കൊച്ചി :സാംസ്‌കാരിക വകുപ്പിൻ്റെയും, കെ.എസ്.എഫ്.ഡി.സിയുടെയും നേതൃത്വത്തിൽ സംവിധായിക ശ്രുതി ശരണ്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് ‘ബി32 മുതൽ 44 വരെ. കുറച്ച് നാളുകൾക്ക് മുൻപിറങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ സിനിമയുടെ ടീസർ ലേഡി സൂപ്പർ സ്റ്റാർ നടി മഞ്ജു വാര്യർ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.
മഞ്ജുവിനെ കൂടാതെ സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ശോഭ തെളിയിച്ച നിരവധി സ്ത്രീകൾ സിനിമയുടെ ടീസർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. സ്‌ത്രീ ശാക്‌തീകരണത്തിൻ്റെ ഭാഗമായി രംഗത്തെത്തുന്ന സിനിമയുടെ ടീസറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
ഇമാജിൻ ഇന്ത്യ ഇൻ്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ട സിനിമ: സ്‌പെയിനിലെ ഇമാജിൻ ഇന്ത്യ ഇൻ്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമ കേരളത്തിൽ ആലപ്പുഴയിൽ വച്ച് നടന്ന വനിത ചലച്ചിത്ര മേളയിലും അവതരിപ്പിച്ചിരുന്നു. സ്‌ത്രീ ശരീരത്തിൻ്റെ രാഷ്ട്രീയം പറയുന്ന സിനിമ ഇവിടങ്ങളില്‍ നല്ല പ്രതികരണം നേടിയിരുന്നു.
അനാർക്കലി മരയ്ക്കാർ, രമ്യ നമ്പീശൻ, സെറിൻ ഷിഹാബ്, റെയ്ന രാധാകൃഷ്ണൻ , അശ്വതി ബി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുദീപ് എളമൺ ആണ്. സുദീപ് പാലനാടാണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്‌തിരിക്കുന്നത്. സജിത മഠത്തിൽ, ഹരീഷ് ഉത്തമൻ, രമ്യ സുവി, സിദ്ധാർഥ് വർമ്മ, നീന ചെറിയാൻ, ജിബിൻ ഗോപിനാഥ്, അനന്ത് ജിജോ ആൻ്റണി, സിദ്ധാർഥ് വർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.