ന്യൂഡൽഹി : വിവാദത്തിൽ മുങ്ങി പ്രഭാസ്-ഓം റൗട്ട് കൂട്ടുകെട്ടിൽ ഇറങ്ങുന്ന 'ആദിപുരുഷ്'. രാമായണത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ പ്രഭാസ്, സെയ്‌ഫ് അലി ഖാൻ, കൃതി സനോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 500 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ചിത്രത്തിന്‍റെ 1.46 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ഞായറാഴ്‌ച അയോധ്യയിലാണ് ലോഞ്ച് ചെയ്‌തത്. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക ട്രോളുകളാണ്.
ഫാന്‍റസി സിനിമയായ ചിത്രത്തിലെ വിഎഫ്എക്‌സാണ് ആരാധകരെ നിരാശപ്പെടുത്തിയത്. ചിത്രത്തിൽ രാമനായി വേഷമിടുന്നത് ബാഹുബലി സ്റ്റാർ പ്രഭാസ് ആണ്. രാവണനായി സെയ്‌ഫ് അലി ഖാനും ജാനകിയായി കൃതി സനോണും എത്തുന്നു. രാമന്‍റെയും ഹനുമാന്‍റെയും രാവണന്‍റെയും ചിത്രീകരണം ഏറെ വിമർശനങ്ങൾക്ക് വഴിവച്ചു.
താടിയും മീശയുമില്ലാതെ തുകൽ വസ്ത്രം ധരിച്ച ഹനുമാന്‍റെ രൂപവും വിമർശനത്തിന് ഇടയാക്കി. പുരാണത്തിലെ ഹൈന്ദവ വ്യക്തിത്വങ്ങളെ തെറ്റായ രീതിയിൽ കാണിക്കുന്ന രംഗങ്ങൾ നീക്കം ചെയ്‌തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ചൊവ്വാഴ്‌ച ചിത്രത്തിന്‍റെ നിർമാതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
ആദിപുരുഷിന്‍റെ ടീസർ കണ്ടുവെന്നും അതിൽ ആക്ഷേപകരമായ രംഗങ്ങളുണ്ടെന്നും സംസ്ഥാന സർക്കാരിന്‍റെ വക്താവ് കൂടിയായ മിശ്ര ഭോപ്പാലിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ടീസറിൽ കാണുന്ന തരത്തില്‍ ഹൈന്ദവ ദൈവങ്ങളുടെ വസ്ത്രധാരണവും ലുക്കും സ്വീകാര്യമല്ല. ഹനുമാന്‍റെ വേഷത്തിന്‍റെ വിവരണം ഗ്രന്ഥങ്ങളിൽ വ്യത്യസ്‌തമാണ്. സിനിമയിലേത് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ളതാണ്. അത്തരം രംഗങ്ങളെല്ലാം നീക്കം ചെയ്യാൻ ഓം റൗട്ടിന് കത്തെഴുതുമെന്നും മാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മിശ്ര പറഞ്ഞു.
വിമർശനങ്ങളാൽ നിറഞ്ഞ് സോഷ്യൽ മീഡിയ :BoycottAdipurush, BanAdipurush തുടങ്ങിയ ഹാഷ്‌ടാഗുകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. രാമനും ലക്ഷ്‌മണനും ധരിച്ചിരുന്നത് ലതർ ഷൂസ് അല്ലെന്നും നോൺസെൻസ് സിനിമയാണ് ഇതെന്നും ചിലർ ട്വിറ്ററിൽ കുറിച്ചു.
സഞ്ജയ് ലീല ബൻസാലിയുടെ "പത്മാവത്" എന്ന ചിത്രത്തില്‍ രൺവീർ സിംഗ് അവതരിപ്പിച്ച അലാവുദ്ദീൻ ഖിൽജി എന്ന കഥാപാത്രവുമായി സെയ്‌ഫ് അവതരിപ്പിക്കുന്ന ലങ്കേഷിന്‍റെ (രാവണൻ) വേഷത്തിന് സാമ്യമുള്ളതുപോലെ തോന്നുന്നുവെന്ന് ചിലർ പങ്കുവച്ചു. നിർമാതാക്കൾ രാവണനെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തേണ്ടതായിരുന്നു. സെയ്‌ഫ് അലി ഖാന്‍റെ ഭാവങ്ങൾ തികച്ചും ദയനീയമാണ്. രാവണൻ ഒരു സൈക്കോ ആയിരുന്നില്ല. പദ്‌മാവതിലെ ഖിൽജിയെ അവതരിപ്പിക്കുന്നത് പോലെയാണ് സെയ്‌ഫ് അഭിനയിക്കുന്നത് എന്നും പലരും വിമർശിച്ചു.
സെയ്‌ഫ് അവതരിപ്പിക്കുന്ന കഥാപാത്രം ബാബറിനെയോ ഔറംഗസേബിനെയോ പോലെയാണ് തോന്നുന്നതെന്നും തീർച്ചയായും രാവണനല്ല എന്നും ചിലർ അഭിപ്രായപ്പെട്ടു. രാമാനന്ദ് സാഗറിന്‍റെ "രാമായണം" എന്ന ഇതിഹാസ സീരിയലിൽ നിന്നുള്ള സ്റ്റില്ലുകൾ പങ്കിട്ടുകൊണ്ട് 1980-കളിലെ ക്ലാസിക് ദൂരദർശൻ ഷോയുടെ "ലാളിത്യം" ചിലര്‍ ഉയര്‍ത്തിക്കാട്ടി. സിനിമയിലെ ഡ്രാഗണോട് രൂപസാദൃശ്യമുള്ള ജീവികളെ അമേരിക്കൻ ഫാന്‍റസി ടെലിവിഷൻ സീരീസായ ഗെയിം ഓഫ് ത്രോൺസുമായും ചിലർ താരതമ്യപ്പെടുത്തി.
Also read: 'അസല്‍ കാര്‍ട്ടൂണ്‍, കൊച്ചു ടിവിയില്‍ റിലീസ് ചെയ്യാം'; പ്രഭാസിന്‍റെ ആദിപുരുഷിനെ ട്രോളി സോഷ്യല്‍ മീഡിയ
ജപ്പാൻ-ഇന്ത്യ സഹനിർമാണമായിരുന്ന 1993-ലെ ആനിമേറ്റഡ് ചിത്രമായ "രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ" യിൽ നിന്നുള്ള നിശ്ചലദൃശ്യങ്ങളും പലരും പങ്കിട്ടു. ജാപ്പനീസ് ചലച്ചിത്ര നിർമാതാവ് യുഗോ സാക്കോ സംവിധാനം ചെയ്‌ത ഇത് തൊണ്ണൂറുകളിലെ കുട്ടികൾക്ക് ഏറെ പ്രിയങ്കരമായിരുന്നു.
500 കോടി രൂപ ബജറ്റിൽ വരുന്ന ഒരു ചിത്രത്തിന് വിഎഫ്‌എക്‌സ് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതുവരെ നിർമിച്ചതിൽ ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. ടി- സീരീസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്‌ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.