VP Khalid passes away: സിനിമ - സീരിയല്‍ നടന്‍ വി.പി. ഖാലിദ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. വൈക്കത്ത് സിനിമ ചിത്രീകരണത്തിനിടെയായിരുന്നു അന്ത്യം. ഷൂട്ടിങ്ങിനിടെ ശുചി മുറിയില്‍ വീണ അദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. മഴവില്‍ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെയാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടത്. മറിമായം പരിപാടിയിലെ സുമേഷേട്ടന്‍ എന്ന കഥാപാത്രം നടന്‍റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട റോളാണ്.
കൂടാതെ നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങളില്‍ വി.പി ഖാലിദ് അഭിനയിച്ചു. അറിയപ്പെടുന്ന ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം. ആലപ്പി തിയേറ്റേഴ്‌സ് അംഗമായിരുന്ന ഖാലിദ് കൊച്ചിൻ സനാതനയുടെ എഴുന്നള്ളത്ത്, ആലപ്പി തിയേറ്റേഴ്‌സിന്‍റെ ഡ്രാക്കുള, അഞ്ചാം തിരുമുറിവ് തുടങ്ങിയ നാടകങ്ങളിലും വേഷമിട്ടു.
VP Khalid career: 1973ൽ പുറത്തിറങ്ങിയ പി.ജെ ആന്‍റണി ചിത്രം 'പെരിയാറി'ലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. തോപ്പിൽ ഭാസിയുടെ 'ഏണിപ്പടികൾ', കുഞ്ചാക്കോയുടെ 'പൊന്നാപുരം കോട്ട', 'താപ്പാന', 'അനുരാഗ കരിക്കിൻ വെള്ളം' തുടങ്ങി നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ് വി.പി. ഖാലിദ്.