കേരളം

kerala

ETV Bharat / entertainment

ബോംബെ ജയശ്രീയുടെ ആരോഗ്യനില തൃപ്‌തികരം; വ്യാജ വാർത്തകൾ അവഗണിക്കണമെന്ന് കുടുംബം

ബ്രിട്ടനിലെ ലിവർപൂളിൽ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബോംബെ ജയശ്രീയെ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

By

Published : Mar 24, 2023, 7:43 PM IST

Bombay Jayashri Ramnath stable are health setback in UK  ബോംബെ ജയശ്രീ  Bombay Jayashri  ബോംബെ ജയശ്രീ ആശുപത്രിയിൽ  ബോംബെ ജയശ്രീയുടെ ആരോഗ്യനില തൃപ്‌തികരം  Bombay Jayashri Ramnath  Bombay Jayashri Ramnath stable
ബോംബെ ജയശ്രീയുടെ ആരോഗ്യനില തൃപ്‌തികരം

ന്യൂഡൽഹി: ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്‌ത ഗായിക ബോംബെ ജയശ്രീയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതരും കുടുംബവും അറിയിച്ചു. ഗായിക നിലവിൽ സുഖം പ്രാപിച്ച് വരികയാണെന്നും കുറച്ച് ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃതർ വ്യക്‌തമാക്കി. ഇംഗ്ലണ്ടിലെ ലിവർപൂളിൽ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഗായികയെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ബോംബെ ജയശ്രീയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയിലൂടെയാണ് ഗായികയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമെന്ന് കുടുംബം അറിയിച്ചത്. 'ഒരു സംഗീത പര്യടനത്തിനായി യുകെയിൽ എത്തിയ ബോംബെ ജയശ്രീക്ക് ആരോഗ്യസ്ഥിതിയിൽ ഒരു തിരിച്ചടി നേരിട്ടു. എന്നാൽ സമയബന്ധതമായി തന്നെ അവർക്ക് വൈദ്യസഹായം ലഭിച്ചു. നാഷണൽ ഹെൽത്ത് സർവീസിലെ പ്രഗത്ഭരായ ജീവനക്കാർക്കും ഒപ്പമുണ്ടായിരുന്ന കലാകാരൻമാർക്കും നന്ദി.

ബോംബെ ജയശ്രീ നിലവിൽ സുഖം പ്രാപിച്ച് വരികയാണ്. ഈ അവസരത്തിൽ ജയശ്രീയുടെ കുടുംബം സ്വകാര്യതയും നിങ്ങളുടെ പിന്തുണയും അഭ്യർഥിക്കുന്നു. പ്രിയ ഗായികയുടെ ആരോഗ്യ വിവരങ്ങൾ ഞങ്ങൾ നിങ്ങളെ യഥാസമയം അറിയിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ അവഗണിക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നു, നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി'. പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

ലിവർപൂളിൽ വെച്ച് ബോംബെ ജയശ്രീക്ക് മസ്‌തിഷ്‌കാഘാതം ഉണ്ടായി എന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. ഗായികയെ അബോധാവസ്ഥയിൽ ഹോട്ടൽ മുറിയിൽ കണ്ടെത്തിയെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നുമായിരുന്നു റിപ്പോർട്ടുകൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായികയെ കീ ഹോൾ ശസ്‌ത്രക്രിയക്ക് വിധേയമാക്കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

ഭാഷകൾ ഭേദിച്ച സ്വരമാധുര്യം: കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്‍റേതായ വ്യക്തി മുദ്ര നൽകിയ സംഗീതജ്ഞയാണ് ബോംബെ ജയശ്രീ. സിനിമ പിന്നണി ഗാനരംഗത്തും തിളങ്ങിയ ബോംബെ ജയശ്രീ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1997ൽ പുറത്തിറങ്ങിയ ഇരുവറിലെ 'നറുമുഗയേ' എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് ബോംബെ ജയശ്രീയുടെ കരിയറിൽ വഴിത്തിരിവായത്.

എ.ആർ റഹ്‌മാന്‍റെ സംഗീതത്തിൽ ഉണ്ണികൃഷ്‌ണനോടൊപ്പം പാടിയ ഗാനം ഭാഷാ ഭേദമില്ലാതെ സംഗീതപ്രേമികൾ ഒന്നടങ്കം ഏറ്റെടുത്തു. എന്നാൽ ബോംബെ ജയശ്രീയുടെ കരിയറിൽ ഏറ്റവും വലിയ വഴിത്തിരിവായത് മിന്നലെ എന്ന ചിത്രത്തിലെ 'വസീഗരാ' എന്ന ഗാനമായിരുന്നു. ഹാരിസ് ജയരാജ് ഈണമിട്ട ഈ പാട്ടിലൂടെ മികച്ച തമിഴ്‌ പിന്നണി ഗായികയ്‌ക്കുള്ള ഫിലിംഫെയർ അവാർഡും ജയശ്രീയെ തേടിയെത്തി.

തുടർന്ന് ഗജിനിയിലെ 'സുട്രും വിഴി', വേട്ടയാട് വിളയാടുവിലെ 'പാർത്ത മുതൽ', ധാം ധൂം എന്ന ചിത്രത്തിലെ 'യാരോ മണത്തിലെ', രഹ്നാ ഹേ തെരേ ദിൽ മേം എന്ന ചിത്രത്തിലെ 'സാരാ സര ബേഹക്താ ഹേ' തുടങ്ങിയ ഒരുപിടി ബോംബെ ജയശ്രീയുടെ സ്വരമാധുര്യത്തിൽ നാം ആസ്വദിച്ചു. ഒരേ കടലിലെ ‘പ്രണയസന്ധ്യയൊരു വിൺസൂര്യന്‍റെ വിരഹമറിയുന്നുവോ’ ആണ് മലയാളത്തിൽ ബോംബെ ജയശ്രീ പാടിയ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്.

ABOUT THE AUTHOR

...view details