ഹൈദരാബാദ്:അല്ലു അർജുൻ്റെ ഏറ്റവും പുതിയ സിനിമയാണ് ‘പുഷ്പ ദ റൂൾ’. 2021 ൽ പുറത്തിറങ്ങിയ ‘പുഷ്പ ദ റൈസ്’ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് സിനിമ എത്തുന്നത്. പുഷ്പ ദ റൈസിൻ്റെ ഗംഭീര വിജയത്തിനു ശേഷം ആഗോള പ്രേക്ഷകരെ മനസിൽ കണ്ടുകൊണ്ടാണ് സിനിമയുടെ സംവിധായകൻ സുകുമാർ രണ്ടാം ഭാഗം ഒരുക്കുന്നത്. അതുകൊണ്ടു തന്നെ സിനിമക്കായുള്ള വലിയ കാത്തിരിപ്പിലാണ് അല്ലുവിൻ്റെയും, സിനിമയിലെ നായിക രശ്മിക മന്ദാനയുടെയും ആരാധകർ.
എന്നാൽ ചിത്രത്തിൻ്റ രണ്ടാം ഭാഗത്തിൻ്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അവർ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് തോന്നിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ചിത്രീകരണം നിർത്തി: ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പുഷ്പ 2 ൻ്റെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. സിനിമയുടെ സംവിധായകൻ സുകുമാർ നിലവിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ 'ഡിലീറ്റ്' ചെയ്ത് വീണ്ടും ഷൂട്ടിങ് പുനരാരംഭിക്കണോ വേണ്ടയോ എന്നുള്ള ചർച്ചയിലാണ്. പുഷ്പ 2ൻ്റെ ഇതുവരെ ചിത്രീകരണത്തിൽ സംവിധായകന് തൃപ്തിയാകാത്തതാണ് ഷൂട്ടിങ്ങ് വീണ്ടും പുനരാരംഭിക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്.
പുതുതായി സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടി നിലവിലുള്ള ദൃശ്യങ്ങൾ "നശിപ്പിക്കണമോ" എന്ന ആലോചനയിലാണ് പ്രശസ്ത സംവിധായകൻ. അല്ലു അർജുൻ്റെ ജന്മദിനമായ ഏപ്രിൽ 8 ന് പുഷ്പ 2 ടീസർ റിലീസ് ചെയ്യാൻ സംവിധായകൻ പദ്ധതിയിടുന്നു എന്ന വർത്തകൾ വന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്.
ചിത്രീകരണം മൂന്ന് മാസങ്ങൾക്ക് ശേഷം: സിനിമയുടെ ചിത്രീകരണം മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും പുനരാരംഭിക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഇതുകൊണ്ടു തന്നെ ഈ വർഷം ചിത്രം റിലീസ് ചെയ്തേക്കില്ല. എങ്കിലും സിനിമയുടെ ഷൂട്ടിംഗ് നിർത്തിവച്ചെന്നോ റിലീസ് തീയതി മാറ്റിവച്ചുവെന്നോ പറഞ്ഞ് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇതിനു മുൻപും പുഷ്പയുടെ ഷൂട്ടിങ്ങ് സംവിധായകൻ മാറ്റിവച്ചിട്ടുണ്ട്.