മുംബൈ: ഭോജ്‌പുരി നടി ആകാൻക്ഷ ദുബെ മരണത്തിന് മണിക്കൂറുകൾക്ക് തൊട്ട് മുൻപ് സമൂഹ മാധ്യമത്തിൽ വന്ന് കരഞ്ഞതിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. ആകാൻക്ഷ ഇൻസ്‌റ്റഗ്രാമാം ലൈവിൽ വന്ന് കരയുന്നതിന്‍റെ ദൃശ്യങ്ങളാണ് നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 25 കാരിയായ ആകാൻക്ഷ ദുബെയെ ഇന്ന് ഉത്തർപ്രദേശിലെ സാരാനാഥിലുള്ള ഒരു ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയിരുന്നു.
ഉത്തർപ്രദേശിലെ ഭദോഹി സ്വദേശിയായ ആകാൻക്ഷ ദുബെ സിനിമ ചിത്രീകരണത്തിന്‍റെ ഭാഗമായാണ് വാരണാസിയിൽ എത്തിയത്. ശേഷം സാരാനാഥ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹോട്ടലിൽ താമസിച്ചുവരുന്നതിനിടെയാണ് മരണം. ഞായറാഴ്‌ച ഏറെ വൈകിയും നടിയെ മുറിക്ക് പുറത്ത് കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി ഹോട്ടൽ ജീവനക്കാർ മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആകാൻക്ഷയുടെ കുടുബം മുംബൈയിലാണ് താമസിച്ചുവരുന്നത്. താരത്തിന്‍റെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പോ അസാധാരണമായ മറ്റൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. പ്രഥമ ദൃഷ്‌ടിയാൽ ആത്മഹത്യയാണെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിക്കുകയാണെന്നും വാരണാസി പൊലീസ് അറിയിച്ചു. കസം പൈദാ കർനേ വാലെ കി 2', 'മുജ്‌സെ ഷാദി കരോഗി', 'വീരോൻ കെ വീർ' തുടങ്ങി നിരവധി പ്രാദേശിക സിനിമകളിൽ ദുബെ അഭിനയിച്ചിട്ടുണ്ട്. താരത്തിന്‍റെ വിയോഗത്തിൽ റാണി ചാറ്റർജി, വിനയ് ആനന്ദ്, ആമ്രപാലി ദുബെ തുടങ്ങിയ ഭോജ്‌പുരി സിനിമ രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
ആകാൻക്ഷ ദുബെ എന്ന താരം: ഉത്തർപ്രദേശിലെ മിർസാപൂരിൽ 1997 ഒക്‌ടോബർ 1 നാണ് ആകാൻക്ഷ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ നൃത്തത്തോടും അഭിനയത്തോടും താൽപര്യം കാണിച്ചിരുന്ന താരം ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ചെറിയ നൃത്ത - അഭിനയ വീഡിയോകൾ പങ്കുവച്ചുകൊണ്ടാണ് സിനിമ രംഗത്തേയ്ക്ക് എത്തിപ്പെടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് അഭിനയ മേഖലയിൽ തിളങ്ങിയ താരത്തിന്‍റെ വിയോഗം ഞെട്ടലോടെയാണ് ചലച്ചിത്ര ലോകം ഏറ്റെടുത്ത്.