പനാജി(ഗോവ): ബിജെപി നേതാവും, സിനിമ താരവുമായ സോണാലി ഫോഗട്ടിനെ സഹായിയും പേഴ്‌സണല്‍ അസിസ്‌റ്റന്‍റും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് താരത്തിന്‍റെ സഹോദരന്‍ റിങ്കു ധാക്ക രംഗത്ത്. തന്റെ സഹോദരിയെ സഹായി സുഖ്‌വീന്ദറും, പേഴ്‌സണൽ അസിസ്‌റ്റന്‍റായ സുധീർ സംഗ്‌വാനും, ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് റിങ്കു ധാക്ക ഗോവ പൊലീസിൽ പരാതി നൽകിയത്. ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത ശേഷം സോണാലിയെ ഇവര്‍ ബലാത്സംഗം ചെയ്തെന്നാണ് റിങ്കുവിന്റെ ആരോപണം.
സംഗ്‌വാന്‍ ലഹരി കലർത്തിയ ഭക്ഷണം നൽകി ബലാത്സംഗം ചെയ്യുകയും വീഡിയോ എടുക്കുകയും അത് സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സൊണാലി പറഞ്ഞതായി റിങ്കുവിന്‍റെ പരാതിയിലുണ്ട്. സൊണാലിയുടെ രാഷ്‌ട്രീയ, അഭിനയ ജീവിതം നശിപ്പിക്കുമെന്ന് സാംഗ്‌വാൻ ഭീഷണിപ്പെടുത്തിയതായും, അവരുടെ ഫോണുകൾ, സ്വത്ത് രേഖകൾ, എടിഎം കാർഡുകൾ, വീടിന്റെ താക്കോലുകൾ എന്നിവ പിടിച്ചെടുത്തതായും പരാതിയില്‍ വ്യക്തമാക്കുന്നു.
ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ബിജെപി നേതാവ് സൊണാലിയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് (23.08.2022) നോർത്ത് ഗോവയിലെ അഞ്ജുനയിലെ സെന്റ് ആന്റണി ആശുപത്രിയിൽ എത്തിച്ചത്. ഹൃദയസ്‌തംഭനം മൂലമാണ് മരണമെന്നും പ്രാഥമിക റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാല്‍ ഈ ഫലങ്ങളില്‍ കുടുംബാംഗങ്ങൾ തൃപ്‌തരല്ല. മൃതദേഹം ന്യൂഡൽഹിയിലെ എയിംസിൽ വീണ്ടും പോസ്‌റ്റ്‌മോര്‍ട്ടം നടത്തണമെന്ന് സൊണാലിയുടെ സഹോദരൻ റിങ്കു ധാക്ക ആവശ്യപ്പെട്ടു.
"ഞങ്ങൾ ഇവിടെ തൃപ്തരല്ല. ഡൽഹി എയിംസിൽ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണം. സഹോദരി ബിജെപിയോട് കൂറുള്ളവളായിരുന്നു, പക്ഷേ ഞങ്ങളെ സഹായിക്കാൻ ഒരു ബിജെപി നേതാവും ഇവിടെ വന്നില്ല. ഞങ്ങൾക്ക് നീതി വേണം " - റിങ്കു പറഞ്ഞു. സൊണാലിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവൻ മൊനീന്ദർ ഫോഗട്ടും രംഗത്തെത്തി. തങ്ങളുടെ സഹോദരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് ഉറപ്പുണ്ടെന്ന് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, സൊണാലിയുടെ മരണത്തില്‍ 15 വയസ്സുള്ള മകൾ യശോധരയും ശരിയായ അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ചു.
2019 ലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ആദംപൂർ നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ ഫോഗട്ട് മത്സരിച്ചിരുന്നു. എന്നാല്‍ അന്ന് ഹരിയാന ജൻഹിത് കോൺഗ്രസിൽ ഉണ്ടായിരുന്ന കുൽദീപ് ബിഷ്‌ണോയിയോട് പരാജയപ്പെട്ടു. 2020-ൽ 'ബിഗ് ബോസ്' റിയാലിറ്റി ഷോയിലൂടെ അവര്‍ കൂടുതല്‍ ജനപ്രീതിയാര്‍ജിച്ചു.