പി.വാസു സംവിധാനം ചെയ്യുന്ന 'ചന്ദ്രമുഖി 2' ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്ത്. പി. വാസുവിന്‍റെ (P Vasu) സംവിധാനത്തിൽ രാഘവ ലോറൻസും (Raghava Lawrence) ബോളിവുഡ് താരം കങ്കണ റണാവത്തും (Kangana Ranaut) പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ 'മോരുണിയെ' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആദ്യ ഗാനം പോലെ തന്നെ രണ്ടാം ഗാനവും പ്രേക്ഷകർ ഏറ്റെടുക്കുകയാണ് (Chandramukhi 2 Moruniye song).
റിലീസായതിന് പിന്നാലെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഈ ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഓസ്‌കർ ജേതാവ് എം. എം കീരവാണിയാണ് (M.M. Keeravaani). ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേകാണ്. എസ്. പി. ചരൺ, ഹരിക നാരായൺ എന്നിവരുടെ ആലാപനം കൂടി ചേർന്നതോടെ ഗാനം പ്രേക്ഷകരുടെ ഉള്ളിലേക്ക് കുടിയേറിക്കഴിഞ്ഞു.
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ മുൻനിരയിലുള്ള ‘മണിച്ചിത്രത്താഴി’ന്‍റെ (Manichitrathazhu) തമിഴ് റീമേക്കായ 'ചന്ദ്രമുഖി' (Chandramukhi) യുടെ രണ്ടാം ഭാഗമാണ് 'ചന്ദ്രമുഖി 2'. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ ഈ ചിത്രം സെപ്റ്റംബർ 19, വിനായക ചതുർഥി ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തും. തമിഴ്, തെലുഗു, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
പി. വാസുവിന്‍റെ 65-മത് ചിത്രം കൂടിയാണ് 'ചന്ദ്രമുഖി 2'. ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 18 വർഷം മുമ്പ് തമിഴ് സിനിമ കലക്ഷനിൽ റെക്കോഡ് സൃഷ്‌ടിച്ച ചിത്രമായിരുന്നു 'ചന്ദ്രമുഖി'.
2005ൽ പുറത്തിറങ്ങിയ ചന്ദ്രമുഖി രണ്ടര വര്‍ഷത്തോളമാണ് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിറഞ്ഞോടിയത്. രജനികാന്ത്, പ്രഭു, ജ്യോതിക, നയൻതാര, വിനീത് തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തിയത്. വര്‍ഷങ്ങൾക്കിപ്പുറം ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തുമ്പോൾ ഏറെ ആവേശത്തിലാണ് സിനിമാസ്വാദകർ.