അനന്തരിച്ച നടന്‍ ഇന്നസെന്‍റിനെ അനുസ്‌മരിച്ച് ബിനീഷ് കോടിയേരി. സോഷ്യല്‍ മീഡിയയിലൂടെ ദീര്‍ഘമായൊരു കുറിപ്പുമായാണ് ബിനീഷ് കോടിയേരി രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും കനത്ത ദു:ഖത്തോട് കൂടിയാണ് കുറിപ്പ് എഴുതുന്നതെന്ന് ബിനീഷ് പറയുന്നു. ഇന്നസെന്‍റ് ചേട്ടന്‍റെ വാക്കുകൾ അസുഖത്തെ നേരിടാൻ അച്ഛന് കരുത്ത് നൽകിയിട്ടുണ്ടെന്നും ബിനീഷ് ഫേസ്‌ബുക്കില്‍ കുറിച്ചു.
'ചിരി മായുന്നില്ല... എനിക്ക് ഏറ്റവും കൂടുതൽ അടുപ്പം ഉണ്ടായിരുന്ന ഒരാൾ, സിനിമാരംഗത്ത് അടുപ്പമുള്ള വ്യക്തി എന്നതിൽ ഉപരി എന്തെങ്കിലും ഒരു പ്രശ്‌നം വന്നാൽ തോളത്ത് തട്ടി തമാശരൂപേണ നമ്മുടെ കൂടെ നിൽക്കുന്ന ഒരാളുടെ വിയോഗമാണ് സംഭവിച്ചിട്ടുള്ളത്.
അച്ഛനുമായി ഏറ്റവും അടുപ്പം സൂക്ഷിച്ചിരുന്ന ഒരു സിനിമ നടനും അതിലുപരി ഒരു സഖാവുമായിരുന്നു ഇന്നസെന്‍റ് ചേട്ടൻ. ഇന്നസെന്‍റ് ചേട്ടന്‍റെ കുടുംബവുമായി വലിയ അടുപ്പം ഞങ്ങൾക്കുണ്ടായിരുന്നു. അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോൾ മുതൽ അച്ഛനെ വന്ന് കണ്ട് ആശ്വസിപ്പിക്കുകയും ഈ അസുഖത്തെ നമ്മൾ എങ്ങനെയാണ് നേരിടേണ്ടതെന്ന് ഒരു തമാശ രൂപേണ അച്ഛനോട് പറയുകയും, അച്ഛന് അസുഖമായിരുന്ന മൂന്ന് വർഷവും അച്ഛന്‍റെ ചികിത്സ കാര്യങ്ങൾ നിരന്തരം ചോദിച്ച് അറിയുകയും അച്ഛനുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്‌തിരുന്ന ഒരാളായിരുന്നു ഇന്നസെന്‍റ് ചേട്ടൻ.
ഇന്നസെന്‍റ് ചേട്ടനൊപ്പം നിരവധി തവണ നേരിട്ട് സംസാരിക്കുവാനും ഇന്നസെന്‍റേട്ടൻ സംസാരിക്കുന്ന കൂട്ടത്തിലും ഇരിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. സംസാരിക്കുമ്പോൾ എല്ലാം തന്‍റെ കഠിനമായ ജീവിത അനുഭവങ്ങളെ ബന്ധിപിച്ചു വളരെ സരസമായി ആണ് കാര്യങ്ങൾ അവതരിപ്പിക്കുക, ഏറ്റവും കഠിനമായ ഒരു കാര്യം പറഞ്ഞാലും ഇന്നസെന്‍റ് ചേട്ടൻ അത് സ്വന്തം അനുഭവത്തോട് ഉപമിച്ച് വളരെ ലഘുകരിച്ച് നമ്മളോട് സംസാരിക്കുമായിരുന്നു. അതൊക്കെ ജീവിതത്തിൽ വലിയ പ്രയാസങ്ങളും പ്രതിസന്ധികളും വന്നപ്പോൾ പതറാതെ മുന്നോട്ട് പോകാൻ സാധിച്ചതിന് ഒരു കാരണവും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്ത് കാര്യവും ക്ര്യത്യമായി ചോദിക്കാനും പറയാനും ആർജ്ജവത്തോടെ മറുപടി പറയുവാനും ഇന്നസെന്‍റ് ചേട്ടനെ പോലെ മറ്റൊരു സിനിമ നടന് പറ്റുമോ എന്ന് സംശയാണ്.
ഇന്നസെന്‍റ് ചേട്ടന്‍റെ വാക്കുകൾ അസുഖത്തെ നേരിടാൻ അച്ഛന് കരുത്ത് നൽകിയിട്ടുണ്ടെന്ന കാര്യം അച്ഛൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. അസുഖ ബാധിതരായിരുന്ന സമയത്ത് രണ്ടു പേരുടെയും വാക്കുകൾ കാൻസർ രോഗികളായ മനുഷ്യർക്ക് രോഗത്തെ നേരിടുവാനും ജീവിതത്തിൽ മുന്നോട്ട് പോകുവാനും ഉള്ള ഉർജ്ജമായിരുന്നു.