ഗ്ലോബൽ സ്റ്റാർ രാം ചരൺ നായകനായി പുതിയ ചിത്രം വരുന്നു. ബുച്ചി ബാബു സന (Buchi Babu Sana) സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.
ഓസ്‌കർ അവാർഡ് ജേതാവ് എ ആർ റഹ്മാനാണ് രാം ചരൺ - ബുച്ചി ബാബു സന ചിത്രത്തിന് സംഗീതം പകരുന്നത് എന്ന വിവരമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. റഹ്മാന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഒരാളായ എ ആർ റഹ്മാന്‍റെ പുതിയ ഗാനങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ (AR Rahman to compose music for Ram Charan 'RC 16' film).
'ആർസി 16' (RC 16) എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സാണ് അവതരിപ്പിക്കുന്നത്. വൃദ്ധി സിനിമാസിന്‍റെയും സുകുമാർ റൈറ്റിംഗ്‌സിന്‍റെയും ബാനറുകളിൽ വെങ്കട സതീഷ് കിളാരുവാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിർമാണം. സംവിധായകൻ ബുച്ചി ബാബു തന്നെയാണ് ചിത്രത്തിനായി തിരക്കഥയും ഒരുക്കിയത്.
തന്‍റെ ആദ്യ ചിത്രമായ 'ഉപ്പേന'യിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സംവിധായകനാണ് ബുച്ചി ബാബു സന. 'ഉപ്പേന'യുടെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ ചിത്രവും മ്യൂസിക്കൽ ചാർട്ട്ബസ്റ്റർ ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എ ആർ റഹ്‌മാന്‍റെ സാന്നിധ്യം ഇവരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നുമുണ്ട്.