കേരളം

kerala

ETV Bharat / entertainment

'100 രൂപ പോലും എടുക്കാന്‍ ഇല്ലാതിരുന്ന സാഹചര്യം ഉണ്ടായിരുന്നു'; അഹാന കൃഷ്‌ണ - Ahaana Krishna says

സഹായം ആവശ്യമുള്ള ഒത്തിരി ആളുകള്‍ ഉണ്ടാകുമെന്നും അവരെ ഒക്കെ സഹായിക്കാറുണ്ടെന്നും അഹാന പറഞ്ഞു..

അഹാന കൃഷ്‌ണ  അഹാന  നാന്‍സി റാണി  അടി  ഷൈന്‍ ടോം ചാക്കോ  Ahaana Krishna says  Ahaana Krishna
'100 രൂപ പോലും എടുക്കാന്‍ ഇല്ലാതിരുന്ന സാഹചര്യം ഉണ്ടായിരുന്നു'; അഹാന കൃഷ്‌ണ

By

Published : Jul 26, 2023, 4:34 PM IST

കയ്യില്‍ 100 രൂപ പോലും എടുക്കാന്‍ ഇല്ലാതിരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി അഹാന കൃഷ്‌ണ. ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യം വ്യക്തമാക്കിയത്.

സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന വരുമാനം അഹാന എങ്ങനെയാണ് ചെലവാക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി. 'ഞാന്‍ എന്‍റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കാറുണ്ട്. എന്‍റെ അമ്മയെ യാത്രകള്‍ കൊണ്ടു പോകാറുണ്ട്. പിന്നെ എനിക്ക് വേണ്ടിയും ചെലവഴിക്കാറുണ്ട്. സഹായം ആവശ്യമുള്ള ഒത്തിരി ആളുകള്‍ ഉണ്ടാകും. അവരെ ഒക്കെ സഹായിക്കാറുണ്ട്. ഒരു സാഹചര്യത്തില്‍ ഒരുപാട് ആളുകള്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ട്.

ആളുകള്‍ക്ക് എന്തെങ്കിലും സഹായം ആവശ്യം ഉണ്ടെങ്കില്‍ ഇങ്ങോട്ട് ചോദിക്കാന്‍ നല്ല മടി ആയിരിക്കും. അതെനിക്ക് അറിയാം. അതുകൊണ്ട് തന്നെ അവര്‍ക്ക് കൊടുക്കാറുണ്ട്. ചോദിക്കാതെ പണം കൊടുക്കുന്നത് കൊണ്ട് ഞാന്‍ ഒരു നന്‍മ മരം ആണെന്നല്ല പറയുന്നത്.

ഞാന്‍ പറയുന്നത് കേട്ടാല്‍ തോന്നും അംബാനി കഴിഞ്ഞാല്‍ ഏറ്റവും വലിയ പണക്കാരി ഞാന്‍ ആണെന്ന്. അങ്ങനെ അല്ല. എനിക്ക് കിട്ടുന്ന വരുമാനം ഞാന്‍ സൂക്ഷിച്ച് വയ്‌ക്കും. ഇപ്പോള്‍ വരുമാനത്തിനുള്ള വഴി എനിക്കുണ്ട്. ഇനിയും അത് ഉണ്ടാകുമോ എന്ന് നമുക്ക് പറയാന്‍ പറ്റില്ല.

100 രൂപ പോലും കയ്യില്‍ എടുക്കാനില്ലാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ചെറിയ തുക ആണെങ്കില്‍ പോലും ഞാന്‍ നല്ല വില കൊടുക്കുന്നുണ്ട്. എന്ന് വെച്ച് പണം കൂട്ടി വയ്‌ക്കാന്‍ മാത്രം ഉള്ളതല്ല. ചിലപ്പോള്‍ സന്തോഷം പണം കൊടുത്ത് വാങ്ങിക്കാനും കഴിയും.' -അഹാന കൃഷ്‌ണ പറഞ്ഞു.

ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പമുള്ള 'അടി'യാണ് അഹാനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രതീഷ് രവിയുടെ തിരക്കഥയില്‍ പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു സിനിമയുടെ നിര്‍മാണം.

അതേസമയം 'നാന്‍സി റാണി'യാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. 'നാന്‍സി റാണി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ജോസഫ് മനു ജെയിംസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ശ്രീനിവാസന്‍, അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ലാല്‍, ധ്രുവന്‍, ഇന്ദ്രന്‍സ്, അബു സലിം, ഇര്‍ഷാദ് അലി, മാമുക്കോയ, പ്രദീപ് കോട്ടയം, വൈശാഖ് നായര്‍, സോഹന്‍ സീനുലാല്‍, ഇര്‍ഷാദ് അലി, ലെന, മല്ലിക സുകുമാരന്‍, ദേവി അജിത തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

സിനിമയ്‌ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന. തന്‍റെ വിശേഷങ്ങള്‍ അഹാന എല്ലായിപ്പോഴും ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. അഹാന പങ്കുവയ്‌ക്കുന്ന വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. പോസ്‌റ്റുകള്‍ക്ക് പിന്നാലെ പലപ്പോഴും അഹാനയ്‌ക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയരാറുണ്ട്. ഇതിനെല്ലാം കൃത്യമായ മറുപടിയും നടി നല്‍കാറുണ്ട്.

അടുത്തിടെ അഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച റീല്‍സും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. രജനികാന്ത് - തമന്ന ചിത്രം 'ജയിലറി'ലെ ഹിറ്റ് ഗാനമായ 'കാവാലാ'യ്‌ക്ക് നൃത്തച്ചുവടുകളുമായാണ് അഹാന എത്തിയത്. പോസ്‌റ്റിന് പിന്നാലെ നിരവധി കമന്‍റുകളും ഉയര്‍ന്ന് വന്നിരുന്നു.

Also Read:'രണ്ട് ചാണക പീസ് തരട്ടെ'; അധിക്ഷേപിച്ച ആള്‍ക്ക് അഹാനയുടെ ചുട്ട മറുപടി

ABOUT THE AUTHOR

...view details