Kooman teaser: ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൂമന്‍'. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാണ് ചിത്രത്തിന്‍റേത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
ഒരു ഇന്‍വെസ്‌റ്റിഗേഷന്‍ ക്രൈം ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ആസിഫ് അലി പ്രത്യക്ഷപ്പെടുന്നത്. ഗിരിശങ്കര്‍ എന്നാണ് ആസിഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഒരു കൊടും കുറ്റവാളിയെ പിടിക്കാനായി പൊലീസ് സംഘം നടത്തുന്ന പോരാട്ടമാണ് സിനിമ പറയുന്നത്.
ആസിഫിനെ കൂടാതെ രണ്‍ജി പണിക്കര്‍, അനൂപ് മേനോന്‍, ബാബുരാജ്, ജാഫര്‍ ഇടുക്കി, മേഘനാഥന്‍, ഹന്നാ റെജി കോശി, ആദം അയൂബ്, ബൈജു, പൗളി വില്‍സണ്‍, കരാട്ടെ കാര്‍ത്തിക്, ജോര്‍ജ് മരിയന്‍, പ്രശാന്ത് മുരളി, രമേശ് തിലക്, അഭിരാം രാധാകൃഷ്‌ണന്‍, ദീപക് പറമ്പോള്‍, രാജേഷ് പറവൂര്‍, ജയിംസ് ഏലിയ, പ്രദീപ് പരസ്‌പരം, വിനോദ് ബോസ് തുടങ്ങീ വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.
സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. വി.എസ് വിനായകാണ് എഡിറ്റിങ്. വിഷ്‌ണു ശ്യാം ആണ് സംഗീതം. കെ.ആര്‍ കൃഷ്‌ണകുമാര്‍ ആണ് തിരക്കഥ.
മാജിക് ഫ്രെയിംസ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫനും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് നിര്‍മാണം. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ മലയോര ഗ്രാമത്തിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. പൊള്ളാച്ചി, മറയൂര്‍, കൊല്ലങ്കോട്, ചിറ്റൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.