ഹൈദരാബാദ്:ബോക്‌സ് ഓഫിസില്‍ കൂപ്പുകുത്തി പ്രഭാസ് (Prabhas), കൃതി സനോൺ (Kriti Sanon), സെയ്‌ഫ് അലി ഖാൻ (Saif Ali Khan) താരനിര അണിനിരന്ന ചിത്രം 'ആദിപുരുഷ്' (Adipurush). റിലീസ് ചെയ്‌ത് ആദ്യ ദിനങ്ങളില്‍ വൻ കുതിപ്പ് നടത്തിയ ചിത്രം ഇപ്പോൾ തിയേറ്ററുകളില്‍ വിയർക്കുകയാണ്. ചൊവ്വാഴ്‌ച (ജൂൺ 20) ചിത്രത്തിന്‍റെ കലക്ഷനില്‍ ഗണ്യമായ കുറവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ചൊവ്വാഴ്‌ച ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി 10.80 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. റിലീസായി ആദ്യ നാളുകളില്‍ 220 കോടി നേടിയ 'ആദിപുരുഷി'ന് വാരാന്ത്യത്തിന് ശേഷം തിങ്കളാഴ്‌ച 20 കോടി മാത്രമാണ് നേടാനായത്. പ്രൊഡക്ഷൻ ബാനർ ടി-സീരീസ് പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച്, തിങ്കളാഴ്‌ച വരെയുള്ള സിനിമയുടെ ആഗോള വരുമാനം 375 കോടി രൂപയാണ്. ഇപ്പോൾ പുറത്തുവരുന്ന ചൊവ്വാഴ്‌ചത്തെ കണക്കുകളും ചിത്രം തിയറ്ററുകളില്‍ കിതക്കുന്നതായാണ് വ്യക്തമാക്കുന്നത്.
'ആദിപുരുഷി'ന്‍റെ 'ബിസിനസി'ൽ 65 ശതമാനം ഇടിവുണ്ടായതായി ഒരു അഭിമുഖത്തിൽ വിതരണക്കാരനും എക്സിബിറ്ററുമായ അക്ഷയ് രതി ഞായറാഴ്‌ച പറഞ്ഞിരുന്നു. 'പ്രേക്ഷകർക്ക് അവരുടേതായ മനസുണ്ട്, നമ്മൾ അത് അംഗീകരിക്കണം, സിനിമ ഇഷ്‌ടപ്പെടാത്തത് കൊണ്ടാണ് ഈ ഇടിവ് സംഭവിച്ചത്, അത് നിർഭാഗ്യകരമാണ്. 65 മുതൽ 70 ശതമാനം വരെ കുറവുണ്ടായി'- അക്ഷയ് രതി പറഞ്ഞു.
ആദ്യത്തെ രണ്ട് ദിനങ്ങളിൽ തന്നെ ഓം റൗട്ട് സംവിധാനം ചെയ്‌ത ‘ആദിപുരുഷ്’ 200 കോടി ക്ലബ്ബിൽ കടന്നിരുന്നു. ലോകമെമ്പാടും 240 കോടിയാണ് രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത്. ആദ്യദിനം 140 കോടി നേടിയപ്പോൾ റിലീസ് ചെയ്‌ത് രണ്ടാം ദിനം ചിത്രം ആഗോളതലത്തിൽ നേടിയത് 100 കോടി രൂപയാണ്.