മുംബൈ : വരാനിരിക്കുന്ന 'ഫ്രൈഡേ നൈറ്റ് പ്ലാൻ' എന്ന ചിത്രത്തിന്‍റെ ഔദ്യോഗിക ടീസർ നിർമാതാക്കൾ നെറ്റ്ഫ്ലിക്സ് യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ സെപ്റ്റംബര്‍ ഒന്നിനായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. 'ഒരു മുറിയിൽ താമസിക്കുന്ന മേൽനോട്ടമില്ലാത്ത രണ്ട് സഹോദരങ്ങള്‍ അവർക്ക് വ്യത്യസ്ഥമായ ഫ്രൈഡേ നൈറ്റ് പ്ലാൻ ഉണ്ടായിരിക്കാം, സെപ്റ്റംബർ 1-ന് പ്രീമിയർ ചെയ്യുന്നു, നെറ്റ്ഫ്ളിക്സിൽ മാത്രം' എന്ന അടികുറിപ്പോടുകൂടിയാണ് ടീസര്‍ പങ്കുവച്ചത്.
ബബിൽ ഖാൻ, ജൂഹി ചൗള, അമൃത് ജയൻ, ആധ്യ ആനന്ദ്, മേധാ റാണ, നിനാദ് കാമത്ത് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. വികൃതിയായ വേഷമിട്ട അമൃത് ജയന്‍റെ ജ്യേഷ്ഠ കഥാപാത്രത്തെ ബബിൽ ഖാൻ അവതരിപ്പിക്കുന്നു. ഇരുവരും വളരെ മികച്ച ജോഡികളായാണ് ചിത്രത്തില്‍ എത്തുന്നത്. യഥാർത്ഥ ജീവിതത്തിൽ ഒരു ഇളയ സഹോദരൻ ഉള്ളതിനാൽ ഈ സിനിമ തനിക്ക് വളരെ സാമ്യതയുള്ളതായി തോന്നുന്നുണ്ടെന്നും സ്വന്തം ജീവിതത്തിലെ നല്ല ഓർമകൾ തിരികെ കൊണ്ടുവരാന്‍ ഇതിലൂടെ സാധിച്ചു എന്നും എക്സൽ എന്‍റർടെയ്‌ൻമെന്റുമായുള്ള എന്റെ ആദ്യ ചിത്രമാണെന്നും കൂടാതെ കാലയ്ക്ക് ശേഷം നെറ്റ്ഫ്ലിക്സുമായുള്ള തന്‍റെ രണ്ടാമത്തെ ചിത്രമാണെന്നും ഇതിന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ബബിൽ ഖാൻ പറഞ്ഞു.
ഹൃദയസ്പർശിയായ ഈ ചിത്രം ആളുകളിലേക്ക് എത്തിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ഫർഹാൻ അക്തറും റിതേഷ് സിദ്ധ്വാനിയും പറഞ്ഞു. എക്സൽ എന്‍റർടെയ്‌ൻമെന്‍റിന് കീഴില്‍ വരുന്ന ആദ്യത്തെ ഹൈസ്‌കൂൾ സിനിമയാണിത്. ആ കാലഘട്ടത്തിലെ എല്ലാ തമാശകളും വികൃതികളും വളര്‍ച്ചകളും വേദനകളും ചിത്രീകരിച്ചിരിക്കുന്നു അതോടൊപ്പം തന്നെ വലിയ താരനിരയ്‌ക്കൊപ്പം പ്രവർത്തിക്കുന്നത് ആവേശകരമായിരുന്നെന്നും തങ്ങളുടെ സ്‌നേഹത്തിന്‍റെയും പ്രയത്‌നത്തിന്‍റെയും ഫലം നെറ്റ്ഫ്ലിക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്‍റെ ആദ്യ ചിത്രമായ ഫ്രൈഡേ നൈറ്റ് പ്ലാൻ പ്രഖ്യാപിക്കുന്നത് നല്ല അനുഭവമാണെന്ന് സംവിധായകൻ വത്സൽ നീലകണ്ഠൻ പറയുന്നു. എല്ലാ പ്രേക്ഷകരെയും ഉള്‍ക്കൊളിക്കുന്ന സ്നേഹത്തിന്‍റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സ്വയം കണ്ടെത്തലിന്റെയും കഥയാണിതെന്നും ചിത്രത്തിന്‍റെ ഭാഗമായ നെറ്റ്ഫ്ലിക്സിനോടും എക്സൽ എന്റർടെയ്‌ൻമെന്‍റിനോടും നന്ദി രേഖപ്പെടുത്തിയതായും കൂടുതല്‍ ആളുകളിലേക്ക് സിനിമ എത്തും എന്ന് പ്രതീക്ഷിക്കുന്നുവെന്നും നീലകണ്ഠൻ പറഞ്ഞു.
Also Read :'പ്രണയം, പക, ക്യാമ്പസ് രാഷ്‌ട്രീയം'; റിലീസിനൊരുങ്ങി അപ്പാനി ശരത്ത് ചിത്രം 'പോയിന്‍റ് റേഞ്ച്'