ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമ പ്രേമികളുടെ ഇഷ്‌ടം പിടിച്ചുപറ്റിയ താരമാണ് ആലിയ ഭട്ട്. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള കഴിവ് ബോളിവുഡിൽ താരത്തിന് തന്‍റേതായ ഒരു ഇടം നേടിക്കൊടുത്തിട്ടുണ്ട്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ സോഷ്യൽമീഡിയയിൽ അടക്കം മാസീവ് ഫാൻ ഫോളോയിങ് ഉള്ള നടിയായും ആലിയ മാറി.
താരപുത്രി എന്നതിൽ നിന്നും ബോളിവുഡിലെ മിന്നും താരമായി മാറിയ ആലിയ കൗമാരപ്രായത്തിൽ തന്നെ സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ന് ആലിയ ഭട്ടും രൺബീർ കപൂറും ആരാധകരുടെ ഇഷ്‌ട ദമ്പതിമാരുമാണ്. ഇരുവരുടെയും സിനിമ വാർത്തകളും വ്യക്തിജീവിതവും വാർത്തകളിൽ സ്ഥിരമായി ഇടംപിടിക്കാറുണ്ട്.
ഇപ്പോഴിതാ 30-ാം ജന്മദിനം ആഘോഷിക്കുന്നതിനുള്ള ആലിയയുടെ യുകെ യാത്രയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. വിവാഹ ശേഷമുള്ള താരത്തിന്‍റെ ആദ്യത്തെ പിറന്നാളായിരുന്നു മാർച്ച് 15ന് കഴിഞ്ഞത്. ലണ്ടനിലെ ആഘോഷത്തിന്‍റെ ചില മനോഹരമായ സ്‌നാപ്പുകൾ താരം ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
പരസ്‌പരം ചേർത്തുപിടിച്ച് ലണ്ടൻ തെരുവുകളിലൂടെ നടക്കുന്ന ആലിയയുടെയും രൺബീറിന്‍റെയും ചിത്രം ഉൾപ്പെടെ ആറ് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. രൺബീറും ആലിയയും ഒന്നിച്ചുള്ള ചിത്രത്തിൽ ബ്ലാക്ക് ഔട്ട്ഫിറ്റാണ് ഇരുവരും ധരിച്ചിരിക്കുന്നത്. വെളുത്ത ഹൂഡിയിൽ മനോഹരമായി പുഞ്ചിരിക്കുന്ന ആലിയയുടെ ചിത്രമാണ് രണ്ടാമത്തേത്.
മൂന്നാമത്തേത് തടാകത്തിനരികിലൂടെ നടക്കുന്ന ആലിയയാണ്. തുടർന്ന് സൈക്കിൾ ചവിട്ടുന്നതായി തോന്നുന്ന രൺബീറിന്‍റെ മങ്ങിയ ചിത്രവും സഹോദരിയായ ഷഹീൻ ഭട്ടിനെ ആലിയ കെട്ടിപ്പിടിക്കുന്ന ചിത്രവും താരം പങ്കുവച്ചു. "LDN 2020"എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.