കേരളം

kerala

കെജിഎഫ് അധീര മുതല്‍ കാഞ്ച ചീന വരെ ; സഞ്ജയ് ദത്തിന്‍റെ മികച്ച വില്ലന്‍ കഥാപാത്രങ്ങള്‍

ബോളിവുഡില്‍ നിരവധി ആരാധകരുളള താരമാണ് സഞ്ജയ് ദത്ത്. കെജിഎഫ് 2വിലൂടെ തെന്നിന്ത്യയിലും സൂപ്പര്‍താരത്തിന് ആരാധക പിന്തുണ വര്‍ധിച്ചിരിക്കുകയാണ്

By

Published : May 17, 2022, 9:15 PM IST

Published : May 17, 2022, 9:15 PM IST

Updated : May 17, 2022, 11:04 PM IST

sanjay dutt best antagonist roles  sanjay dutt best villain roles  kgf 2 adheera  sanjay dutt movies  സഞ്ജയ് ദത്ത് വില്ലന്‍ കഥാപാത്രങ്ങള്‍  സഞ്ജയ് ദത്തിന്‍റെ മികച്ച വില്ലന്‍ വേഷങ്ങള്‍  കെജിഎഫ് 2 അധീര
കെജിഎഫ് അധീര മുതല്‍ കാഞ്ച ചീന വരെ, സഞ്ജയ് ദത്തിന്‍റെ മികച്ച വില്ലന്‍ കഥാപാത്രങ്ങള്‍

കെജിഎഫ് 2വിലെ അധീര എന്ന കഥാപാത്രമായി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് സഞ്ജയ് ദത്ത്. നടന്‍റെ കരിയറിലെ തന്നെ എറ്റവും മികച്ച വില്ലന്‍ കഥാപാത്രമാണ് അധീര എന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടു. കെജിഎഫ് ചാപ്റ്റര്‍ 2വില്‍ യഷ് അവതരിപ്പിച്ച റോക്കി ഭായുടെ കടുത്ത ഏതിരാളി ആയാണ് സഞ്ജയ് ദത്ത് എത്തുന്നത്.

അര്‍ബുദ ബാധിതനായ സമയത്തും അധീര ആയി തങ്ങള്‍ക്ക് വേറെ ഓപ്ഷനില്ലെന്ന അണിയറക്കാരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സഞ്ജയ് ദത്ത് കെജിഎഫ് 2വില്‍ എത്തിയത്. ബിഗ് ബജറ്റ് ചിത്രത്തിലെ നടന്‍റെ ഗെറ്റപ്പും വസ്ത്രധാരണവുമെല്ലാം ശ്രദ്ധേയമായിരുന്നു.

റോക്കി ഭായ്‌ക്കൊപ്പം തന്നെ കെജിഎഫ് 2വിന്‍റെ വിജയത്തില്‍ സഞ്ജയ് ദത്തിന്‍റെ റോളും നിര്‍ണായക പങ്കുവഹിച്ചു. കെജിഎഫിന് മുന്‍പ് ബോളിവുഡിലും നിരവധി ശ്രദ്ധേയ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് സഞ്ജയ് ദത്ത്. നായകവേഷങ്ങള്‍ക്ക് പുറമെ സഞ്ജു ബാബയെ പ്രതിനായക റോളുകളിലും കാണാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.

കെജിഎഫിലെ അധീര നടന്‍റേതായി തരംഗമായപ്പോള്‍ സഞ്ജയ് ദത്ത് ചെയ്‌ത മറ്റ് വില്ലന്‍ കഥാപാത്രങ്ങളും വീണ്ടും ചര്‍ച്ചയാവുകയാണ്. ബോളിവുഡ് സൂപ്പര്‍താരം അവതരിപ്പിച്ച ശ്രദ്ധേയ വില്ലന്‍ റോളുകളെ കുറിച്ച് അറിയാം.

കാഞ്ചാ ചീന- അഗ്‌നിപഥ്

ഹൃത്വിക്ക് റോഷന്‍ നായകനായി 2012ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് അഗ്‌നിപഥ്. പ്രിയങ്ക ചോപ്ര നായികയായ സിനിമയില്‍ കാഞ്ചാ ചീന എന്ന പ്രതിനായക വേഷത്തിലാണ് സഞ്ജയ് ദത്ത് എത്തുന്നത്. അഗ്‌നിപഥിലെ നടന്‍റെ വില്ലന്‍ വേഷം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ കണ്ട പ്രേക്ഷകര്‍ക്ക് കരണത്ത് ഒന്ന് പൊട്ടിക്കാന്‍ തോന്നുന്ന തരത്തില്‍ അത്രയ്ക്കും ഗംഭീരമായാണ് സഞ്ജയ് ദത്ത് ആ റോള്‍ ചെയ്‌തത്.

ബല്‍റാം പ്രസാദ്- ഖല്‍നായക്

1993ല്‍ പുറത്തിറങ്ങിയ ഖല്‍നായക് എന്ന സിനിമയിലും പ്രേക്ഷക പ്രശംസ നേടിയ ഒരു വില്ലന്‍ റോളിലാണ് സഞ്ജയ് ദത്ത് അഭിനയിച്ചത്. ക്രിമിനലായ ബല്ലു എന്ന ബല്‍റാം എന്ന കഥാപാത്രത്തിന് നടന്‍ ജീവന്‍ നല്‍കി. ജാക്കി ഷ്റോഫും മാധുരി ദീക്ഷിതുമാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ബല്ലുവിന്‍റെ അറസ്റ്റും തുടര്‍ന്ന് ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമൊക്കെയാണ് സിനിമയില്‍ കാണിച്ചത്.

ബില്ല- മുസാഫിര്‍

അനില്‍ കപൂര്‍ നായകവേഷത്തില്‍ എത്തി 2004ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മുസാഫിര്‍. സമീറ റെഡ്ഡി നായികയായ സിനിമയില്‍ ബില്ല എന്ന കൊലപാതകിയുടെ റോളിലാണ് സഞ്ജയ് ദത്ത് എത്തിയത്. മുസാഫിറില്‍ അനില്‍ കപൂര്‍ അവതരിപ്പിച്ച ലക്കി എന്ന കഥാപാത്രത്തില്‍ നിന്നും 2.5 ലക്ഷം തട്ടി വഞ്ചിക്കുന്ന കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തിയത്.

രഘു- വാസ്‌തവ് ദി റിയാലിറ്റി

സഞ്ജയ് ദത്തും നമ്രതാ ഷിരോദ്‌കറും ആണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ചോട്ടാ രാജന്‍ എന്ന ഗ്യാങ്സ്റ്ററുടെ ജീവിതം ആസ്‌പദമാക്കിയുളള സിനിമ മുംബൈ അധോലോകത്തിന്‍റെ പച്ചയായ ജീവിതം തുറന്നുകാണിച്ചു. സഞ്ജയ് ദത്ത് അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരും സിനിമാ നിരൂപകരും ഒരു പോലെ പ്രശംസിച്ച റോളാണ്.

അഹമ്മദ് ഷാ അബ്‌ദാലി-പാനിപ്പത്ത്

അര്‍ജുന്‍ കപൂര്‍ നായകവേഷത്തില്‍ എത്തിയ പാനിപ്പത്ത് സിനിമയില്‍ അഹമ്മദ് ഷാ അബ്‌ദാലി എന്ന നെഗറ്റീവ് റോളിലാണ് സഞ്ജയ് ദത്ത് എത്തിയത്. 1761ല്‍ മറാത്തികളും അഫ്‌ഗാനിസ്ഥാന്‍ രാജാവ് അഹമ്മദ് ഷാ അബ്‌ദാലിയും തമ്മില്‍ നടന്ന മൂന്നാം പാനിപ്പത്ത് യുദ്ധം പ്രമേയമാക്കി ഒരുക്കിയ സിനിമയാണിത്. ബിഗ് ബജറ്റ് ചിത്രത്തിലെ സഞ്ജയ് ദത്തിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Last Updated : May 17, 2022, 11:04 PM IST

ABOUT THE AUTHOR

...view details