മുംബൈ:ഹോളിവുഡ് സൂപ്പർ ഹീറോസായ തോർ ആയി രൺവീർ സിങും, ക്യാപ്‌റ്റൻ മാർവൽ ആയി പ്രിയങ്ക ചോപ്രയും... മാർവൽ സൂപ്പർ ഹീറോസിന്‍റെ വേഷത്തിൽ ഇന്ത്യൻ താരങ്ങളെത്തിയാൽ ആരെ തെരഞ്ഞെടുക്കും എന്ന ചോദ്യത്തിന് പ്രശസ്‌ത ഹോളിവുഡ് സംവിധായകരായ റൂസോ ബ്രദേഴ്‌സ് നൽകിയ ഉത്തരമാണിത്.
മുംബൈയിൽ നടന്ന 'ദി ഗ്രേ മാൻ' എന്ന ചിത്രത്തിന്‍റെ ഗ്ലോബൽ പ്രീമിയറിനിടെയാണ് ജോയും ആന്‍റണി റൂസോയും ഇന്ത്യൻ സൂപ്പർ താരങ്ങളെ മാർവൽ സൂപ്പർ ഹീറോസിന്‍റെ റോളിലേക്ക് തെരഞ്ഞെടുത്തത്. പ്രീമിയറിനിടെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ആവേസ് സെയ്‌ദിയാണ് ഹോളിവുഡിൽ നിന്ന് തോറായും, ക്യാപ്‌റ്റൻ മാർവൽ ആയും ആരെ തെരഞ്ഞെടുക്കും എന്ന് ചോദിച്ചത്.
ഇതിനായി രൺവീറിന്‍റെയും ഹൃത്വിക് റോഷന്‍റെയും ചിത്രങ്ങൾ കാണിക്കുകയും തോറിന്‍റെ വേഷത്തിലേക്ക് ഒരു താരത്തെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. രണ്ട് താരങ്ങളും തോറിന്‍റെ വേഷത്തിന് അനുയോജ്യമാണെന്ന് പറഞ്ഞ റൂസോ ബ്രദേഴ്‌സ് ഒടുവിൽ രണ്‍വീറിനെ തെരഞ്ഞെടുക്കുകയായിരുന്നു.
പിന്നാലെ ക്യാപ്‌റ്റൻ മാർവെലിനെ തെരഞ്ഞെടുക്കുന്നതിനായി പ്രിയങ്ക ചോപ്രയുടേയും ദീപിക പദുക്കോണിന്‍റെയും ചിത്രങ്ങൾ കാണിച്ചു. എന്നാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ഇരുവരും പ്രിയങ്കയെ തെരഞ്ഞെടുക്കുകയായിരുന്നു. 'ഞങ്ങൾ പ്രിയങ്കയുടെ വലിയ ആരാധകര്‍ ആണെന്നാണ് ഇരുവരും പ്രതികരിച്ചത്.
'ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്. ഒരു പ്രോജക്‌റ്റിൽ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ട്. പ്രിയങ്കയുടെ ഒരു സീരീസ് ഞങ്ങൾ നിർമിക്കുന്നുണ്ട്', റൂസോ ബ്രദേഴ്‌സ് പറഞ്ഞു. റൂസോ ബ്രദേഴ്‌സിന്‍റെ 'സിറ്റാഡൽ' എന്ന സീരീസിലാണ് പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.