ഹൈദരാബാദ്:ബോളിവുഡ് താരറാണി ആലിയ ഭട്ടിന് ഇന്ന് 30-ാം പിറന്നാൾ. ഭർത്താവ് രൺബീർ കപൂറിനും മകൾ രാഹ കപൂറിനും ഒപ്പം പിറന്നാൾ ആഘോഷം തകർക്കാൻ ഒരുങ്ങുകയാണ് ആലിയ. 2012ൽ പുറത്തിറങ്ങിയ സ്റ്റുഡന്‍റ് ഓഫ് ദ ഇയർ ആയിരുന്നു ആദ്യ ചിത്രം. കരിയർ തുടങ്ങി 11 വർഷങ്ങൾ കഴിയുമ്പോൾ ഇന്ന് ബി ടൗണിലെ ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാളാണ് ആലിയ.
പ്രശസ്‌ത സംവിധായകൻ മഹേഷ് ഭട്ടിന്‍റെയും നടി സോണി റസ്‌ദാന്‍റെയും മകളായ ആലിയ ഭട്ട്, തുടക്കത്തിൽ കേവലം സ്‌റ്റാർ കിഡ് പരിവേഷത്തിൽ നിന്നും, സ്വന്തം കഴിവിൽ വിശ്വസിച്ച് ബോളിവുഡ് കീഴടക്കിയ നടി കൂടിയാണ്. 2012 ൽ കരൺ ജോഹറിന്‍റെ സ്റ്റുഡന്‍റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിന് ശേഷം ഹൈവേ, ഉഡ്‌താ പഞ്ചാബ്, ഡാർലിംഗ്‌സ്, ഗംഗു ബായ് കത്ത്യവാടി തുടങ്ങിയ നിരവധി സിനിമകൾ ആലിയയെ തേടിയെത്തി. ഒരർഥത്തിൽ തൊട്ടതെല്ലാം ആലിയ പൊന്നാക്കി.
ഒരു അഭിനേത്രിയെന്ന നിലയിൽ തന്‍റെ കഴിവ് പ്രകടമാക്കിയ ശ്രദ്ധേയമായ വേഷങ്ങൾ ആലിയ ഭട്ട് ഇതിനോടകം ചെയ്‌തിട്ടുണ്ട്. ഓസ്‌കർ ചിത്രം ആർ ആർ ആറിലെ നായിക പദവി മുതൽ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച എഴോളം ചിത്രങ്ങൾ ആലിയയുടെ അക്കൗണ്ടിലുണ്ട്. ഹോളിവുഡ് അരങ്ങേറ്റമായ 'ഹാർട്ട് ഓഫ് സ്റ്റോൺ' ഈ വർഷം ഇറങ്ങാനിരിക്കുമ്പോഴും ഇപ്പോഴും ട്രോളുകളിൽ ആലിയ സ്ഥിരം സാന്നിധ്യമാണ്.
സുഷാന്ത് സിംഗിന്‍റെ മരണത്തോടെ ബോളിവുഡിലെ നെപ്പോട്ടിസം അടക്കമുള്ള വാർത്തകൾ ചർച്ചയാവുകയും, സ്വജനപക്ഷപാതത്തിലൂടെ സിനിമയിലെത്തിയ താരങ്ങൾ ബോയ്‌കോട്ട് നേരിടുകയും ചെയ്‌തിരുന്നു. ഈ സമയത്തിറങ്ങിയ ആലിയയുടെ ഗംഗുബായ് ഉൾപ്പെടെയുള്ളവ തിരസ്‌കരണം നേരിട്ടിരുന്നു. എന്നാൽ ആലിയയുടെ അഭിനയ തികവോടെ സിനിമ ഇറങ്ങിതോടെ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു. കൊവിഡും നെപ്പോട്ടിസവും വാർത്തയായ സമയത്ത് ഇറങ്ങിയ ബ്രഹ്മാസ്‌ത്ര ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബോളിവുഡിൽ നിൽക്കുന്ന കാസ്‌റ്റിങ് കൗച്ചും, നെപ്പോട്ടിസവും സത്യമാണെന്ന് ആലിയ പ്രതികരിച്ചിരുന്നു. ബോളിവുഡ് ഫിലിം ഇൻഡസ്‌ട്രിയിൽ സ്വജനപക്ഷപാതം ഉണ്ടെന്നത് ഞാൻ അംഗീകരിക്കുകയാണ്. അവസരം കിട്ടാത്ത മറുവശത്താണ് ഞാൻ നിൽക്കുന്നതെങ്കിൽ തനിക്ക് എങ്ങനെ തോന്നും എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്‌തിരുന്നു.
'സിനിമ വ്യവസായത്തിൽ സ്വജനപക്ഷപാതമുള്ളതിനാൽ അതില്ല എന്ന് പറഞ്ഞ് പ്രതിരോധിക്കേണ്ട ആവശ്യമില്ല. ഇൻഡസ്ട്രിയിൽ അവസരം ലഭിക്കാത്തവർക്ക് ഇത്തരം രീതികൾ വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഞാൻ അവസരം കിട്ടാത്തവരുള്ള മറുവശത്താണെങ്കിൽ, എന്‍റെ ഹൃദയം തകർന്നുപോകും. എനിക്കും അങ്ങനെ തന്നെ തോന്നിയിരിക്കാം.അതിനാലാണ് ഇത് വൈകാരിക പ്രശ്‌നമായി മാറിയത്. നെപ്പോട്ടിസം ഇത് എല്ലായിടത്തും നിലവിലുണ്ട്, പക്ഷേ സ്ഥിരമായ ഫണ്ടുകളില്ലാത്ത ഒരേയൊരു ബിസിനസ് സിനിമയാണ്. നിങ്ങൾ ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് ഉണ്ടായിരിക്കണം', ആലിയ മാധ്യമങ്ങളോട് പറഞ്ഞു.
രൺവീർ സിങ്, ധർമ്മേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്‌നി എന്നിവർക്കൊപ്പം കരൺ ജോഹർ സംവിധാനം ചെയ്യുന്ന റോക്കി ഔർ റാണി കി പ്രേം കഹാനിയെന്ന റൊമാന്‍റിക് ചിത്രമാണ് ആലിയയുടെ പുതിയ റിലീസ്. ചിത്രം ജൂലൈ 28 ന് തിയറ്ററുകളിൽ എത്തും. കത്രീന കൈഫും പ്രിയങ്ക ചോപ്രയും അഭിനയിക്കുന്ന ജീ ലെ സാര എന്ന ചിത്രവും ആലിയയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.