ചെന്നൈ:സമൂഹ മാധ്യമങ്ങളിൽ അത്ര ആക്ടീവല്ലാത്ത താരമാണ് തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത് കുമാർ. അതുകൊണ്ട് തന്നെ അജിത്തിനെ പറ്റിയും അദ്ദേഹത്തിൻ്റെ സ്വകാര്യ ജീവിതത്തെ പറ്റിയുമുള്ള വിവരങ്ങളൊന്നും അധികം പുറത്തുവരാറില്ല. ഈയിടെയായി അജിത്ത് ആരാധകർക്ക് അൽപ്പമെങ്കിലും ആശ്വാസമായി നടൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് ഭാര്യയും മുൻകാല തെന്നിന്ത്യൻ സൂപ്പർ നായികയുമായിരുന്ന ശാലിനിയാണ്.
നിറം, അനിയത്തി പ്രാവ്, സുന്ദരക്കില്ലാടി, കളിയൂഞ്ഞാൽ, എന്നിങ്ങനെ ഒരുപാട് മലയാള സിനിമകളിൽ ശാലിനി അഭിനയിച്ചിട്ടുണ്ട്. ഇതിൽ അനിയത്തിപ്രാവ്, നിറം എന്നീ സിനിമകളിലെ കൂഞ്ചാക്കോ ബോബൻ്റെ നായികയായുള്ള ശാലിനിയുടെ കഥാപാത്രങ്ങൾ എക്കാലത്തും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പിന്നീട് തമിഴ് സിനിമകളിലും സജീവമായ ശാലിനി അജിത്തുമായി വിവാഹിതയാകുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത ശാലിനി ഇൻസ്റ്റഗ്രാമിൽ ഈയടുത്താണ് അക്കൗണ്ട് തുടങ്ങിയത്.
ക്രൂസ് ബോട്ടിൽ വച്ചുള്ള പ്രണയ നിമിഷങ്ങൾ: അജിത്തുമായുള്ള തൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശാലിനി ഇപ്പോൾ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പങ്കുവച്ചത്. താര ദമ്പതികൾ ഒരു ക്രൂസ് ബോട്ടിൽ യാത്രചെയ്യുന്ന ചിത്രങ്ങളാണ് കാണാൻ സാധിക്കുക. അഴിച്ചിട്ട മുടിയുമായി ഒരു വെളുത്ത ഫ്രോക്കണിഞ്ഞ് കാലം ഒരുപാട് കഴിഞ്ഞെങ്കിലും തൻ്റെ സൗന്ദര്യത്തിന് യാതൊരു കുറവും വന്നിട്ടില്ല എന്നു തെളിയിക്കുന്ന തരത്തിലാണ് ശാലിനിയെ ചിത്രത്തിൽ കാണാൻ സാധിക്കുക. തൊട്ടടുത്ത് ഇരിക്കുന്ന അജിത്ത് കടലിൻ്റെ ഭംഗി ആസ്വദിക്കുന്നതാണ് ആദ്യത്തെ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. തൻ്റെ ഷർട്ടിൻ്റെ ബട്ടൺസ് തുറന്നിട്ട് , വെളുത്ത മുടി കാറ്റിൽ പാറികൊണ്ട് ഒരു കൂളിങ്ങ് ഗ്ളാസും ധരിച്ച് വളരെ ശാന്തനായാണ് അജിത്തിനെ ആദ്യത്തെ ചിത്രത്തിൽ കാണാൻ കഴിയുന്നത്.