അരുൺ വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മിഷൻ ചാപ്റ്റർ 1' സിനിമ തിയേറ്ററുകളിലേക്ക് (Arun Vijay' starrer Mission Chapter 1 Release). ആരാധകർ ഏറെ ആവേശപൂർവം കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. 'മിഷൻ ചാപ്റ്റർ 1' ജനുവരി 12ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും ('Mission Chapter 1' hits theaters on January 12 ).
ഒട്ടനവധി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ലൈക്ക പ്രൊഡക്ഷൻസാണ് 'മിഷൻ ചാപ്റ്റർ 1' സിനിമയുടെ നിർമാണം. വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ എമി ജാക്‌സണും നിമിഷ സജയനുമാണ് മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്. തമിഴിന് പുറമെ തെലുഗു, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.
എ മഹാദേവാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയത്. സംവിധായകൻ വിജയ്‌യാണ് സംഭാഷണങ്ങൾക്ക് പിന്നിൽ. ലണ്ടനിലും ചെന്നൈയിലുമായി 70 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസർ മികച്ച പ്രതികരണം നേടിയിരുന്നു. വൻ മാസ് - ആക്ഷൻ രംഗങ്ങൾ സിനിമയിൽ ഉണ്ടാകുമെന്ന സൂചന നൽകുന്നതായിരുന്നു ടീസർ. അരുൺ വിജയ്‌യുടെ തകർപ്പൻ പ്രകടനങ്ങളിലേക്കും വെളിച്ചം വീശുന്നതായിരുന്നു ടീസർ.
എമി ഒരു ജയിൽ ഗാർഡ് വേഷത്തിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അബി ഹസൻ, ഭരത് ബൊപ്പണ്ണ, ബേബി ഇയാൽ, വിരാജ് എസ്, ജേസൺ ഷാ തുടങ്ങിയവരാണ് 'മിഷൻ ചാപ്റ്റർ 1'ൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം.