 'ജിഗർതണ്ട ഡബിൾ എക്‌സി'നെ കുറിച്ചുള്ള ഇതിഹാസ അമേരിക്കൻ നടനും സംവിധായകനുമായ ക്ലിന്‍റ് ഈസ്റ്റ്‌വുഡിന്‍റെ (American actor, film director Clint Eastwood) വാക്കുകളാണ് ചർച്ചയാകുന്നത്.
ക്ലിന്‍റ് ഈസ്റ്റ്‌വുഡിനും സത്യജിത് റേയ്‌ക്കുമുള്ള സമർപ്പണമാണ് തന്‍റെ സിനിമയെന്ന് 'ജിഗർതണ്ട ഡബിൾ എക്‌സ്' റിലീസിന് മുന്നോടിയായി കാർത്തിക് സുബ്ബരാജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ 'ജിഗർതണ്ട ഡബിൾ എക്‌സ്' കാണാൻ ഒരു ആരാധകൻ ക്ലിന്‍റ് ഈസ്റ്റ്‌വുഡിനോട് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി സിനിമ കാണുമെന്ന് ക്ലിന്‍റ് ഈസ്റ്റ്‌വുഡ് ഉറപ്പുനൽകുകയായിരുന്നു.
നിലവിൽ 'ജൂറർ 2' എന്ന സിനിമയുടെ തിരക്കുകളിലാണ് ക്ലിന്‍റ് ഈസ്റ്റ്‌വുഡ്. 'ജൂറർ 2' സിനിമയുടെ ജോലികൾ പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ 'ജിഗർതണ്ട ഡബിൾ എക്‌സ്' കാണുമെന്നാണ് ആരാധകന് ഇതിഹാസ സംവിധായകന്‍റെ എക്‌സ് ഹാൻഡിൽ ഉറപ്പ് നൽകിയിരിക്കുന്നത്. ഞങ്ങൾ 'ജിഗർതണ്ട ഡബിൾ എക്‌സ്' എന്ന തമിഴ് സിനിമ നിർമ്മിച്ചിട്ടുണ്ടെന്നും സിനിമയിലുടനീളം നിങ്ങൾക്ക് വലിയ ആദരവാണ് നൽകിയതെന്നുമാണ് ആരാധകൻ ക്ലിന്‍റ് ഈസ്റ്റ്‌വുഡിനെ ടാഗ് ചെയ്‌തുകൊണ്ട് കുറിച്ചത്.
സമയം കിട്ടുമ്പോൾ ദയവായി ഈ സിനിമ കാണണമെന്നും നെറ്റ്ഫ്ലിക്‌സിൽ ചിത്രം ലഭ്യമാണെന്നും പോസ്റ്റിൽ പറയുന്നു. 'ഹായ്. ക്ലിന്‍റിന് ഈ സിനിമയെക്കുറിച്ച് അറിയാം. അദ്ദേഹത്തിന്‍റെ പുതിയ സിനിമ 'ജൂറർ 2' പൂർത്തിയാകുമ്പോൾ അദ്ദേഹം സിനിമ കാണും. നന്ദി". ക്ലിന്‍റിന്‍റെ ഒഫീഷ്യൽ എക്‌സ് ഹാൻഡിൽ മറുപടിയും നൽകി.