കുഞ്ചാക്കോ ബോബൻ (Kunchacko Boban), ആന്‍റണി വർഗീസ് (Antony Varghese), അർജുൻ അശോകൻ (Arjun Ashokan) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ചാവേർ' (Chaaver). ടിനു പാപ്പച്ചൻ (Tinu Pappachan) സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്ക് ഉൾപ്പടെ നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്ററും ടീസറുമെല്ലാം മികച്ച പ്രതികരണമാണ് നേടിയത്.
ഏറെ ആകാംക്ഷയും ദുരൂഹതകളും പേറുന്ന ടൈറ്റിൽ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ ഫസ്റ്റ് ലുക്ക് സാൻഡ് ആർട്ടുമായി (Chaaver First Look Sand Art ) പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ് 'ചാവേർ' ടീം.
പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കാണ് മുനമ്പം ബീച്ചിൽ മണലിൽ തീർത്തത്. പ്രശസ്‌ത ശിൽപ്പിയായ ഡാവിഞ്ചി സുരേഷ് ആണ് മുപ്പത് അടി നീളത്തിലും ഇരുപത് അടി വീതിയിലും പത്തടി ഉയരത്തിലും ശിൽപ്പം തീർത്തിരിക്കുന്നത്. ചിത്രത്തിലെ നായകന്മാരായ കുഞ്ചാക്കോ ബോബൻ, ആന്‍റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ ശിൽപ്പം നേരിട്ട് കാണുവാൻ എത്തിയിരുന്നു.
അശോകൻ എന്ന കഥാപാത്രമായാണ് 'ചാവേറി'ല്‍ കുഞ്ചാക്കോ ബോബൻ എത്തുന്നത്. 'അശോകന്‍റെ വാണ്ടഡ് നോട്ടിസ്' കേരളം ഒട്ടാകെ വിതരണം ചെയ്‌താണ് അണിയറക്കാർ കുഞ്ചാക്കോ ബോബന്‍റെ ലുക്ക് പുറത്തുവിട്ടത്. മുടി പറ്റെ വെട്ടി, കട്ട താടിയുമായി എത്തിയ ചാക്കോച്ചന്‍റെ ലുക്ക് മികച്ച പ്രതികരണമാണ് നേടിയത്.
READ ALSO:Chaver Movie| 'ടിയാനെ കണ്ടെത്തുന്നവർ ഉടൻ അറിയിക്കുക'; കൗതുകമുണർത്തി 'ചാവേർ' പോസ്റ്റർ
'ചാവേർ' ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന് സംവിധായകൻ ടിനു പാപ്പച്ചന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ മനോജ് കെ യു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ തുടങ്ങിയവരും അണിനിരക്കുന്നു. അരുൺ നാരായൺ (Arun Narayan), വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിന്‍റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ നിഷാദ് യൂസഫ് ആണ്. ജസ്റ്റിൻ വർഗീസ് (Justin Varghese) ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.
പ്രൊഡക്ഷൻ ഡിസൈൻ - ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - മെൽവി ജെ, സംഘട്ടനം - സുപ്രീം സുന്ദർ, വി എഫ് എക്‌സ് - ആക്‌സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്‌ടർ - രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ് - അർജുൻ കല്ലിങ്കൽ, ഡിസൈൻസ് - മക്‌ഗുഫിൻ.