തിരുവനന്തപുരം: വികസന പ്രശ്നങ്ങളും രാഷ്ട്രീയവും ചർച്ചചെയ്ത് തിരുവനന്തപുരം കോർപറേഷനിലെ പുത്തൻപള്ളി വാർഡിൽ കടുത്ത പോരാട്ടം. പുത്തൻപള്ളിയിലെ തങ്ങളുടെ കോട്ട ഉറച്ചതാണെന് എൽഡിഎഫ് ആവർത്തിക്കുമ്പോൾ വികസന മുരടിപ്പ് ആരോപിച്ചാണ് യുഡിഎഫിന്‍റെ പോരാട്ടം. ശക്തമായ മുന്നേറ്റം ഇത്തവണ ഉണ്ടാകുമെന്ന് എൻഡിഎയും വിശ്വസിക്കുന്നു.
തിരുവനന്തപുരം കോർപറേഷനിലെ പുത്തൻപള്ളി വാർഡിൽ കടുത്ത പോരാട്ടം
പാർവതി പുത്തനാറിലെ മാലിന്യപ്രശ്നമാണ് പ്രധാന പ്രചാരണ വിഷയം
2015 ൽ വനിതാ സംവരണ വാർഡാകുന്നതിന് മുമ്പ് രണ്ടു തവണ പുത്തൻപള്ളി വാർഡിനെ പ്രതിനിധീകരിച്ച എസ് സലിമാണ് എൽഡിഎഫ് സ്ഥാനാർഥി. കൗൺസിലർ ആയിരുന്നപ്പോഴും തുടർന്നും വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വീണ്ടും തുണയ്ക്കുമെന്നാണ് സ്ഥാനാർഥി പറയുന്നത്. എം ഇ അനസാണ് യുഡിഎഫിനു വേണ്ടി ഇറങ്ങുന്നത്. യുഡിഎഫ് സംവിധാനം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത് സ്ഥാനാർഥിക്ക് ആത്മവിശ്വാസമേകുന്നു. കൊവിഡ് കാലത്തെ രാഷ്ട്രീയത്തിനതീതമായ പ്രവർത്തനങ്ങളും വ്യക്തിബന്ധങ്ങളും തുണയ്ക്കും എന്നാണ് സ്ഥാനാർത്ഥി കരുതുന്നത്. വെള്ളക്കെട്ടും മാലിന്യപ്രശ്നങ്ങളും അടക്കം അടിസ്ഥാന വികസന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു മുന്നണികൾക്കും സാധിച്ചിട്ടില്ലെന്നാണ് എൻഡിഎയുടെ കുറ്റപ്പെടുത്തൽ. കേന്ദ്ര സർക്കാരിന്‍റെ ആനുകൂല്യങ്ങളൊന്നും വാർഡിൽ എത്തിയിട്ടില്ല. ഇതൊക്കെ മുന്നോട്ടുവച്ച് വലിയ മുന്നേറ്റം ഇത്തവണ ഉണ്ടാകുമെന്നാണ് സ്ഥാനാർഥി ബി എസ് ബാലു പറയുന്നത്.
പുത്തൻപള്ളി വാർഡിലെ സാധാരണക്കാരുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം പാർവതി പുത്തനാറിലെ മാലിന്യമാണ്. പതിവുപോലെ പാർവതി പുത്തനാറും ചർച്ചയാണ്. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ് വാർഡിലെ വോട്ടർമാരിൽ ഏറെയും. 11 പേർ മത്സരിക്കുന്ന വാർഡിൽ എൻഡിഎ സ്ഥാനാർഥി ഒഴികെയുള്ള പത്തുപേരും ന്യൂനപക്ഷക്കാരാണ്. കടുത്ത മത്സരം നടക്കുന്ന പുത്തന്‍പള്ളി വാര്‍ഡിലെ മത്സരഫലം എന്താകുമെന്ന ആകാംക്ഷയിലാണ് സ്ഥാനാര്‍ഥികള്‍.