അമ്പത്തി രണ്ടാമത് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടന്മാരായി ബിജു മേനോനും ജോജു ജോര്‍ജും. ആര്‍ക്കറിയാം എന്ന സിനിമയിലെ പ്രകടനത്തിനാണ് ബിജു മേനോന് പുരസ്‌കാരം. തുറമുഖം, മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ സിനിമകളിലെ അഭിനയത്തിന് ബിജു മേനോനൊപ്പം ജോജു ജോര്‍ജും മികച്ച നടനുളള പുരസ്‌കാരം പങ്കിട്ടു.
നടി രേവതിയാണ് ഭൂതകാലം എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ മികച്ച നടിയായത്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയിദ് അക്‌തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍.
മികച്ച നടന്മാരുടെ പട്ടികയില്‍ ബിജു മേനോനും ജോജുവിനും പുറമെ സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, ഫഹദ് ഫാസില്‍, ഗുരു സോമസുന്ദരം എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. അതേപോലെ മികച്ച നടിമാരുടെ ലിസ്‌റ്റില്‍ രേവതിക്കൊപ്പം പാര്‍വതി തിരുവോത്ത്, മഞ്‌ജു വാര്യര്‍, നിമിഷ സജയന്‍, മഞ്ജു പിളള, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും ഉള്‍പ്പെട്ടു.
രക്ഷാധികാരി ബൈജു, അയ്യപ്പനും കോശിയും എന്നീ സിനിമകള്‍ക്ക് ശേഷം ബിജു മേനോന് ലഭിച്ച മികച്ച കഥാപാത്രമാണ് ആര്‍ക്കറിയാം സിനിമയിലെ ഇട്ടിയവര. റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപകനായ ഏഴുപതുകാരന്‍റെ ശരീരഭാഷ ഇരുപ്പിലും നടപ്പിലുമെല്ലാം അതിന്‍റെ പൂര്‍ണതയോടെ ബിജു മേനോന്‍ അവതരിപ്പിച്ചു.
അതിഭാവുകത്വങ്ങളില്ലാതെ വളരെ നാച്ചുറലായി ഈ റോള്‍ സിനിമയില്‍ അവതരിപ്പിക്കാന്‍ ബിജു മേനോന് കഴിഞ്ഞു. മികച്ച രണ്ടാമത്തെ നടനുളള പുരസ്‌കാരം മുന്‍പ് രണ്ട് തവണ നേടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ബിജു മേനോനെ നേടി മികച്ച നടനുളള അവാര്‍ഡ് തേടിയെത്തിയത്.
ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസാണ് ആര്‍ക്കറിയാം സംവിധാനം ചെയ്‌തത്. ബിജു മേനോന് പുറമെ പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നീ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തി. മൂന്ന് സിനിമകളിലെ പ്രകടനത്തിനാണ് ജോജു ജോര്‍ജിന് ആദ്യമായി മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.
നായാട്ട്, മധുരം, തുറമുഖം എന്നീ സിനിമകളിലെ അഭിനയത്തിന് നടനെ ജൂറി മികച്ച നടനായി തിരഞ്ഞെടുത്തു. തുറമുഖം ഇതുവരെ റിലീസ് ചെയ്‌തില്ലെങ്കിലും നായാട്ട്, മധുരം എന്നീ സിനിമകളിലെ ജോജുവിന്‍റെ ഗംഭീര പ്രകടനം പ്രേക്ഷകര്‍ കണ്ടു. വൈകാരിക രംഗങ്ങള്‍ ഏറെയുളള രണ്ട് സിനിമകളിലും വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ജോജു കാഴ്‌ചവച്ചത്.
ജോസഫിന് ശേഷം നടന് ലഭിച്ച മികച്ച കഥാപാത്രങ്ങളാണ് നായാട്ടിലെ അസിസ്‌റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടര്‍ മണിയനും മധുരത്തിലെ സാബുവും. മൈമു എന്നാണ് തുറമുഖത്തില്‍ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രാജീവ് രവി സംവിധാനം ചെയ്‌ത തുറമുഖം ജൂണിലാണ് തിയേറ്ററുകളിലെത്തുന്നത്.
മാര്‍ട്ടിന്‍ പ്രക്കാട്ടാണ് നായാട്ട് സംവിധാനം ചെയ്‌തത്. സംവിധായകന്‍ അഹമ്മദ് കബീര്‍ മധുരം എന്ന സിനിമയും ഒരുക്കിയിരിക്കുന്നു. ഒരിടവേളയ്‌ക്ക് ശേഷം ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ തിരിച്ചുവരവാണ് നടി രേവതി നടത്തിയത്. ആദ്യമായാണ് മികച്ച നടിക്കുളള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രേവതിക്ക് ലഭിക്കുന്നത്.
നവാഗതനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്‌ത ഭൂതകാലത്തില്‍ രേവതിക്കൊപ്പം നടന്‍ ഷെയ്‌ന്‍ നിഗവും പ്രധാന റോളില്‍ എത്തുന്നു. ഹൊറര്‍ ത്രില്ലര്‍ സിനിമയില്‍ അതിഭാവുകത്വമില്ലാതെ ആശ എന്ന അമ്മയുടെ റോളില്‍ മികച്ച പ്രകടനമാണ് രേവതി കാഴ്‌ചവച്ചത്. ഭൂതകാലം സിനിമയുടെ വിജയത്തില്‍ ഷെയ്ന്‍, രേവതി തുടങ്ങിയ താരങ്ങളുടെ ശ്രദ്ധേയ പ്രകടനം തന്നെയാണ് നിര്‍ണായക പങ്കുവഹിച്ചത്.