മുംബൈ: തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന ബോളിവുഡിന് പുത്തന്‍ ഉണര്‍വേകി തകര്‍പ്പന്‍ കലക്ഷനുമായി ബ്രഹ്മാസ്‌ത്ര. അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ സെപ്‌റ്റംബര്‍ ഒന്‍പതിന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനത്തിൽ തന്നെ 75 കോടിയാണ് നേടിയത്. രണ്‍ബിര്‍ കപൂര്‍, അയാന്‍ മുഖര്‍ജി, കരണ്‍ ജോഹര്‍, അപൂര്‍വ മെഹ്‌ത തുടങ്ങിയവരുടെ നിര്‍മാണ കമ്പനികളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ബോളിവുഡിന് ഇത് 'പുത്തന്‍ പുതുക്കാലം'; ആദ്യ ദിനത്തില്‍ 75 കോടി നേടി ബ്രഹ്മാസ്‌ത്ര
400 കോടിയിലധികം മുടക്കിയാണ് ബ്രഹ്മാസ്‌ത്ര നിര്‍മിച്ചത്. റിലീസ് ചെയ്‌ത സെപ്‌റ്റംബര്‍ ഒന്‍പതിന് തന്നെ 75 കോടി നേടിയത് ബോളിവുഡിന് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്
"ബ്രഹ്മാസ്‌ത്രയുടെ ഒന്നാം ഭാഗം 75 കോടിയാണ് ആദ്യദിനം തന്നെ സ്വന്തമാക്കിയത്. സിനിമ വ്യവസായം, തിയേറ്റർ ഉടമകൾ തുടങ്ങിയവര്‍ വാരാന്ത്യത്തോടെ തന്നെ വൻതുക കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്!" പ്രൊഡക്ഷൻ ബാനറുകളായ സ്റ്റാർ സ്റ്റുഡിയോസും ധർമ പ്രൊഡക്ഷൻസും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കിട്ട കുറിപ്പിൽ പറയുന്നു.
400 കോടിക്ക് മുകളില്‍ ചെലവിട്ട് നിര്‍മിച്ച ചിത്രത്തില്‍ രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫാന്‍റസിയാണ് ചിത്രത്തിന്‍റെ പ്രമേയം. അതേസമയം, സിനിമയുടെ കഥ, സംഭാഷണം എന്നിവയ്‌ക്ക് നിരൂപകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉണ്ടാവുന്നത്. ചിത്രത്തിലെ വിഎഫ്‌എക്‌സിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.