ഹൈദരാബാദ്: പ്രശസ്‌ത അമേരിക്കന്‍ സംവിധായകന്‍ ജെ ജെ അബ്രാംസുമായി കൂടിക്കാഴ്‌ച നടത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം രാം ചരണ്‍. താന്‍ ആരാധിക്കുന്ന മികച്ച സംവിധായകനെ കണ്ടുമുട്ടിയതില്‍ രാം ചരണ്‍ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ് വഴി സന്തോഷം പ്രകടിപ്പിച്ചു. ഇന്‍സ്‌റ്റഗ്രാമില്‍ താരം പങ്കുവച്ച പോസ്‌റ്റില്‍ ജെ ജെ അബ്രാംസിന്‍റെ മികച്ച ആരാധകനാണ് താനെന്ന് രാം ചരണ്‍ കുറിച്ചു.
രാം ചരണ്‍ പങ്കുവച്ച ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ്: 'ജെ ജെ അബ്രാംസുമായി കണ്ടുമുട്ടാന്‍ ഇന്നെനിക്ക് അവസരം ലഭിച്ചു. ഈ സായാഹ്നത്തില്‍ എന്നെ ക്ഷണിച്ചതിന് ഞാന്‍ നന്ദി പറയുകയാണ് സര്‍. നിങ്ങളുടെ വലിയ ഒരു ആരാധകനാണ് ഞാന്‍'- ജെ ജെ അബ്രാംസിന്‍റെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് ടാഗ് ചെയ്‌തു കൊണ്ട് രാം ചരണ്‍ കുറിച്ചു.
ചിത്രത്തില്‍ രാം ചരണ്‍ കറുത്ത നിറമുള്ള ഹൈ നെക്ക് ബനിയനും കടുത്ത നീല നിറമുള്ള ഓവര്‍കോട്ടുമാണ് ധരിച്ചിരിക്കുന്നത്. ഹോളിവുഡ് സംവിധായകന്‍ വെളുത്ത നിറമുള്ള ഷര്‍ട്ടും ചാര നിറമുള്ള ഓവര്‍കോട്ടും ചെക്ക് ടൈയുമാണ് ധരിച്ചിരുന്നത്. പരസ്‌പരം കണ്ടുമുട്ടിയതിന് ശേഷം ഇരുവരും സന്തോഷം പങ്കുവച്ചുവെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്.
ആരാധകരുടെ കമന്‍റുകള്‍:ഇരുവരും ആഹ്ളാദത്തോടെ പരസ്‌പരം കൈകള്‍ ചൂണ്ടി നില്‍ക്കുന്നതും ചിത്രത്തില്‍ നിന്നും വ്യക്തമാണ്. സൂപ്പര്‍ താരം രാം ചരണ്‍ പങ്കുവച്ച ചിത്രത്തിന് നിരവധി പേരാണ് കമന്‍റുമായി എത്തിയത്. 'ആഗോള താരം രാം ചരണ്‍' എന്ന് ഒരു ആരാധകന്‍ കമന്‍റ് ചെയ്‌തു.
'ഒരിക്കല്‍ അദ്ദേഹത്തിന്‍റെ അച്ഛനായിരുന്നു സിനിമ മേഖല ഭരിച്ചിരുന്നത്. ഇപ്പോള്‍ മകന്‍ ഭരിക്കുന്നു. അച്ഛന് തുല്യനാണ് മകനും. നിറയെ സ്‌നേഹം'- മറ്റൊരു ആരാധകന്‍ കുറിച്ചു.
ഓസ്‌കര്‍ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട എസ് എസ് രാജമൗലി ഒരുക്കിയ ആര്‍ആര്‍ആര്‍ ചിത്രത്തിന്‍റെ പ്രചാരണ തിരക്കില്‍ അമേരിക്കയിലാണ് താരം. നിരവധി അഭിമുഖത്തിലാണ് രാം ചരണ്‍ പങ്കെടുക്കുന്നത്. മാത്രമല്ല, അഭിമുഖങ്ങളിലെല്ലാം ഹോളിവുഡ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹവും താരം പങ്കുവച്ചിരുന്നു. പ്രശസ്‌ത ഹോളിവുഡ് സംവിധായകനുമായുള്ള കണ്ടുമുട്ടലിനെ തുടര്‍ന്ന് രാം ചരണ്‍ ഹോളിവുഡ് സിനിമ ചെയ്യാന്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
ഷാരൂഖ് ഖാനൊപ്പം രാം ചരണ്‍ എത്തുന്നുവോ?:പത്താന് ശേഷമുളള ഷാരൂഖ് ഖാന്‍ ചിത്രം 'ജവാനിലെ' അതിഥി വേഷം തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്‍ നിരസിച്ചതിന് പിന്നാലെ രാം ചരണ്‍ കഥാപാത്രമാകുന്നുവെന്ന് വാര്‍ത്തകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും രാം ചരണ്‍ തിരിച്ചെത്തിയ ശേഷമായിരിക്കും ഇക്കാര്യങ്ങള്‍ക്ക് വ്യക്തത ഉണ്ടാവുക. ചുരുങ്ങിയ സമയത്തിനുള്ളില്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന വേഷമായിരിക്കും താരം ചെയ്യുകയെങ്കിലും കഥാപാത്രത്തിന് ചിത്രത്തില്‍ വളരെയധികം പ്രാധാന്യമുണ്ടെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
തെലുഗു സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് രാം ചരണ്‍. മൂന്ന് ഫിലിം ഫെയര്‍ അവാര്‍ഡും രണ്ട് നന്തി അവാര്‍ഡിനും താരം അര്‍ഹനായിട്ടുണ്ട്. സൗത്ത് ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള താരം തെലുഗു താരങ്ങളില്‍ ഒരാള്‍ കൂടിയാണ് രാം ചരണ്‍.