തൃശൂര്‍: തൃശൂരില്‍ ടി എന്‍ പ്രതാപന്‍റെ വിജയത്തോടെ മണ്ഡലം തിരിച്ച് പിടിച്ചിരിക്കുകയാണ് യുഡിഎഫ്. 93,633 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ടി എന്‍ പ്രതാപന്‍ വിജയിച്ചത്. വോട്ടെണ്ണൽ തുടങ്ങിയപ്പോള്‍ മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപൻ മുന്നേറിയത്. രാവിലെ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യു തോമസ് നേരിയ ലീഡ് നേടിയത്. പിന്നീട് രാജാജി മാത്യു തോമസിനെ രണ്ടാം സ്ഥാനത്താക്കി ലീഡ് നിലനിർത്തി പ്രതാപൻ തേരോട്ടം തുടരുകയായിരുന്നു. ഇതിനിടെ ഒരു തവണ മാത്രമാണ് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയത്.
തൃശൂരിന്‍റെ പ്രതാപം തിരികെ പിടിച്ച് ടി എന്‍ പ്രതാപന്‍ - kerala election
വ്യക്തമായ ആധിപത്യം പുലർത്തിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപൻ വിജയിച്ചത്.
വോട്ടെണ്ണൽ അവസാനിക്കുമ്പോൾ ടി എൻ പ്രതാപൻ 4,15,089 വോട്ടുകൾ നേടി യുഡിഎഫ് കോട്ട തിരിച്ചുപിടിച്ചു. എൽഡിഎഫ് സ്ഥാനാർഥി 3,21,456 വോട്ട് നേടി രണ്ടാമതെത്തിയപ്പോൾ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി 2,93,822 വോട്ടുകൾ നേടി ശക്തി തെളിയിച്ചു. എക്സിറ്റ് പോളുകളിൽ ഏറെയും തൃശൂരില്‍ യുഡിഎഫ് ജയസാധ്യതയായിരുന്നു പ്രവചിച്ചിരുന്നത്. അതേസമയം എൻഡിഎ സ്ഥാനാർഥിയായി സുരേഷ് ഗോപി എത്തിയത് യുഡിഎഫ് ക്യാമ്പിൽ ആശങ്ക പടർത്തിയിരുന്നു. കെപിസിസി യോഗത്തിൽ ഇത് സംബന്ധിച്ച് പ്രതാപൻ ആശങ്ക അറിയിച്ചതും വാർത്തയായിരുന്നു. എന്നാൽ ഡിസിസി പ്രസിഡന്‍റ് എന്ന നിലയിലെ പ്രവർത്തനവും ജില്ലയിലെ തീരദേശമടക്കമുള്ള പ്രദേശങ്ങളിൽ പ്രതാപനുള്ള ജനസമ്മിതിയും സംഘടനാ മികവും വിജയത്തിന് തിളക്കം കൂട്ടി. എന്നാൽ സിറ്റിംഗ് സീറ്റ് നിലനിർത്താൻ ഇറങ്ങിയ സിപിഐ സ്ഥാനാർഥി രാജാജി മാത്യു തോമസ് പ്രതാപന്‍റെ ജനസമ്മിതിക്ക് മുന്നിൽ പരാജയപ്പെടുകയായിരുന്നു. രാജാജി മാത്യു തോമസിന് ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചെങ്കിലും കണക്ക് കൂട്ടലുകള്‍ പിഴച്ചു. സിറ്റിംഗ് എംപിയായ സി എൻ ജയദേവനെ മാറ്റിയായിരുന്നു രാജാജിയെ തൃശൂരില്‍ മത്സരിപ്പിച്ചത്. മുൻ മന്ത്രി കെ പി രാജേന്ദ്രന് മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അദേഹത്തെ അവസാന നിമിഷം തഴഞ്ഞു. രാജാജിയുടെ തോൽവി സിപിഐയിലും എൽഡിഎഫിലും വലിയ ചർച്ചകൾക്ക് വഴിവയ്ക്കുമെന്നാണ് സൂചന.