തമിഴ് സിനിമ ലോകത്ത് എണ്ണിയാലൊടുങ്ങാത്ത ആരാധകരുള്ള അഭിനേതാവാണ് ശിവകാർത്തികേയൻ (Sivakarthikeyan). മികച്ച ഭാവാഭിനയത്തിലൂടെ തെന്നിന്ത്യയില്‍ വെന്നിക്കൊടി പായിച്ച ശിവകാർത്തികേയൻ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
തെലുഗു നടൻ അദിവി ശേഷ് (Adivi Sesh) ആണ് ഈ സർപ്രൈസ് വെളിപ്പെടുത്തിയിരിക്കുന്നത്. ശിവകാർത്തികേയൻ നായകനായി എത്തുന്ന 'മാവീരൻ' (Maaveeran) എന്ന ചിത്രത്തിന്‍റെ ഹൈദരാബാദിൽ വച്ചുനടന്ന പ്രീ റിലീസ് ഇവന്‍റിനിടെ ആണ് ശിവകാർത്തികേയന്‍റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് അദിവി ശേഷ് പരാമർശം നടത്തിയത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലാണ്.
ശിവകാർത്തികേയന്‍റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു അദിവി ശേഷ് താരത്തിന്‍റെ പുതിയ വിശേഷം വെളിപ്പെടുത്തിയത്. ഔദ്യോഗിക അറിയിപ്പ് വരുന്നതിന് മുൻപ് വിവരം പുറത്തുവിട്ടതിനും സർപ്രൈസ് പൊളിച്ചതിനും അദിവി ശേഷ് ശിവകാർത്തികേയനോട് ക്ഷമാപണം നടത്തുന്നതും വീഡിയോയില്‍ കാണാം. അതേസമയം സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അദിവി ശേഷ് പങ്കുവച്ചിട്ടില്ല.
ഏതായാലും പ്രിയ താരത്തിന്‍റെ ബോളിവുഡ് പ്രവേശനത്തെ ആഘോമാക്കുകയാണ് ആരാധകർ. തമിഴ് സിനിമയിലെന്ന പോലെ ബോളിവുഡിലും ശിവകാർത്തികേയൻ തിളങ്ങുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം, ശിവകാർത്തികേയന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മാവീരൻ' റിലീസിനൊരുങ്ങുകയാണ്. മഡോണി അശ്വിൻ (Madonne Ashwin) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മാവീരൻ' ജൂലൈ 14 ന് പ്രദർശനത്തിനെത്തും. ഉദയനിധി സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജയന്‍റ് മൂവീസ് ആണ് ഈ ചിത്രം തമിഴ്‌നാട്ടില്‍ വിതരണം ചെയ്യുക. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.
ശിവകാർത്തികേയന്‍റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാവീരൻ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'വാ വീരാ' എന്ന ഗാനം മികച്ച പ്രതികരണം നേടിയിരുന്നു. യുഗഭാരതിയുടെ (Yugabharathi) വരികൾക്ക് ഭരത് ശങ്കറാണ് (Bharath Sankar) സംഗീതം പകർന്നിരിക്കുന്നത്. ഭരത് ശങ്കർ തന്നെയാണ് മലയാളി കൂടിയായ വൈക്കം വിജയലക്ഷ്‌മിക്കൊപ്പം ഗാനം ആലപിച്ചത്.
അടുത്തിടെ പുറത്തിറങ്ങിയ 'മാവീരൻ' സിനിമയുടെ ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. ചെന്നൈയിൽ ജൂലൈ രണ്ടിന് നടന്ന ഗ്രാൻഡ് പ്രീ - റിലീസ് ഇവന്‍റിലാണ് 'മാവീരൻ' ട്രെയിലർ റിലീസ് ചെയ്‌തത്. ശിവകാർത്തികേയൻ അവതരിപ്പിക്കുന്ന കഥാപാത്രം തന്‍റെ കാലുകൊണ്ട് ഒരു രാഷ്ട്രീയക്കാരന്‍റെ പോസ്‌റ്റര്‍ നശിപ്പിക്കുന്നതാണ് ട്രെയിലറിന്‍റെ തുടക്കം. എന്നാല്‍, ട്രെയിലര്‍ മുന്നോട്ടുപോകുമ്പോള്‍, ശിവകാര്‍ത്തികേയന്‍റെ കഥാപാത്രത്തിന്‍റെ ഷൂസില്‍ രാഷ്‌ട്രീയക്കാരന്‍റെ പോസ്‌റ്റര്‍ കുടുങ്ങിപ്പോകുന്നതും കാണാം. ഇത് ചുറ്റുമുള്ളവരില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണ് ട്രെയിലറില്‍ ദൃശ്യമാവുന്നത്.
സിനിമയില്‍ ചില ഫാന്‍റസി ഘടകങ്ങളും ചേർത്തിട്ടുണ്ടെന്ന സൂചനകളും ട്രെയിലർ തരുന്നുണ്ട്. വിധു അയ്യണ്ണയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
READ MORE:Vaa Veera Maaveeran| 'ഇന്ത ഭൂമിയിലെ സാമിക്കെല്ലാം നാൻ കത്തി സൊന്നാലും കേക്കുമാ...'; 'മാവീരൻ' ലിറിക്കൽ വീഡിയോ ഗാനമെത്തി