കേരളത്തില്‍ സ്‌ത്രീകള്‍ സുരക്ഷിതരല്ലെന്നും അവര്‍ക്ക് ഒറ്റയ്‌ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നില്ലെന്നും സിനിമ-സീരിയല്‍ താരം ഐശ്വര്യ ഭാസ്‌കര്‍ (Aishwarya Bhaskar). തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് എശ്വര്യയുടെ ഈ വെളിപ്പെടുത്തല്‍. അടുത്തിടെ കേരളത്തില്‍ സീരിയല്‍ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ കേട്ട വാര്‍ത്ത തന്നെ ഭയപ്പെടുത്തിയെന്നാണ് നടി പറയുന്നത്.
'കുട്ടിക്കാലത്ത് ഞാന്‍ ഓടിക്കളിച്ച് നടന്ന് വളര്‍ന്ന സ്ഥലമാണ് കേരളം. കേരളത്തിലെ അമ്പലങ്ങളിലും മറ്റുമൊക്കെ ഞാന്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. പക്ഷേ ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാന്‍ കേരളത്തില്‍ ഒരു സീരിയലിന്‍റെ ഷൂട്ടിങ്ങിനായി വന്നപ്പോള്‍ കേട്ട വാര്‍ത്ത എന്നെ ശരിക്കും ഭയപ്പെടുത്തി.
ഷൂട്ടിങ്ങിനിടെ ഒരു ദിവസം അവധി കിട്ടിയപ്പോള്‍ തിരുവനന്തപുരത്ത് അമ്പലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. രാവിലെയുള്ള തന്‍റെ നിത്യ പൂജകള്‍ കഴിഞ്ഞ് അഞ്ച് മണിക്ക് പോകാന്‍ തീരുമാനിച്ച ഞാന്‍ ഹോട്ടല്‍ റൂം ബോയിയോട് ഒരു ഓട്ടോ കിട്ടാന്‍ സഹായിക്കണമെന്ന് പറഞ്ഞു. ഇതിന് മറുപടിയായി റൂം ബോയി പറഞ്ഞത് - 'മാഡം, ഒറ്റയ്‌ക്ക് എവിടെയും പോകരുത്, കേരളത്തില്‍ സ്‌ത്രീകള്‍ ഒട്ടും സുരക്ഷിതമല്ല, സ്വന്തം കാര്‍ അല്ലെങ്കില്‍ കമ്പനി കാറും ഡ്രൈവറും ഉണ്ടെങ്കില്‍ മാത്രമെ പുറത്തു പോകാവു'.
കൂടാതെ ചില ഭയപ്പെടുത്തുന്ന കഥകളും ആ റൂം ബോയ് എന്നോട് പറഞ്ഞു. സ്‌ത്രീധന പ്രശ്‌നങ്ങള്‍ മൂലം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതും, അവരെ കൊല്ലുന്നതും, പൊലീസുകാരനായ ഭര്‍ത്താവ് കാരണം പെണ്‍കുട്ടി ആത്മഹത്യ ചെയ്‌ത സംഭവം, തുടങ്ങി സ്‌ത്രീകള്‍ കൊല്ലപ്പെടുന്ന നിരവധ സംഭവങ്ങള്‍... ഇതൊക്കെ ഞാന്‍ വാര്‍ത്ത ചാനലുകളിലും കണ്ടതാണ്.
എന്നാല്‍ കുട്ടിക്കാലം മുതല്‍ ഞാന്‍ സന്ദര്‍ശിച്ച ക്ഷേത്രങ്ങളില്‍ സ്വന്തമായി കാറോ വാഹനമോ അംഗരക്ഷകരോ ഇല്ലാതെ പോകാന്‍ കഴിയില്ലെന്ന് ആ റൂം ബോയ് എന്നോട് പറയുകയായിരുന്നു. കേരളത്തില്‍ സ്‌ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാന്‍ കഴിയാത്തത് ഭയാനകമാണ്. എല്ലാ സ്‌ത്രീ സംഘടനകളും എവിടെയാണ്? ഏത് തരത്തിലുള്ള സുരക്ഷയെ കുറിച്ചാണ് നിങ്ങള്‍ പറയുന്നത്.
സര്‍ക്കാര്‍ എന്തു കൊണ്ടാണ് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നതെന്നും ആ റൂം ബോയിയോട് ഞാന്‍ ചോദിച്ചു. അങ്ങനെയൊരു സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത് എന്നാണ് അവന്‍ മറുപടി പറഞ്ഞത്. ജനങ്ങള്‍ വോട്ട് ചെയ്‌ത് വിജയിപ്പിച്ച സര്‍ക്കാര്‍ ഇതൊന്നും കാര്യമാക്കുന്നില്ല. വോട്ട് ചെയ്‌ത ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് നിങ്ങളുടെ കടമയാണ്. കേരളത്തില്‍ നിയമ സംവിധാനങ്ങള്‍ ഇക്കാര്യങ്ങള്‍ ഒന്നും വേണ്ട രീതിയില്‍ ശ്രദ്ധിക്കുന്നില്ല.
സ്‌ത്രീകള്‍ക്ക് സുരക്ഷ കൊടുക്കാന്‍ കഴിയാത്ത നിങ്ങള്‍ വിഡ്‌ഢികളാണ്. സാക്ഷരത ഏറ്റവും കൂടുതലുള്ള നാട്ടില്‍ സ്‌കൂള്‍ മുതല്‍ സ്‌ത്രീ സുരക്ഷ പഠിപ്പിച്ച് വേണം കുട്ടികളെ വളര്‍ത്തേണ്ടത്. ചെറുപ്പക്കാരെ ഇത്തരത്തില്‍ അക്രമികളാക്കി വളര്‍ത്തുന്ന രീതി എന്നെ ഭയപ്പെടുത്തുന്നു. ഇതിനെതിരെ മാതാപിതാക്കള്‍ മുന്നോട്ട് വരണം. നല്ല നടപ്പ് പഠിപ്പിച്ച് വളര്‍ത്താത്ത സ്‌കൂളുകളില്‍ കുട്ടികളെ വിടില്ലെന്ന് മാതാപിതാക്കള്‍ തീരുമാനം എടുക്കണം.
കുട്ടികളെ തമിഴ്‌നാട്ടിലേയ്‌ക്ക് വിടൂ, അവരെ ഞങ്ങള്‍ നല്ലത് പറഞ്ഞ് കൊടുത്ത് വളര്‍ത്താം. നിങ്ങളുടെ കുട്ടികളെ സുരക്ഷിതരായി വളര്‍ത്താന്‍ തമിഴ്‌നാടാണ് നല്ലത്. കേരളത്തില്‍ നീതിയും ന്യായവും നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ദൈവത്തിന്‍റെ സ്വന്തം നാട് എന്നാണ് കേരളത്തിന്‍റെ പേര്' -ഐശ്വര്യ ഭാസ്‌കര്‍ പറഞ്ഞു.