ബഹിരാകാശ പര്യവേഷണത്തില്‍ ചരിത്രം കുറിച്ച്, ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ ഭാരതം (India). ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേഷണ വാഹനം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ചന്ദ്രനില്‍ സോഫ്‌റ്റ് ലാൻഡിങ് (Soft Landing) നടത്തുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറി. രാജ്യം കാത്തിരുന്ന ചന്ദ്രയാൻ 3 (Chandrayaan 3) ദൗത്യം വിജയം കണ്ടതിന്‍റെ സന്തോഷവും അഭിമാനവും പങ്കുവയ്‌ക്കുകയാണ് സിനിമ ലോകവും (Film industry calls ISRO pride of India).
ഏക പ്രകൃതി ദത്ത ഉപഗ്രഹമായ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ബഹിരാകാശ പേടകം ഇറക്കിയതിന്‍റെ ചരിത്ര നേട്ടത്തിൽ മോഹൻലാൽ (Mohanlal), ഷാരൂഖ് ഖാൻ (Shah Rukh Khan) അക്ഷയ് കുമാർ (Akshay Kumar), യാഷ് (Yash) കരീന കപൂർ ഖാൻ (Kareena Kapoor Khan), ജൂനിയർ എൻടിആർ (Jr NTR), സണ്ണി ഡിയോൾ (Sunny Deol) എന്നിവരുൾപ്പടെയുള്ള സിനിമ രംഗത്തെ പ്രമുഖർ രാജ്യത്തെയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെയും (ഐഎസ്ആർഒ) അഭിനന്ദനം അറിയിച്ചു (Chandrayaan-3 landed on moon Greetings from Film industry).
'ഒടുവിൽ, ദക്ഷിണധ്രുവം മനുഷ്യരാശിക്കായി തുറക്കുന്നു! ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ, ചന്ദ്രയാൻ 3 സ്‌പർശിച്ചതിന് ഇസ്രോയിലെ ഓരോ ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്‌ധർക്കും സ്റ്റാഫ് അംഗങ്ങൾക്കും അഭിനന്ദനങ്ങൾ! ഒരു ജനതയെ മുഴുവൻ അഭിമാനിപ്പിച്ച ജിജ്ഞാസയും സ്ഥിരോത്സാഹവും പുതുമയും ഇവിടെയുണ്ട്! ജയ് ഹിന്ദ്!'- അഭിമാന നിമിഷത്തില്‍ നടൻ മോഹൻലാൽ ഇങ്ങനെ കുറിച്ചു.
'ചാന്ദ് താരേ തോദ് ലാവൂൻ....സാരി ദുനിയ പർ മെയിൻ ചാവൂൻ' എന്ന ഈരടികൾ പങ്കുവച്ചാണ് നടൻ ഷാരൂഖ് ഖാൻഅഭിമാന നിമിഷത്തില്‍ സന്തോഷം പ്രകടമാക്കിയത്. ഇന്ത്യയ്‌ക്ക് അഭിമാന നിമിഷം നൽകിയ മുഴുവൻ ടീമിനും ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു.
ഒരു ബില്യൺ ഹൃദയങ്ങൾ ഐഎസ്ആർഒയ്‌ക്ക് ഈ നിമിഷം നന്ദി പറയുന്നു എന്നാണ് അക്ഷയ് കുമാർഎക്‌സിൽ കുറിച്ചത്. 'നിങ്ങൾ ഞങ്ങളെ വളരെയധികം അഭിമാനിതരാക്കി. ഇന്ത്യ ചരിത്രം സൃഷ്‌ടിക്കുന്നത് കാണുന്നതും ഭാഗ്യമാണ്. ഇന്ത്യ ചന്ദ്രനിലാണ്, ഞങ്ങൾ ചന്ദ്രന് മുകളിലാണ്'- താരം എഴുതി.
തന്‍റെ കുട്ടികളോടൊപ്പം 'ചന്ദ്രയാൻ-3' ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങുന്നത് കാണുമെന്ന് നടി കരീന കപൂർ ഖാൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അഭിമാനിയായ ഇന്ത്യക്കാരിയാണ് താനെന്ന് പറഞ്ഞിരിക്കുകയാണ് കരീന. 'എന്തൊരു അത്ഭുതകരമായ ടച്ച്‌ഡൗൺ! അഭിമാനം!" ഐഎസ്ആർഒയുടെ പോസ്റ്റ് ഷെയർ ചെയ്‌തുകൊണ്ട് കരീന തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
"എന്തൊരു അഭിമാന നിമിഷം' എന്നാണ് സണ്ണി ഡിയോളിന്‍റെ വാക്കുകൾ. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ സുപ്രധാന നേട്ടത്തില്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. "അവിശ്വസനീയമാംവിധം സന്തോഷവും അഭിമാനവും തോന്നുന്നു എന്നാണ് കജോളിന്‍റെ (Kajol) പോസ്റ്റ്. ചരിത്രത്തിന്‍റെ ഈ നിമിഷം അനുഭവിക്കാൻ സാധിച്ചതിൽ താൻ അഭിമാനിക്കുന്നു എന്ന് അജയ് ദേവ്ഗൺ(Ajay Devgn) കുറിച്ചു. താൻ ആവേശഭരിതനാണെന്നും ആദരവ് അർപ്പിക്കുന്നുവെന്നും താരം പറഞ്ഞു.
തന്‍റെ ജനത ഉയരത്തിൽ എത്തുകയും അവരുടെ ഏറ്റവും മികച്ചത് നൽകുകയും ചെയ്യുന്നു എന്നതിന് സാക്ഷിയായതിൽ ഇന്ന് ഹൃദയം അഭിമാനത്താൽ വീർപ്പുമുട്ടുകയാണെന്ന് ഹൃത്വിക് റോഷൻ (Hrithik Roshan) പറഞ്ഞു. 'അഭിനന്ദനങ്ങൾ, ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിന് പിന്നിലെ പ്രതിഭകൾക്ക് എന്‍റെ ആദരവ്'- ഹൃത്വിക് റോഷൻ ട്വീറ്റ് ചെയ്‌തു.
'ശ്രമിക്കുന്നവർക്ക് അസാധ്യമായി ഒന്നുമില്ല' എന്നാണ് ഇന്ത്യയുടെ അഭിമാന നേട്ടത്തിൽ പ്രതികരിച്ച് തെന്നിന്ത്യൻ താരം യാഷ് കുറിച്ചത്. 'ചന്ദ്രയാൻ-3 ഉപയോഗിച്ച് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി, വിജയകരമായി ഇറങ്ങിയതിൽ അഭിനന്ദനങ്ങൾ. നിങ്ങൾ ചരിത്രം സൃഷ്‌ടിക്കുകയും ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യയെ മുൻനിരയിൽ നിർത്തുകയും ചെയ്‌തു. എല്ലാ ഇന്ത്യക്കാരെയും അഭിമാനിതരാക്കി, നക്ഷത്രങ്ങളിലേക്ക് എത്താൻ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്‌തിരിക്കുന്നു'- യാഷ് കുറിച്ചു.
ഓരോ ഇന്ത്യക്കാരനും ഇതൊരു ചരിത്ര ദിനമാണെന്ന് മനോജ് ബാജ്‌പേയി(Manoj Bajpayee) പ്രതികരിച്ചു. 'നക്ഷത്രങ്ങളിലേക്കും ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും നമുക്ക് എത്തിച്ചേരാനാകുമെന്ന അഭിമാനത്തിന്‍റെയും വിശ്വാസത്തിന്‍റെയും നിമിഷം, അഭിമാനം!'- താരം എഴുതി.
ചന്ദ്രയാൻ-3 ന്‍റെ സോഫ്റ്റ് ലാൻഡിങിനെ "ഇന്ത്യയുടെ സുപ്രധാന നേട്ടം" എന്നാണ് ചിരഞ്ജീവി(Chiranjeevi) വിശേഷിപ്പിച്ചത്. ചന്ദ്രനിൽ ഒരു അവധിക്കാലം എന്നത് ഇപ്പോൾ ഒരു വിദൂര സ്വപ്‌നമായിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
"ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ഉപരിതലത്തിൽ വിജയകരമായി ലാൻഡിങ് നടത്തിയതിന് ഐഎസ്ആർഒയ്‌ക്ക് എന്‍റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. എപ്പോഴത്തെയും പോലെ, നിങ്ങൾ ഇന്ത്യയുടെ അഭിമാനമാണ്'- ജൂനിയർ എൻടിആർ ഇങ്ങനെ എഴുതി.
അഭിനേതാക്കളായ സിദ്ധാർഥ് മൽഹോത്രയും (Sidharth Malhotra) കാർത്തിക് ആര്യനും(Kartik Aaryan) ഇന്ത്യക്കാർക്ക് അഭിമാനകരവും ചരിത്രപരവുമായ നിമിഷം നൽകിയതിന് ഐഎസ്ആർഒയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തി. രാഷ്‌ട്രത്തിന് ഇത്തരമൊരു അഭിമാന നിമിഷം സമ്മാനിച്ചതിന് വിജയ് വർമ്മയും (Vijay Varma) ഐഎസ്ആർഒയ്‌ക്ക് നന്ദി രേഖപ്പെടുത്തി.