ഭോപ്പാൽ : ബോളിവുഡ് താരങ്ങളായ രണ്‍ബീർ കപൂറും ആലിയ ഭട്ടും മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാളി ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ് ബജ്‌റംഗ്‌ദൾ പ്രവർത്തകർ. ബീഫ് തന്‍റെ ഇഷ്‌ട ഭക്ഷണമാണെന്ന രണ്‍ബീറിന്‍റെ പരാമർശത്തെ തുടർന്നാണ് ബജ്‌റംഗ്‌ദൾ പ്രവർത്തകർ ഇരുവരെയും തടഞ്ഞത്. പ്രധാന ഗേറ്റിലും വിവിഐപി ഗേറ്റിലും പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ തടിച്ചുകൂടി, തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി.
കനത്ത പ്രതിഷേധത്തെ തുടർന്ന് ആലിയ ഭട്ടും രൺബീർ കപൂറും ദർശനം നടത്താൻ കഴിയാതെ ഇൻഡോറിലേക്ക് മടങ്ങി. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായാണ് ചിത്രത്തിന്‍റെ സംവിധായകൻ അയൻ മുഖർജിക്കൊപ്പം ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. പ്രതിഷേധക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 353 പ്രകാരം കേസെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
2011ൽ രണ്‍ബീർ കപൂര്‍ ബീഫിനെ കുറിച്ച് സംസാരിക്കുന്നതിന്‍റെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 11 വർഷങ്ങൾക്ക് മുൻപ് റോക്സ്റ്റാർ എന്ന ചിത്രത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായുള്ള അഭിമുഖത്തിലാണ് ഇഷ്‌ട ഭക്ഷണത്തെ കുറിച്ച് ചോദിക്കുമ്പോൾ റെഡ് മീറ്റ് എന്ന് താരം ഉത്തരം നൽകുന്നത്. അഭിമുഖത്തിന്‍റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്‌ത് ട്വിറ്ററിലിട്ടാണ് ബ്രഹ്മാസ്ത്രയ്‌ക്കെതിരെ ബോയ്‌കോട്ട് ക്യാമ്പെയിനുകൾ സജീവമായത്.
ബ്രഹ്‌മാണ്ഡം ബ്രഹ്‌മാസ്‌ത്ര :ആലിയ ഭട്ട്, രൺബീർ കപൂർ, അമിതാഭ് ബച്ചൻ, മൗനി റോയ്, നാഗാർജുന എന്നീ വമ്പൻ താരനിരയോടെ പുറത്തിറങ്ങുന്ന ബ്രഹ്‌മാസ്‌ത്ര സെപ്‌തംബർ 9ന് ലോകവ്യാപകമായി റിലീസ് ചെയ്യും. 410 കോടി രൂപയോളമാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് സൂചന. മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമായ ശിവയാണ് നാളെ തിയേറ്ററുകളിലെത്തുന്നത്.
ചിത്രത്തിൽ ഷാറൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം വൻ ബജറ്റില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം സാമ്പത്തിക തകര്‍ച്ച നേരിട്ട സാഹചര്യത്തില്‍ ബോളിവുഡിന്‍റെ തിരിച്ചുവരവിന് ബ്രഹ്‌മാസ്‌ത്രയുടെ വിജയം അനിവാര്യമാണ്. അഡ്വാൻസ് ബുക്കിങ് ആരംഭിച്ച ചിത്രത്തിന്‍റെ ഒരു ലക്ഷത്തോളം ടിക്കറ്റുകൾ ഇതിനകം വിറ്റുപോയതായാണ് റിപ്പോർട്ടുകൾ.