കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ സിപിഎം വ്യാപകമായി കള്ളവോട്ടും അതിക്രമവും നടത്തിയതായി യുഡിഎഫ് ആരോപണം. തലശേരി നിയോജക മണ്ഡലത്തിലെ നാല്‍പ്പത്തിയഞ്ചിലധികം ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തെന്ന് തെളിവുകള്‍ നിരത്തിയാണ് യുഡിഎഫിന്‍റെ ആരോപണം. ബൂത്ത് ഏജന്‍റുമാരെ ഭീഷണിപ്പെടുത്തിയും ബൂത്തുകളില്‍ നിന്നും പിടിച്ചിറക്കിയുമാണ് കള്ളവോട്ടുകള്‍ ചെയ്തതെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എരഞ്ഞോളി, കതിരൂര്‍, പന്ന്യന്നൂര്‍, ചൊക്ലി, കോടിയേരി വില്ലേജുകളില്‍ വ്യാപക അക്രമമാണ് നടത്തിയത്. എരഞ്ഞോളി,കതിരൂര്‍ പഞ്ചായത്തുകളിലെ ഏഴ് വീതം ബൂത്തൂകളിലും തലശേരി നഗരസഭയില്‍ അഞ്ച് ബൂത്തുകളിലും, കോടിയേരിയിലെ ഒമ്പത് ബൂത്തുകളിലും അതിക്രമങ്ങളും കള്ളവോട്ടുകളും നടന്നിട്ടുണ്ട്. പന്ന്യാന്നൂര്‍ പഞ്ചായത്തിലെ ആറ് ബൂത്തുകളിലും ചൊക്ലിയില്‍ 15 ബൂത്തുകളിലും അതിക്രമങ്ങള്‍ ഉണ്ടായെന്നും യുഡിഎഫ് ആരോപിച്ചു.
വടകരയില്‍ സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ കള്ളവോട്ടെന്ന് യുഡിഎഫ് ആരോപണം
തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തില്‍ വോട്ടുചേര്‍ക്കാനും നീക്കം ചെയ്യാനും സിപിഎം അനുകൂല ബൂത്ത് തല ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നും യുഡിഎഫ്.
പന്ന്യാന്നൂര്‍ പഞ്ചായത്തംഗം അഞ്ജന 122-ാം ബൂത്തില്‍ നാല് കള്ളവോട്ടുകള്‍ ചെയ്തെന്നും ചൊക്ലി പഞ്ചായത്ത് പ്രസിഡന്‍റായ രാജേഷ് വിവിധ ബൂത്തുകളില്‍ കയറി കള്ളവോട്ടിന് നേതൃത്വം നല്‍കിയെന്നും നേതാക്കള്‍ ആരോപിച്ചു. പ്രവാസികളുടേത് ഉള്‍പ്പെടെയുള്ള വോട്ടുകള്‍ ചെയ്തതായും ആരോപണമുണ്ട്. തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തില്‍ വോട്ടുചേര്‍ക്കാനും നീക്കം ചെയ്യാനും സിപിഎം അനുകൂല സംഘടനാ പ്രതിനിധികളായ ബൂത്ത് തല ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. ഇത്തരം സംഭവങ്ങളില്‍ ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.