ഹൈദരാബാദ്: ഈ വർഷം നടക്കുന്ന 54-ാമത് ഇന്ത്യൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (ഐഎഫ്എഫ്ഐ) പ്രശസ്‌ത ഹോളിവുഡ് നടനും നിർമ്മാതാവുമായ മൈക്കൽ ഡഗ്ലസിനെ സത്യജിത് റേ എക്‌സലൻസ് ഇൻ ഫിലിം ലൈഫ് ടൈം അവാർഡ് നൽകി ആദരിക്കും. (Michael Douglas will be honored with the Satyajit Ray Excellence in Film Lifetime Award) നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന പരിപാടിക്ക് നാഷണൽ ഫിലിം ഡെവലപ്‌മെന്‍റ് കോർപറേഷൻ ലിമിറ്റഡ് ആതിഥേയത്വം വഹിക്കും. (54th International Film Festival of India)
ആഘോഷത്തിന്‍റെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന നിരവധി സിനിമകൾ പ്രദർശിപ്പിച്ചുകൊണ്ട് സിനിമാതാരങ്ങളും പൊതുജനങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധം സൃഷ്‌ടിക്കുകയെന്നതാണ് ഐഎഫ്എഫ്ഐയുടെ പ്രധാന ഉദ്ദേശം. ചടങ്ങിൽ പുതിയ റിലീസുകൾ അവതരിപ്പിക്കും.
സിനിമാതാരങ്ങളും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായി അടുത്തിടെ ആരംഭിച്ച "ഗാല പ്രീമിയേഴ്‌സ്" പരിപാടിയുടെ ഭാഗമായി സിനിമകളും ടെലിവിഷൻ സീരീസുകളും പ്രദർശിപ്പിക്കും. സൽമാൻ ഖാന്‍റെ മരുമകൾ അലിസെ അഗ്നിഹോത്രി അഭിനയിക്കുന്ന 'ഫാരേ'യ്‌ക്ക് പുറമേ, ഗോവയിൽ നടക്കാനിരിക്കുന്ന ഐഎഫ്എഫ്ഐയിൽ നിരവധി പ്രദർശനങ്ങൾ ഉണ്ടാകും. വിജയ് സേതുപതി, അരവിന്ദ് സ്വാമി, അതിഥി റാവു ഹൈദരി എന്നിവർ അഭിനയിക്കുന്ന പങ്കജ് ത്രിപാഠിയുടെ 'കടക് സിംഗ്', എ ആർ റഹ്മാന്‍റെ സൗണ്ട് ട്രാക്ക് ഉള്ള 'ഗാന്ധി ടോക്‌സ്' എന്നിവയുടെ ലോക പ്രീമിയറും ഫെസ്റ്റിവലിൽ ഉണ്ടാകും.
സമൂഹത്തിലെ മുതലാളിത്തത്തിന്‍റെയും വംശീയതയുടെയും ആഴങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്ന കിഷോർ പദുരംഗ് ബേലേക്കറുടെ ഗാന്ധി ടോക്‌സ്, ഹിന്ദു പുരാണങ്ങളെക്കുറിച്ചും സമുദ്ര മഥന കഥയെക്കുറിച്ചും പരാമർശിക്കുന്നു. ചുരുളഴിയാത്ത കഥകളുമായി സൗമേന്ദ്ര പാധിയുടെ ഫാരേ പ്രേക്ഷകർക്ക് ആവേശകരമായ ആസ്വാദനം വാഗ്‌ദാനം ചെയ്യുന്നു. അനിരുദ്ധ റോയ് ചൗധരിയുടെ കടക് സിംഗ്, റിട്രോഗ്രേഡ് അംനേഷ്യ ബാധിച്ച ഇൻസ്പെക്‌ടറായ എ കെ ശ്രീവാസ്‌തവയുടെ കഥയാണ് പറയുന്നത്.
ഓർമ്മക്കുറവ് ഉണ്ടായിരുന്നിട്ടും, സങ്കീർണമായ ചിട്ടി അഴിമതിയുടെ ചുരുളഴിയാൻ അദ്ദേഹം തന്‍റെ ഭൂതകാലത്തിലേക്ക് പോകുന്നു. മിലിന്ദ് റാവുവിന്‍റെ 'ദി വില്ലേജ്' എന്ന സിനിമ റോഡ് യാത്രയ്‌ക്കിടയിലുള്ള ഒരു കുടുംബത്തിന്‍റെ ദുരന്ത കഥയിലേക്ക് കാണികളെ കൊണ്ടുപോകുന്നു. ഡിയർ ജാസ്സി, ഹറി ഓം ഹറി, റൗതു കി ബെലി, ധൂത, ദിൽ ഹേ ഗ്രേ, ഗ്രേ ഗെയിംസ് തുടങ്ങിയ മികച്ച സിനിമകൾക്കൊപ്പം ഐഎഫ്‌എഫ്‌ഐയുടെ ഗാല പ്രീമിയേഴ്‌സ് സിനിമാപ്രേമികൾക്ക് വ്യത്യസ്‌തമായ സിനിമാറ്റിക് അനുഭവം നല്‍കും.
മാനുഷിക വികാരങ്ങളിലേക്കും സസ്‌പെൻസിലേക്കും നിഗൂഢതയിലേക്കും കാണികളെ ചെന്നെത്തിക്കുന്നതായിരിക്കും പ്രദർശനം. ഏറ്റവും വലിയ ചലച്ചിത്ര മേളകളിലൊന്നായ ഐഎഫ്എഫ്‌ഐയില്‍ അന്താരാഷ്ട്ര സിനിമകളിലെ ഏറ്റവും മികച്ച ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. പരിചയസമ്പന്നരും ഉയർന്നുവരുന്നവരുമായ ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ മികച്ച സൃഷ്‌ടികൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി അവതരിപ്പിക്കാനുള്ള വേദിയായിരിക്കും ഫെസ്റ്റിവൽ.
ഫിലിം ഫെസ്റ്റിവലിന്‍റെ അവസാന ദിവസമാണ് ഹോളിവുഡ് നടൻ മൈക്കൽ ഡഗ്ലസിന് സത്യജിത് റേ എക്‌സലൻസ് ഇൻ ഫിലിം ലൈഫ് ടൈം അവാർഡ് നൽകുക. മൈക്കൽ ഹൈദരാബാദിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്നതായി കിംവദന്തികൾ പ്രചരിക്കുന്നുണ്ട്.