തെലുഗു മെഗാ സ്റ്റാർ ചിരഞ്‍ജീവി (Chiranjeevi) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭോലാ ശങ്കര്‍' (Bholaa Shankar). ചിരഞ്‍ജീവി ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടി ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ്.
തമിഴ് സൂപ്പർ താരം അജിത് നായകനായി എത്തിയ ഹിറ്റ് ചിത്രം 'വേതാള'ത്തിന്‍റെ (Vedalam) റീമേക്കാണ് ചിരഞ്‍ജീവിയെ നായകനാക്കി മെഹര്‍ രമേശ് (Meher Ramesh) സംവിധാനം ചെയ്യുന്ന 'ഭോലാ ശങ്കര്‍'. ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ ആണ് 'വേതാളം' പുറത്തിറങ്ങിയത്. തമിഴില്‍ 'വേതാളം' ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചതിന് സമാനമായി 'ഭോലാ ശങ്കറും' വൻ വിജയമാകുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും ഒപ്പം ആരാധാകരും.
സമീപകാലത്ത് ചിരഞ്‍ജീവി നായകനായ മിക്ക ചിത്രങ്ങളും ലാഭം കൊയ്‌തിരുന്നു. അക്കൂട്ടത്തിലേക്ക് ഈ പുതിയ ചിത്രവും എത്തുമെന്നാണ് 'ഭോലാ ശങ്കർ' അണിയറക്കാരുടെ പ്രതീക്ഷ. അതേസമയം ചിത്രം ആക്ഷനും പ്രണയത്തിനുമെല്ലാം പ്രാധാന്യം ഉള്ളതായിരിക്കും എന്ന് അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലര്‍.
കീര്‍ത്തി സുരേഷും (Keerthy Suresh) തമന്നയും (Tamannaah Bhatia) ആണ് ചിത്രത്തിലെ നായികമാർ. ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ ആണ് കീര്‍ത്തി സുരേഷ് എത്തുന്നത്. വക്കീൽ വേഷമാണ് തമന്ന അവതരിപ്പിക്കുന്നത്. ഇരുവരുടെയും തകർപ്പൻ പ്രകടനങ്ങളും ട്രെയിലറില്‍ കാണാം. റിലീസായി മണിക്കൂറുകൾക്കകം ഒരു മില്യണിലേറെ ആളുകളാണ് യൂട്യൂബില്‍ ട്രെയിലർ കണ്ടത്.