ബെംഗളൂരു:ദലിത് വിരുദ്ധ പരാമര്‍ശത്തില്‍ കന്നഡ നടൻ ഉപേന്ദ്രയ്‌ക്കെതിരെ വീണ്ടും പൊലീസ് കേസ്. കർണാടക രണധീരപദ് സംസ്ഥാന പ്രസിഡന്‍റ് ബൈരപ്പ ഹരീഷ് കുമാറാണ് നടനും ഉത്തമപ്രജാകീയ പാർട്ടി നേതാവുമായ ഉപേന്ദ്രയ്‌ക്കെതിരെ പരാതി നല്‍കിയത്. ഹലാസുർ ഗേറ്റ് പൊലീസിന്‍റേതാണ് നടപടി.
സമാനമായ പരാമര്‍ശത്തില്‍, പട്ടികജാതി പട്ടികവർഗ വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങള്‍ ചുമത്തി ഉപേന്ദ്രയ്‌ക്കെതിരെ ബെംഗളൂരു സികെ അച്ചുകാട്ട് പൊലീസ് നേരത്തേ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും നടന്‍റെ വിവാദ പരാമര്‍ശം. ഫേസ്ബുക്ക് ലൈവിനിടെയാണ് ദലിത് വിഭാഗത്തിന് നേരെ നടന്‍റെ ആക്ഷേപകരമായ പരാമര്‍ശം. സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്‌ടറായ മധുസൂദനൻ സികെ, അച്ചുകാട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടൻ ഒരു സമുദായത്തെ മൊത്തം അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചു.
ALSO READ :പ്രത്യേക സംവരണം വേണം, ദേശീയപാത ഉപരോധിച്ച് മാലി സമുദായം; കണ്ണീര്‍ വാതകം പ്രയോഗിച്ച പൊലീസിന് കല്ലേറ്
പരാമര്‍ശത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് തുടര്‍ അന്വേഷണം നടത്തി വരികയാണ്. കേസുമായി ബന്ധപ്പെട്ട ഉപേന്ദ്രന് നോട്ടിസ് നൽകുമെന്ന് പൊലീസ് അറിയിച്ചു. അല്ലാത്തപക്ഷം പൊലീസ് ഉപേന്ദ്രയുടെ വസതിയിലെത്തി നോട്ടിസ് നൽകാനും സാധ്യതയുണ്ട്. സംഭവത്തെ തുടര്‍ന്ന് ഉപേന്ദ്ര ട്വീറ്റിലൂടെ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. ലൈവില്‍ സംസാരിക്കുന്നതിനിടെ താന്‍ ഒരു പഴഞ്ചൊല്ല് ഉപയോഗിച്ചിരുന്നു. അത് പലരുടെയും വികാരത്തെ വ്രണപ്പെടുന്നതായി കണ്ടതിനാല്‍ താൻ ഉടൻ തന്നെ ആ ലൈവ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും ഒഴിവാക്കി. താന്‍ ഉപയോഗിച്ച വാക്കുകള്‍ക്ക് ക്ഷമിക്കണം എന്നും ട്വീറ്റിലൂടെ പങ്കുവച്ചു.
ഉപേന്ദ്രയുടെ ദലിത് വിരുദ്ധ ആക്ഷേപം തടയുന്നതിനും ഭരണഘടനയിൽ സമുദായങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനും വേണ്ട കൂടുതൽ നടപടികള്‍ കൈകൊളുമെന്നും പൊലീസ് പറഞ്ഞു. 'ഉപേന്ദ്ര പൊതുരംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന ആളാണ്. എന്നാല്‍ അത്തരത്തിലുള്ള വ്യക്തി സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ദലിത് വിരുദ്ധ പരാമര്‍ശം നടത്തുന്നു. അത് സമുദായത്തിന് മാത്രമല്ല ഭരണഘടനയ്ക്കും അപമാനമാണ്.'- മന്ത്രി എച്ച്‌സി മഹാദേവപ്പ ട്വീറ്റിലൂടെ പറഞ്ഞു.
മുന്‍പും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതിനെ തുടര്‍ന്നുള്ള കേസ് നിലനില്‍ക്കുകയാണ്. അത്തരത്തില്‍ മറ്റൊരു ആക്ഷേപമുയര്‍ത്തിയതിനെ തുടര്‍ന്നാണ് വീണ്ടും നടനെതിരെയുള്ള നടപടി. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരുന്ന സാഹചര്യത്തിലാണ് ക്ഷമാപണവുമായി നടന്‍ രംഗത്തെത്തിയത്.
ALSO READ :സിനിമ തിയേറ്ററിൽ പ്രവേശനം നിഷേധിച്ചു, ജാതി വിവേചനമെന്ന് ആരോപണം ; വളച്ചൊടിക്കുന്നുവെന്ന് മാനേജ്മെന്‍റ്