അനൂപ് മേനോനെ നായകനാക്കി കൃഷ്‌ണ പ്രിയദർശൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു ശ്രീലങ്കൻ സുന്ദരി' (Oru Sreelankan Sundari). മൻഹർ സിനിമാസിന്‍റെ ബാനറിൽ കൃഷ്‌ണ പ്രിയദർശൻ തന്നെയാണ് ഈ ചിത്രം നിർമിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.
നവംബർ 3ന് 'ഒരു ശ്രീലങ്കൻ സുന്ദരി' തിയേറ്ററിൽ എത്തും. മൻഹർ സിനിമാസിന്‍റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. അനൂപ് മേനോനൊപ്പം അന്തരിച്ച നടൻ രതീഷിന്‍റെ മകൻ പദ്‌മരാജൻ രതീഷ്, ശിവജി ഗുരുവായൂർ, ഡോ. രജിത് കുമാർ, ഡോ.അപർണ, കൃഷ്‌ണ പ്രിയ, ആരാധ്യ, ശ്രേയ, സീരിയൽ നടൻ രോഹിത് വേദ്, തൃശൂർ എൽസി, ശാന്ത കുമാരി, ടോപ് സിംഗർ ഫെയിം മേഘന സുമേഷ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
രഞ്ജിനി സുധീരനും സുരേഷ് എരുമേലിയും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്‌ണൻ, ഷമീർ ഷാ, കൃഷ്‌ണദിയ, വൈഷ്‌ണവി, ഹരിണി, മേഘന സുമേഷ് തുടങ്ങിയവരാണ്. കൃഷ്‌ണ പ്രിയദർശന്‍റേതാണ് വരികൾ.
രജീഷ് രാമനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ബിജുലാലും അൽഫോൺസ അഫ്‍സലുമാണ് ചിത്രത്തിന്‍റെ സഹസംവിധായകർ. ബിനീഷ് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ ആണ്. കലാസംവിധാനം അശില്‍, ഡിഫിൻ എന്നിവർ നിർവഹിക്കുന്നു. കോസ്റ്റ്യൂം ഒരുക്കുന്നത് അറോഷിനിയും ബിസി എബിയുമാണ്. അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായാണ് 'ഒരു ശ്രീലങ്കൻ സുന്ദരി'യുടെ ചിത്രീകരണം പൂർത്തിയാക്കിയത്. പി ആർ ഒ - എം.കെ. ഷെജിൻ.