വിവേക് അഗ്‌നിഹോത്രിയുടെ 'കശ്‌മീര്‍ ഫയല്‍സി'നെ വിമര്‍ശിച്ച് അടുത്തിടെ നടന്‍ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. സിനിമയെ കുറിച്ചുള്ള പ്രകാശ് രാജിന്‍റെ പരാമര്‍ശത്തിന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിരുന്നു. നടന്‍ അനുപം ഖേറും പ്രകാശ് രാജിന് മറുപടി നല്‍കിയിരിക്കുകയാണിപ്പോള്‍.
ആളുകള്‍ തങ്ങളുടെ നിലവാരത്തിന് അനുസരിച്ചാണ് പ്രതികരിക്കുന്നതെന്നാണ് പ്രകാശ് രാജിനെ വിമര്‍ശിച്ച് അനുപം ഖേര്‍ പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അനുപം ഖേറിന്‍റെ ഈ പ്രതികരണം. ചിലര്‍ക്ക് ജീവിതകാലം മുഴുവന്‍ നുണ പറഞ്ഞ് ജീവിക്കേണ്ടി വരുമെന്നും അതേസമയം മറ്റുള്ളവര്‍ സത്യം പറയുമെന്നും ജീവിതത്തില്‍ സത്യം മാത്രം പറഞ്ഞ് ജീവിക്കുന്ന ഒരാളാണ് താന്‍ എന്നും അനുപം ഖേര്‍ പറയുന്നു.
'കശ്‌മീര്‍ ഫയല്‍സ്' ഒരു അസംബന്ധ ചിത്രമെന്നായിരുന്നു പ്രകാശ് രാജിന്‍റെ പരാമര്‍ശം. നടന്‍റെ ഈ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സിനിമയെ കുറിച്ചുള്ള പ്രകാശ് രാജിന്‍റെ അസംബന്ധ പ്രസ്‌താവനയ്‌ക്കെതിരെയായിരുന്നു അനുപം ഖേറിന്‍റെ പ്രതികരണം.
നേരത്തെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്കെതിരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. നാണമില്ലാതെ ഒസ്‌കാര്‍ ലഭിക്കാത്തതിനെ കുറിച്ച് പറഞ്ഞുകൊണ്ട് നടക്കുകയാണെന്നാണ് അഗ്‌നിഹോത്രിയെ പ്രകാശ് രാജ് പരിഹസിച്ചത്. കശ്‌മീര്‍ ഫയല്‍സ് എന്ന സിനിമ പ്രൊപ്പഗണ്ടയാണെന്നും അത് ആരാണ് നിര്‍മിച്ചതെന്ന് നമുക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അന്താരാഷ്‌ട്ര ജൂറി അതിന്‍റെ മുകളില്‍ തുപ്പുകയാണ് ചെയ്‌തതെന്നും എന്നിട്ട് പോലും അവര്‍ക്ക് നാണമില്ല എന്നുമായിരുന്നു പ്രകാശ് രാജിന്‍റെ പരാമര്‍ശം. പ്രകാശ് രാജിന്‍റെ ഈ പരാമര്‍ശത്തിന് മറുപടി നല്‍കി വിവേക് അഗ്‌നിഹോത്രിയും രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ കൊച്ചു ചിത്രമാണ് 'കശ്‌മീര്‍ ഫയല്‍സ്' എന്ന് പറഞ്ഞ വിവേക് അഗ്‌നിഹോത്രി, പ്രകാശ് രാജിനെ അന്ധകാര്‍ രാജ് എന്നാണ് വിളിച്ചത്.
ഈ ചെറിയ ചിത്രമായ കശ്‌മീര്‍ ഫയല്‍സ് ഒരു കൊല്ലത്തിനപ്പുറവും അര്‍ബണ്‍ നക്‌സലുകളുടെയും അവരുടെ പിടിയാളികള്‍ക്ക് ഉറക്കമില്ലാത്ത രാത്രിയുമാണ് സമ്മാനിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. എനിക്ക് എങ്ങനെയാണ് 'ഭാസ്‌കര്‍' കിട്ടുക എന്നും വിവേക് അഗ്നിഹോത്രി മറുപടി നല്‍കി. ട്വിറ്ററിലൂടെയായിരുന്നു സംവിധായകന്‍റെ പ്രതികരണം.
Also Read:'അര്‍ബൻ നക്‌സലുകള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍'; പ്രകാശ് രാജിന് മറുപടിയുമായി കശ്‌മീര്‍ ഫയല്‍സ് സംവിധായകന്‍