ചെന്നൈ:തമിഴിൽ വലിയ ആരാധക വൃന്ദമുള്ള ചലച്ചിത്ര താരമാണ് അജിത്ത് കുമാർ. അഭിനയത്തിന് പുറമെ താരത്തിൻ്റെ ബൈക്ക് യാത്രകളോടുള്ള കമ്പവും പ്രശസ്‌തമാണ്. സിനിമ ചിത്രീകരണം ഒന്നുമില്ലാത്ത ഒഴിവുകാലങ്ങളിലും, എന്തിനേറെ പറയുന്നു ഷൂട്ടിങ്ങിനിടെ വീണു കിട്ടുന്ന ഇടവേളകളിൽ പോലും താരം ബൈക്ക് റൈഡുകൾ നടത്തുന്നത് നാം കാണാറുണ്ട്.
ബൈക്ക് റൈഡുകളോടുള്ള പ്രിയം ആരാധകരുമായി താരം പങ്കുവയ്‌ക്കാറുമുണ്ട്. ഇപ്പോഴിതാ തന്നെപ്പോലെ ബൈക്ക് റൈഡുകൾ ഇഷ്‌ടപ്പെടുന്ന ആളുകൾക്ക് വേണ്ടി പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ് താരം. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ബൈക്ക് റൈഡുകള്‍ സംഘടിപ്പിക്കുന്ന ഒരു കമ്പനിയുമായാണ് താരം എത്തിയിരിക്കുന്നത്.
എകെ മോട്ടോ റൈഡ് എന്നാണ് കമ്പനിക്ക് നൽകിയിരിക്കുന്ന പേര്. ഇത് സംബന്ധിച്ച് ഒരു വാര്‍ത്താ കുറിപ്പും അജിത്ത് പുറത്തിറക്കി. മഹേഷ് തിരുമേനി സംവിധാനം ചെയ്യുന്ന "വിടാമുയാർച്ചി" എന്ന തന്‍റെ നിലവിലെ സിനിമ തിരക്കുകൾക്കിടെയാണ് താരത്തിൻ്റെ പ്രഖ്യാപനം.
മോട്ടോർ സൈക്കിൾ സവാരിയോടുള്ള തന്‍റെ അഭിനിവേശവും അവിസ്‌മരണീയമായ അനുഭവങ്ങളും ആരാധകരുമായി പങ്കിടാനുള്ള ആഗ്രഹവും അജിത്ത് കുമാർ പ്രകടിപ്പിച്ചു. "ജീവിതം ഒരു മനോഹര യാത്രയാണ്. അതിന്‍റെ വളവുകളെയും തിരിവുകളെയും നീണ്ട പാതകളെയുമൊക്കെ പുണരുക. എനിക്ക് ജീവിതത്തില്‍ ഏറ്റവും സ്നേഹം തോന്നിയ ഒരു വാചകമാണ് ഇത്.
'എകെ മോട്ടോ റൈഡ്'; ബൈക്ക് റൈഡേഴ്‌സിനായി കമ്പനി തുടങ്ങി അജിത്ത്
മോട്ടോര്‍സൈക്കിളിനോട് എനിക്കുള്ള അഭിനിവേശത്തെ പ്രൊഫഷണല്‍ ആയ ഒരു പ്രസ്ഥാനത്തിലേക്ക് ഞാന്‍ കൊണ്ടുവരികയാണ്, എകെ മോട്ടോ റൈഡ് എന്ന മോട്ടോര്‍സൈക്കിള്‍ ടൂറിംഗ് കമ്പനിയുടെ രൂപത്തില്‍'', അജിത്ത് വാര്‍ത്ത കുറിപ്പിൽ പറയുന്നു. റൈഡേഴ്‌സിനും സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കും സഞ്ചാരികള്‍ക്കും ഇന്ത്യയിലും വിദേശത്തുമായുള്ള യാത്രകളാണ് എകെ മോട്ടോ റൈഡ് വാഗ്‍ദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബൈക്ക് റൈഡുകളെ കുറിച്ചും പ്രാദേശിക സംസ്‌കാരങ്ങളെ കുറിച്ചും മികച്ച ധാരണയുള്ള പ്രൊഫഷണല്‍ ഗൈഡുകള്‍ തുടക്കം മുതല്‍ ഒടുക്കം വരെ യാത്രകള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സുരക്ഷയ്ക്കും സ്വാസ്ഥ്യത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ, അവധാനതയോടെ പരിരക്ഷിക്കപ്പെട്ട അഡ്വഞ്ചര്‍ ടൂറിംഗ് സൂപ്പര്‍ബൈക്കുകള്‍ എകെ മോട്ടോ റൈഡ് ലഭ്യമാക്കുമെന്നും പറഞ്ഞു.
ആദ്യാവസാനം വരെ റൈഡർമാർക്ക് തടസമില്ലാത്തതും ആസ്വാദ്യകരവുമായ അനുഭവം നൽകുക എന്നതാണ് ലക്ഷ്യമെന്നും യാത്രകള്‍ക്ക് പരിരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ് എകെ മോട്ടോ റൈഡ് എന്നും താരം കുറിപ്പിൽ വ്യക്തമാക്കി.
കൂടാതെ, മാർഗനിർദേശം തേടുന്നവർക്കായി എകെ മോട്ടോ റൈഡ് കമ്പനി സമഗ്രമായ റൂട്ട് മാപ്പുകൾ, മോട്ടോർ സൈക്കിൾ റൈഡുകളെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകൾ, ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ, പ്രാദേശികമായ ആചാരങ്ങൾ, പരിചയസമ്പന്നരായ റൈഡർമാരിൽ നിന്നുള്ള നിർദേശങ്ങൾ എന്നിവയും വാഗ്‌ദാനം ചെയ്യും. 'ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ' എന്ന് കുറിച്ചുകൊണ്ടാണ് അജിത് കുമാർ തന്‍റെ പ്രസ്‌താവന ഉപസംഹരിക്കുന്നത്.
സിനിമ ഷൂട്ടിംഗിന് താത്‌കാലിക ഇടവേള നൽകി അജിത് കുമാർ നേപ്പാളിലുടനീളം സാഹസിക മോട്ടോർ സൈക്കിൾ യാത്ര നടത്തുന്നതിൻ്റെ ഫോട്ടോകളും വീഡിയോകളും അടുത്തിടെ പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത താരം തന്‍റെ മാനേജർ വഴിയാണ് യാത്രയുടെ ആകർഷകവും അവിസ്‌മരണീയവുമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ചത്. നേപ്പാളിൽ എത്തുന്നതിന് മുമ്പ് തെലങ്കാന, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഡൽഹി തുടങ്ങി വിവിധ സ്ഥലങ്ങളും താരം സന്ദർശിച്ചിരുന്നു.